ദിവ്യബലി വായനകൾ – Saturday of the 3rd week of Eastertide / Saint Fidelis of Sigmaringen

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 24/4/2021

Saturday of the 3rd week of Eastertide 
or Saint Fidelis of Sigmaringen, Priest, Martyr 

Liturgical Colour: White.

പ്രവേശകപ്രഭണിതം

കൊളോ 2:12

ജ്ഞാനസ്‌നാനംവഴി നിങ്ങള്‍ ക്രിസ്തുവിനോടൊപ്പം സംസ്‌കരിക്കപ്പെട്ടു;
മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച
ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം
നിങ്ങള്‍ അവനോടു കൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങില്‍ വിശ്വസിച്ചവരെ
ജ്ഞാനസ്‌നാനത്തിന്റെ നീരുറവയാല്‍ അങ്ങ് നവീകൃതരാക്കിയല്ലോ.
ക്രിസ്തുവില്‍ നവജന്മം പ്രാപിച്ച ഇവര്‍ക്ക് ഈ സംരക്ഷണം നല്കണമേ.
അങ്ങനെ, എല്ലാ പാപങ്ങളുടെയും പ്രവണതകള്‍ പരാജയപ്പെടുത്തി,
അങ്ങേ അനുഗ്രഹത്തിന്റെ കൃപ
വിശ്വസ്തതയോടെ അവര്‍ കാത്തുസൂക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 9:31-42
സഭ ശക്തിപ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്‍കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു.

യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുളവായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്‍കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു.
പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി. അവിടെ ഐനെയാസ് എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു. പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന്‍ എഴുന്നേറ്റു. ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കര്‍ത്താവിലേക്കു തിരിഞ്ഞു.
യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈ പേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു. ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെ നിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെ നിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ച വസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനു ശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു. ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 116:12-13, 14-15, 16-17

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും?
or
അല്ലേലൂയ!

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തുപകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും?
or
അല്ലേലൂയ!

അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും?
or
അല്ലേലൂയ!

കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും?
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:60-69
കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.

യേശുവിന്റെ പ്രബോധനം കേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു. അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍ നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ സഹായത്താല്‍
സ്വീകരിച്ചവ അവര്‍ നഷ്ടപ്പെടുത്താതിരിക്കാനും
നിത്യമായ ദാനങ്ങളിലേക്ക് എത്തിച്ചേരാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 17: 20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവേ, അവര്‍ നമ്മില്‍ ആയിരിക്കുന്നതിനും
അങ്ങനെ അവിടന്ന് എന്നെ അയച്ചുവെന്ന്
ലോകം വിശ്വസിക്കുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തര കാരുണ്യത്താല്‍ വീണ്ടെടുത്തവരെ
കാത്തുപാലിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ പീഡാസഹനത്താല്‍ രക്ഷിക്കപ്പെട്ടവര്‍
അവിടത്തെ ഉത്ഥാനത്തില്‍ ആനന്ദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment