ദിവ്യബലി വായനകൾ – Thursday of the 2nd week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 15/4/2021

Thursday of the 2nd week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 68:8-9,20

ദൈവമേ, അങ്ങ് അങ്ങേ ജനത്തിന്റെ മുമ്പില്‍ നീങ്ങിയപ്പോള്‍,
അവര്‍ക്കു വഴികാണിക്കുകയും
അവരോടൊത്തു വസിക്കുകയും ചെയ്തപ്പോള്‍
ഭൂമി കുലുങ്ങുകയും ആകാശം മഴ ചൊരിയുകയും ചെയ്തു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ലോകരക്ഷയ്ക്കു വേണ്ടി
പെസഹാരഹസ്യം അങ്ങ് നിവര്‍ത്തിച്ചുവല്ലോ.
അങ്ങേ ജനത്തിന്റെ അപേക്ഷകളില്‍ സംപ്രീതനാകണമേ.
ഞങ്ങളുടെ പ്രധാനപുരോഹിതനായ ക്രിസ്തു
ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചുകൊണ്ട്,
ഞങ്ങളോടുള്ള അവിടത്തെ സാദൃശ്യംവഴി
ഞങ്ങളെ രമ്യതപ്പെടുത്തുകയും
അങ്ങയോടുള്ള സമാനതയാല്‍ ഞങ്ങളെ
പാപരഹിതരാക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 5:27-33
ഈ സംഭവങ്ങള്‍ക്കു ഞങ്ങളും പരിശുദ്ധാത്മാവും സാക്ഷികളാണ്.

പ്രധാന പുരോഹിതന്‍ അപ്പോസ്തലന്മാരോടു പറഞ്ഞു: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പോസ്തലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി. ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.
ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പോസ്തലന്മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:1,8,16-17,18-19

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ
അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്,
അവയില്‍ നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 3:31-36
പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു.

സ്നാപക യോഹന്നാന്‍ തന്റെ ശിഷ്യരോട് പറഞ്ഞു: ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങേ പക്കലേക്ക് ഉയരട്ടെ.
അങ്ങേ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 28:20

ഇതാ, യുഗാന്തം വരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍ അങ്ങ് ഞങ്ങളെ
നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.
പെസഹാ രഹസ്യത്തിന്റെ ഫലങ്ങള്‍
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി
ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment