അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – മാർച്ച് 19 വിശുദ്ധ യൗസേപ്പ് പിതാവ്‌

⚜️⚜️⚜️⚜️ March 19 ⚜️⚜️⚜️⚜️
വിശുദ്ധ യൗസേപ്പ് പിതാവ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത് വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു.

ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തേക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമായിരിക്കാം വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ യാതനയുടെ ഈ നിമിഷത്തില്‍ വിശുദ്ധ യൗസേപ്പ് തന്റെ മഹത്വം പ്രകടമാക്കി. യൌസേപ്പ് പിതാവിന്റെ സഹനങ്ങളും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പില്‍ കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. കന്യകയില്‍ നിന്നുമുള്ള മിശിഹായുടെ ദൈവീക ജനനത്തിനു എല്ലാക്കാലത്തേക്കും അദ്ദേഹം ഒരു വിശ്വസ്ത സാക്ഷിയായിരുന്നു.

വിശുദ്ധ യൗസേപ്പിന്റെ മരണത്തേക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നും തന്നെ പറയുന്നില്ല, എന്നിരുന്നാലും യേശുവിന്റെ പരസ്യജീവിതത്തിനു മുന്‍പായി അദ്ദേഹം മരണമടഞ്ഞിരിക്കാം. യേശുവിന്റേയും മാതാവിന്റേയും കൈകളില്‍ കിടന്നുകൊണ്ടുള്ള ഒരു മനോഹരമായ മരണമായിരിന്നു അദ്ദേഹത്തിന്റേതെന്ന് ചരിത്രകാരന്മാർ പറയുന്നു. എളിമയോടും, ആരാലും അറിയപ്പെടാതേയും നസറത്തില്‍ ജീവിച്ചു, ഒടുവിൽ നിശബ്ദനായി അദ്ദേഹം മരണപെട്ടപോളും, സഭാചരിത്ര താളുകളുടെ പിൻതാളുകളിൽ മാത്രമായി അദ്ദേഹം ഒതുങ്ങി. പതിനഞ്ചാം നൂറ്റാണ്ട് മുതലാണ്‌ യൗസേപ്പ് പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ്‌ നല്‍കപ്പെട്ടത്. ഇതിനു ശേഷമുള്ള കാലങ്ങളിലാണ് വലിയ രീതിയിലുള്ള ആദരവ്‌ അദ്ദേഹത്തിന് നല്‍കപ്പെട്ടു തുടങ്ങിയത്. സീഡനിലെ വിശുദ്ധ ബ്രിജിഡും, സിയന്നായിലെ ബെര്‍ണാഡിനും, വിശുദ്ധ തെരേസായും അദ്ദേഹത്തോടുള്ള വണക്കം പ്രചരിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തു.

ആഗോള കത്തോലിക്ക സഭ, യൗസേപ്പ് പിതാവിന്റെ ആദരണാര്‍ത്ഥം രണ്ട്‌ വലിയ തിരുനാളുകള്‍ ആഘോഷിക്കപ്പെടുന്നു. ഒന്നാമത്തേത് മാര്‍ച്ച് 19നാണ്. ഈ ദിവസത്തെ തിരുനാളില്‍ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പ് പ്രക്രിയയില്‍ വിശുദ്ധനുള്ള പങ്കിനെപ്പറ്റി നാം അനുസ്മരിക്കുന്നു. മെയ്‌ 1ന് ആഘോഷിക്കപ്പെടുന്ന രണ്ടാമത്തെ തിരുനാളില്‍ ലോകം മുഴുവനുമുള്ള തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനെ അനുസ്മരിക്കുകയും, സാമൂഹ്യവ്യവസ്ഥതിയില്‍ മാനുഷിക അവകാശങ്ങളെയും, കടമകളെയും പക്ഷപാതരഹിതമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അദ്ദേഹത്തോട് മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു. ആഗോള സഭയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൌസേപ്പ് പിതാവ്. അദ്ദേഹം മരിക്കുമ്പോള്‍ യേശുവും, മറിയവും മരണകിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്. കൂടാതെ പിതാക്കന്‍മാരുടേയും, മരപ്പണിക്കാരുടേയും, സാമൂഹ്യനീതിയുടേയും മദ്ധ്യസ്ഥനായി അദ്ദേഹത്തെ കണക്കാക്കുന്നു. വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തില്‍ നിരവധി സന്യാസീ-സന്യാസിനീ സമൂഹങ്ങളുണ്ട്.

വിശുദ്ധ യൗസേപ്പിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങള്‍:

അമേരിക്ക, ഓസ്ട്രിയ, ബാറ്റണ്‍ റോഗ് അതിരൂപത, ലൂയിസിയാന, കാലിഫോര്‍ണിയ, ബെല്‍ജിയം; ബൊഹേമിയ, ബര്‍സാര്‍സ്, കാനഡാ, ക്രൊയേഷ്യന്‍ ജനത (1687ല്‍ ക്രൊയേഷ്യന്‍ പാര്‍ലിമെന്റിന്റെ ഉത്തരവനുസരിച്ച്), ഫ്ലോറെന്‍സ്, ഇറ്റലി, കൊറിയ, ലാ ക്രോസ്സെ രൂപത, വിസ്കോണ്‍സിന്‍, ലൂയീസ്‌വില്ലെ അതിരൂപത, കെന്റക്കി, മാഞ്ചസ്റ്റര്‍ രൂപത, ന്യൂ ഹാംപ്ഷയര്‍, മെക്സിക്കോ, നാഷ്വില്ലെ രൂപത, ടെന്നെസീ, ന്യൂ ഫ്രാന്‍സ്‌, ന്യൂ വേള്‍ഡ്‌, ഒബ്‌ലേറ്റ്സ് ഓഫ് സെന്റ്‌ ജോസഫ് സഭ, സാന്‍ ജോസ്‌ രൂപതസിയൂക്സ്‌ ഫാള്‍സ് രൂപത, സൗത്ത്‌ ദക്കോട്ടസിറിയ, ഓസ്ട്രിയ, ഇറ്റലിയിലെ ടൂറിന്‍, ഓസ്ട്രിയയിലെ ടിറോള്‍, വെര്‍ജീനീയയിലെ പടിഞ്ഞാറന്‍ ചാള്‍സ്റ്റോണ്‍,

വിശുദ്ധ യൗസേപ്പിന്റെ മദ്ധ്യസ്ഥതയ്ക്കു സമര്‍പ്പിച്ചിരിക്കുന്ന മേഖലകള്‍:

സംശയം മടി മുതലായവ അടിമപെട്ടവര്‍ക്ക്, പെട്ടി നിര്‍മ്മാതാക്കള്‍, , മരാശാരിമാര്‍, കരകൗശലക്കാര്‍, മരണശയ്യയില്‍ കിടക്കുന്നവര്‍, അന്യദേശത്ത് താമസിക്കുന്നവര്‍, എഞ്ചിനീയര്‍മാര്‍, ഗര്‍ഭിണികളുടെ, കുടുംബങ്ങളുടെ, പിതാക്കന്‍മാര്‍, യോഗ്യമായ മരണത്തിന്, വിശുദ്ധ മരണത്തിന്, ഭവനം നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, ആന്തരിക ആത്മാക്കളുടെ, തൊഴിലാളികള്‍, ആശയക്കുഴപ്പത്തിലുള്ളവര്‍, കമ്മ്യൂണിസത്തിനെതിരെ പോരാടുന്നവര്‍, പെറു, വഴിയൊരുക്കുന്നവര്‍, തിരുസഭയുടെ സംരക്ഷണത്തിന്, സാമൂഹ്യ നീതി, യാത്ര ചെയ്യുന്നവര്‍, ജനിക്കാനിരിക്കുന്ന കുട്ടികള്‍, ആഗോള സഭ, വത്തിക്കാന്‍ II, വിയറ്റ്നാം, വീലിംഗ് രൂപത, വീല്‍റൈറ്റ്‌സ്, തൊഴിലാളികള്‍, തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മാക്ക് സ്ട്രിക്റ്റിലെ അഡ്രിയന്‍

2. നോര്‍ത്ത് അമ്പ്രിയായിലെ അല്‍ക്മുണ്ട്

3. ലാന്‍ട്രോ ആള്‍ഡും അമാന്‍സിയൂസും

4. അയര്‍ലന്‍റിലെ ഔക്സീലിയൂസ്

5. ആല്‍സെസിലെ ജേമൂസ്

6. പിന്നായിലെ ജോണ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)

വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ക്ഷണമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള ജനനമാണ്‌. നമുക്ക് മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ്‌ മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കി.

വിശുദ്ധ യൗസേപ്പിനെ മിശിഹായുടെ പരസ്യജീവിത കാലത്തു നാം ഒരിക്കലും ദര്‍ശിക്കുന്നില്ല. തന്നിമിത്തം അദ്ദേഹം ഈശോയുടെ രഹസ്യജീവിത പരിസമാപ്തിയോടടുത്ത് മരണമടഞ്ഞിരിക്കണമെന്നാണ് കരുതുന്നത്. വിശുദ്ധ യൗസേപ്പിന്‍റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പാപമോ ലൗകിക സമ്പത്തോ സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്‍റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച് അതും ഒരു സ്നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്‍റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്.

ഒരു വ്യക്തിയുടെ ജീവിതവിജയം ഒരു നല്ല മരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. മരണ സമയത്ത് വരപ്രസാദാവസ്ഥയിലാണ് ആത്മാവെങ്കില്‍ മരണം ഒരിക്കലും ഭയാനകമല്ല. പാപവും ലൗകിക സമ്പത്തിനോടുള്ള അതിരുകടന്ന സ്നേഹവുമാണ് പലപ്പോഴും മരണത്തെ ഭയാനകമാക്കുന്നത്.

ഒരു കൃസ്ത്യാനി ഉത്തമ ക്രിസ്ത്യാനിയായി ജീവിച്ചതു കൊണ്ട് ഒരിക്കലും മരണ സമയത്ത് ഖേദിക്കേണ്ടതായി വന്നിട്ടില്ലായെന്ന്‍ ആംഗ്ലേയ സാഹിത്യകാരനായ ഹില്ലയര്‍ബല്ലക്ക് പ്രസ്താവിച്ചിട്ടുണ്ട്. നേരെമറിച്ച്, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാതെ ജീവിതാന്തസ്സിന്‍റെ കടമകള്‍ ശരിയായി നിര്‍വഹിക്കാതിരുന്നവര്‍ ജീവിതത്തെ പഴാക്കി കളഞ്ഞവര്‍ മരണസമയത്ത് ഓരോ മനുഷ്യാത്മാവും അന്തിമമായ തെരഞ്ഞെടുപ്പ് നടത്തും. ജീവിതകാലത്ത് ചെയ്തിട്ടുള്ള സകല പ്രവൃത്തികളും വിചാരങ്ങളും എല്ലാം അതില്‍ സ്വാധീന ശക്തി ചെലുത്തും. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ദൈവത്തിനും ഈശോമിശിഹായ്ക്കും സംപ്രീതിജനകമായവ മാത്രം പ്രവര്‍ത്തിച്ചു. പ. കന്യകയെ സ്നേഹിച്ചിരുന്നു. അയല്‍വാസികളെയും സ്നേഹിച്ചു. ദൈവോന്മുഖമായ ജീവിതമാണ് നയിച്ചിരുന്നത്. തന്നിമിത്തമത്രേ സൗഭാഗ്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു മരണം കൈവരിച്ചത്. ജീവിതം എപ്രകാരമാണോ അപ്രകാരമായിരിക്കും മരണം.

സംഭവം
🔶🔶🔶🔶

കേരളത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ഒരു പ്രശസ്ത ദൈവാലയത്തിലെ വൈദികന്‍റെ സാക്ഷ്യമാണ് താഴെ കാണുന്നത്. മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വര്‍ഷം തോറും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദൈവാലയത്തില്‍ രണ്ടു ചാക്കുകള്‍ നിറയെ അരിയുമായി ഒരു മോട്ടോര്‍ കാറില്‍ ഒരു കുടുംബം എത്തി. അവര്‍ പറഞ്ഞ സാക്ഷ്യമാണിത്. അവര്‍ അവരുടെ മത്സ്യബന്ധന ബോട്ട് കടലിലിറക്കിയ ദിവസം അതിന് സെന്‍റ് ജോസഫ് എന്നു പേരു നല്‍കി പ്രതിഷ്ഠിച്ചു. തങ്ങളുടെ ബോട്ടിനും അതില്‍ പണിയെടുക്കുന്ന പക്ഷം യാതൊരപകടവും ഉണ്ടാകാതിരിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിവസം ഒരു ചാക്ക് അരി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു നേര്‍ച്ച.മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ഒരു ദിവസം പുറംകടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ നാല് ബോട്ടുകളില്‍ ഒന്ന്‍ സെന്‍റ് ജോസഫ് ആയിരുന്നു. കനത്ത കാറ്റും മഴയും കടലിലുണ്ടായി. കടല്‍ക്ഷോഭം കൊണ്ട് ബോട്ടുകള്‍ ഇളകി മറിഞ്ഞു. മൂന്നു ബോട്ടുകളും തിരമാലകളില്‍പ്പെട്ടു തകര്‍ന്നതാണ്. അവയിലുണ്ടായിരുന്ന ആളുകള്‍ നീന്തി. പതിമൂന്നു പേര്‍ക്ക് ജീവാപായം സംഭവിച്ചു. സെന്‍റ് ജോസഫ് ബോട്ടു മാത്രം മറിയാതെ രക്ഷപെട്ടു. മറ്റു ബോട്ടുകളില്‍ കയറിയിരുന്ന ഹതഭാഗ്യരില്‍ ശേഷിച്ചവരെ സെന്‍റ് ജോസഫ് ബോട്ടിലെ ആളുകള്‍ രക്ഷപെടുത്തി. മാര്‍ യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയാല്‍ തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്താല്‍ സന്തുഷ്ടചിത്തരായ അവര്‍ നേരത്തെ നേര്‍ച്ച നേര്‍ന്നതിനു പുറമെ ഒരു ചാക്ക് അരി കൂടി ആ വിശുദ്ധന്‍റെ സ്തുതിക്കായി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുവാന്‍ തയ്യാറായി.

ജപം
🔶🔶

ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ.

ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം
🔶🔶🔶

എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്‍റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന്‍ വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ.

അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

ദൈവമേ, എന്നില്‍നിന്ന്‌ അകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
സങ്കീര്‍ത്തനങ്ങള്‍ 71 : 12

Advertisements

പ്രഭാത പ്രാർത്ഥന..🙏


ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കൽപ്പിച്ചതു പോലെ പ്രവർത്തിച്ചു.. (മത്തായി : 1/24)
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ..

മാനവകുലത്തിന്റെ രക്ഷയ്ക്കു വേണ്ടിയും പ്രവാചകൻ വഴി അരുളിച്ചെയ്ത കാര്യങ്ങൾ പൂർത്തിയാകുന്നതിനു വേണ്ടിയും പുത്രനെ അയക്കുവാൻ ദൈവം തിരുമനസ്സായപ്പോൾ ദൈവകുമാരന്റെ വളർത്തു പിതാവായി അങ്ങയേ തിരഞ്ഞെടുത്തതിനെയോർത്തും, ഞങ്ങളുടെ പ്രിയപ്പെട്ട സ്വർഗ്ഗീയ മധ്യസ്ഥനും പിതാവുമായി അങ്ങയേ ഞങ്ങൾക്കു നൽകിയതിനെയോർത്തും ദൈവത്തിനു നന്ദിയർപ്പിക്കുകയും,അങ്ങയോടുള്ള സ്നേഹത്തെപ്രതി ഭൂസ്വർഗ്ഗവാസികളുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു. പിതാവേ.. പലപ്പോഴും ഞങ്ങളുടെ കുടുംബജീവിതത്തോട് ആത്മാർത്ഥമായി നീതി പുലർത്താനോ, വിശ്വസ്ഥതയിൽ നിലനിൽക്കാനോ,അധ്വാനത്തിന്റെ മഹത്വമറിഞ്ഞ് കുടുംബം പുലർത്താനോ ഞങ്ങൾക്കു കഴിയാറില്ല. എന്റെ കുടുംബത്തിൽ മാതൃകയാകേണ്ട ഞാൻ തന്നെ പല ദുശീലങ്ങൾക്കും അടിമപ്പെട്ടു പോകുന്നതു വഴി എന്റെ കുടുംബത്തിന്റെ നിലനിൽപ്പിനെ തന്നെ തകർത്തു കളയുന്നു.. വിശ്വസ്ഥതയിൽ നിലനിർത്തി കൊണ്ടു പോകേണ്ട ദാമ്പത്യത്തിന്റെ വിശുദ്ധിയിലേക്ക് പലപ്പോഴും ഒരു തമാശയിൽ തുടങ്ങുന്ന അവിശുദ്ധമായ ബന്ധങ്ങൾ മൂലം വിശ്വാസത്തകർച്ചയുണ്ടാവുകയും.. കുടുംബജീവിതത്തിന് കോട്ടം സംഭവിക്കുകയും ചെയ്യുന്നു. അധ്വാനത്തിന്റെ വിയർപ്പണിഞ്ഞ് സമ്പാദിക്കുന്ന ധനം എന്റെ കുടുംബത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിക്കാതെ എന്റെ സ്വന്തം സുഖതാല്പര്യങ്ങൾക്കു വേണ്ടി ചെലവഴിച്ചു കൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയ്ക്കു പോലും ഞാൻ കാരണക്കാരനാകുന്നു..

യൗസേപ്പിതാവേ.. ഞങ്ങൾക്ക് ദാനമായി കിട്ടിയ കുടുംബജീവിതത്തിന്റെ വിളിയുടെ പരിശുദ്ധി തിരിച്ചറിഞ്ഞു കൊണ്ട് അനുയോജ്യമായ ജീവിതം നയിക്കുവാൻ ഞങ്ങളെ പ്രാപ് ത്തരാക്കേണമേ.. ഞങ്ങളുടെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന തിന്മപ്രവൃത്തികളുടെ പാപനിദ്രയിൽ ആഴ്ന്നു പോകാതെ വിശുദ്ധിയുടെ ഉണർവ്വോടെ ദൈവസ്വരത്തിനു കാതോർക്കാനും.. ദൈവഹിതത്തിനു കീഴ്പ്പെട്ടു കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താനും ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കുകയും, നന്മരണ മദ്ധ്യസ്ഥനായ അങ്ങ് ഞങ്ങളുടെ മരണസമയത്ത് ശക്തിയും തുണയുമായി അരികിലണഞ്ഞ് ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ..

വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ..ആമേൻ 🙏

Advertisements

നോമ്പുകാല വിചിന്തനം-30
വി. മത്തായി 1 : 18 – 25


തിരുക്കുടുംബത്തിന്റെയും തിരുസ്സഭയുടെയും സംരക്ഷകനായ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിവസമാണിന്ന്. പതിനഞ്ചാം നൂറ്റാണ്ടിൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പയാണ് ഈ ദിവസം വി.യൗസേപ്പിന്റെ തിരുനാളായി പ്രഖ്യാപിച്ചത്.1870 ൽ ഒൻപതാം പീയൂസ് പാപ്പ സാർവ്വത്രിക സഭയുടെ സംരക്ഷകനായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. നസ്രത്തിലെ തിരുക്കുടുംബാംഗങ്ങളും പരമപരിശുദ്ധരുമായ ഈശോയുടെയും മറിയത്തിന്റെയും സാന്നിദ്ധ്യത്തിലും സാമീപ്യത്തിലും യൗസേപ്പിതാവിനു മരണം കൈവരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹം നന്മരണമധ്യസ്ഥനുമായി അറിയപ്പെടുവാൻ ഇടയായതു്. വേദപുസ്തകവും സഭാപ്രബോധനങ്ങളും ഒട്ടേറെ അപദാനങ്ങളാൽ വി.യൗസേപ്പിതാവിനെ പ്രകീർത്തിക്കുന്നുണ്ടെങ്കിലും ഈശോയെയും മറിയത്തെയുംപോലെ അദ്ദേഹമൊരിക്കലും മഹത്വത്തിന്റെ സിംഹാസനത്തിൽ ആരൂഢനാകുന്നതായി പറയുന്നില്ല. അഗാധ മൗനത്തിന്റെ വല്മീകത്തിലിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിക്കുന്നവനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നിരുന്നാലും വി. യൗസേപ്പിതാവ് തിരുക്കുടുംബത്തിലെന്നപോലെ സഭയിലും സദാ സന്നിഹിതനാണ്. അദ്ദേഹത്തിന്റെ മൗനം അതിവാചാലമാണ്. ദൈവപുത്രന്റെ മനുഷ്യാവതാരരഹസ്യം മാലാഖവഴി അറിയാനിടയായപ്പോൾ അദ്ദേഹം വാക്കുകൾകൊണ്ടൊന്നും പ്രതികരിച്ചില്ലെങ്കിലും മൗനംകൊണ്ട്തന്നെ വിധേയത്വവും അനുസരണവും പ്രകടിപ്പിക്കുകയും ദൃഢമായി അതിൽ വിശ്വസിക്കുകയുമാണുണ്ടായത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ വിശുദ്ധൻ നിർവ്വഹിച്ച നിസ്വാർത്ഥവും നിസ്തുലവുമായ ഭാഗഭാഗിത്വത്തെ വിലമതിച്ചുകൊണ്ടാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പ ‘രക്ഷകന്റെ സംരക്ഷകൻ’ (Redemptoris Custos) എന്ന അപ്പസ്തോലികലേഖനം പ്രസിദ്ധീകരിച്ചത്. പിന്നീട് വന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ വി.യൗസേപ്പിതാവിന്റെ പേര് ആരാധനാക്രമ (Liturgy) ത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഫ്രാൻസീസ് പാപ്പയാകട്ടെ വിശുദ്ധന്റെ വാത്സല്യമാർന്ന പിതൃസ്നേഹത്തെ മുൻ നിർത്തി ‘ പിതൃഹൃദയം’ ‘(Patris Corde) എന്നപേരിൽ അപ്പസ്തോലിക ലേഖനമെഴുതി ആദരിക്കുകയും ചെയ്തു. ഇതിനൊക്കെപ്പുറമെ ലോകചരിത്രത്തിലാദ്യമായി വി.യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു വെളിപാടു ഗ്രന്ഥവും പ്രസിദ്ധീകൃതമായി. “വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര” (The Life of St. Joseph) എന്നാണതിന്റെ പേര്. ഒരു ബനഡിക്ടൈൻ സന്യാസാധിപയായ സി. മരിയ സിസിലിയ ബയ്ജിന് ലഭിച്ച വെളിപ്പെടുത്തലുകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ദൈവഹിതമെന്തെന്നറിഞ്ഞും അതിനു വിധേയപ്പെട്ടും സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നിശ്ശബ്ദ സേവനം ചെയ്ത വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ഓരോ കുടുംബത്തിന്റെയും മദ്ധ്യസ്ഥനായി സ്വീകരിച്ചു കൊണ്ട് പ്രാർത്ഥിക്കാം. ഏവർക്കും തിരുനാൾ ആശംസകൾ നേരുന്നു.

ഫാ. ആന്റണി പൂതവേലിൽ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s