ദിവ്യബലി വായനകൾ – Thursday of the 3rd week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 11/3/2021

Thursday of the 3rd week of Lent – Proper Readings 
(see also The Samaritan Woman)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.
ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലും
ഞാന്‍ അവരെ ശ്രവിക്കുകയും
ഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസം
എത്ര കൂടുതല്‍ ആസന്നമാകുന്നുവോ,
അത്ര കൂടുതല്‍ ഭക്തിയോടെ പെസഹാ രഹസ്യം ആഘോഷിക്കാന്‍
ഞങ്ങള്‍ മുന്നേറുന്നതിനുവേണ്ടി
മഹാപ്രതാപവാനായ അങ്ങയോട് താഴ്മയോടെ അപേക്ഷിക്കുന്നു.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 7:23-28
അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല.

കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്റെ വാക്ക് അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുക പോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്മാരെക്കാളധികം തിന്മചെയ്തു. ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല. നീ അവരോട് പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍ നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 95:1-2, 6-7, 8-9

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,
ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:14-23
എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്.

അക്കാലത്ത്, യേശു ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. വേറെ ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും. സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെ കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. ബേല്‍സെബൂലിനെ കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. എന്നാല്‍, ദൈവകരം കൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തന്‍ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്. എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
അങ്ങേക്കു പ്രീതികരമായിരിക്കുന്നതിനു വേണ്ടി
എല്ലാ പാപമാലിന്യങ്ങളുടെയും സ്പര്‍ശനത്തില്‍നിന്ന്
അവരെ ശുദ്ധീകരിക്കണമേ.
അങ്ങേ സത്യത്തിന്റെ സമ്മാനങ്ങള്‍ ലഭിക്കുമെന്ന്
അങ്ങു വാഗ്ദാനം നല്കിയവരെ,
തെറ്റായ സന്തോഷങ്ങളില്‍ മുഴുകാന്‍
അനുവദിക്കാതിരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങു കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കാന്‍
എന്റെ വഴികള്‍ തെളിക്കപ്പെട്ടിരുന്നെങ്കില്‍!

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യങ്ങളും ജീവിതരീതികളും വഴി
അങ്ങേ രക്ഷയുടെ ഫലം ഞങ്ങള്‍ സ്വാംശീകരിക്കാന്‍ വേണ്ടി
കൂദാശകളാല്‍ അങ്ങു പരിപോഷിപ്പിക്കുന്നവരെ
അങ്ങേ സഹായത്താല്‍ കാരുണ്യപൂര്‍വം ഉയര്‍ത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദയയില്‍ ആശ്രയിച്ചുകൊണ്ട്
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഞങ്ങള്‍ എന്തായിരിക്കുന്നുവോ
അത് അങ്ങില്‍നിന്നു ഞങ്ങള്‍ക്കു ലഭിക്കുന്നപോലെ,
അങ്ങേ കൃപയാല്‍ ശരിയായവ ആഗ്രഹിക്കാനും
ആഗ്രഹിക്കുന്ന നന്മചെയ്യാനും പ്രാപ്തരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵

Leave a comment