ദിവ്യബലി വായനകൾ – Divine Mercy Sunday (2nd Sunday of Easter) 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 11/4/2021


Divine Mercy Sunday (2nd Sunday of Easter) 

Liturgical Colour: White.

പ്രവേശകപ്രഭണിതം

1 പത്രോ 2:2

രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്
നവജാതശിശുക്കളെപ്പോലെ പരിശുദ്ധവും
ആത്മീയവുമായ പാലിനുവേണ്ടി ദാഹിക്കുവിന്‍, അല്ലേലൂയാ.


Or:
എസ്രാ 2:36-37

സ്വര്‍ഗീയ രാജ്യത്തിലേക്ക് നിങ്ങളെ വിളിച്ചവനായ
ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട്,
നിങ്ങളുടെ മഹത്ത്വത്തിന്റെ സന്തോഷം സ്വീകരിക്കുവിന്‍, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,
പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെ
അങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസം
അങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;
ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.
അങ്ങനെ, ഏതു നീര്‍ത്തൊട്ടിയാല്‍ അവര്‍ ശുദ്ധീകൃതരായെന്നും
ഏതാത്മാവാല്‍ നവജന്മം പ്രാപിച്ചവരായെന്നും
ഏതുരക്തത്താല്‍ രക്ഷിക്കപ്പെട്ടവരായെന്നും
ഉചിതമായ ബുദ്ധിശക്തിവഴി എല്ലാവരും ഗ്രഹിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 4:32-35
വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു.

വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പോസ്തലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പോസ്തലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 118:2-4,13-15,22-24

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
ഇസ്രായേല്‍ പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
അഹറോന്റെ ഭവനം പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
കര്‍ത്താവിന്റെ ഭക്തന്മാര്‍ പറയട്ടെ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാല്‍, അവിടുന്ന് എന്നെ മരണത്തിനേല്‍പിച്ചില്ല.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

രണ്ടാം വായന

1 യോഹ 5:1-6b
ദൈവത്തില്‍ നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു.


യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്.
പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍
ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍,
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം.
അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.
എന്തെന്നാല്‍, ദൈവത്തില്‍ നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു.
ലോകത്തിന്മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം.
യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ
മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു.
ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്.
ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.


അനുക്രമഗീതം


വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


യോഹ 20:19-31
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നു.

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ ജനത്തിന്റെ
(നവജന്മം പ്രാപിച്ചവരുടെയും),
കാണിക്കകള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, അങ്ങേ നാമത്തിന്റെ പ്രഖ്യാപനത്താലും
ജ്ഞാനസ്‌നാനത്താലും നവീകൃതരായി,
അവര്‍ നിത്യാനന്ദം പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 20:27

നിന്റെ കൈ നീട്ടുകയും ആണിപ്പഴുതുകള്‍ തൊട്ടറിയുകയും ചെയ്യുക.
അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക, അല്ലേലൂയാ.


ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പെസഹാരഹസ്യത്തിന്റെ സ്വീകരണം
ഞങ്ങളുടെ മനസ്സുകളില്‍ നിരന്തരം നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment