തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെയും മതജീവിതത്തിന്റെയും കേന്ദ്രങ്ങളായിരുന്നതും മുസ്‌ലീം അധിനിവേശത്തില്‍ തകര്‍ന്നുപോയതുമായ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍.

♦️അന്ത്യോക്യ

ഗ്രീക്ക്‌ സംസ്‌ക്കാരത്തിന്റെ ഒരു കേന്ദ്രവും റോമാ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളില്‍ മൂന്നാമത്തേതുമായിരുന്നു അന്ത്യോക്യ. ഇപ്പോള്‍ ഈ സ്ഥലം തുര്‍ക്കിയിലാണ്‌. ഇവിടെവച്ചാണ്‌ ക്രിസ്‌തുവിന്റെ അനുയായികള്‍ ആദ്യമായി `ക്രിസ്‌ത്യാനികള്‍’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌.

സഭാപിതാവായ `അന്ത്യോക്യയിലെ ഇഗ്നേഷ്യസ്‌’ അന്ത്യോക്യയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു.
എഡി 270-ല്‍ അന്ത്യോക്യയില്‍ ഒരു തിയോളജിക്കല്‍ പഠനകേന്ദ്രം (Theological School of Antioch) സ്ഥാ പിതമായി. ഇത്‌ ആ കാലഘട്ടത്തിലെ ഏറ്റവും പ്രധാ നപ്പെട്ട രണ്ട്‌ ബൈബിള്‍ – ദൈവശാസ്‌ത്ര പഠനകേന്ദ്ര ങ്ങളില്‍ ഒന്നായിരുന്നു. അലക്‌സാന്‍ഡ്രിയയിലെ വേദപഠന കേന്ദ്രമായിരുന്നു (Catechetical School of Alexandria) മറ്റൊന്ന്‌.

കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ്‌ ആകുന്നതിനുമുമ്പ്‌ നെസ്‌തോറിയസ്‌ അന്ത്യോക്യയിലെ ഒരു സന്യാസിയായിരുന്നു. അന്ത്യോക്യന്‍ തിയോളജിക്കല്‍ പഠനകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റെ ഉറവിടം. മോപ്‌സുസിയയിലെ തിയോദോര്‍ (Theo-dore of Mopsuestia) ആണ്‌ ഈ പഠനകേന്ദ്രത്തില്‍ നിന്ന്‌ വന്ന ഏറ്റവും പ്രസിദ്ധനായ ദൈവശാസ്‌ത്രജ്ഞന്‍.

♦️അലക്‌സാന്‍ഡ്രിയ

ഈജിപ്‌തിലെ നൈല്‍നദിയുടെ തീരത്ത്‌ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ ഈ പട്ടണം. ഇവിടുത്തെ ലൈബ്രറികള്‍ അക്കാലത്തെ ഏറ്റവും വലിയ പാഠശാലകളായിരുന്നു. പഴയനിയമത്തിന്റെ സെപ്‌ത്തജിന്റ്‌ (Septuagint) വിവര്‍ ത്തനം ആരംഭിച്ചത്‌ ഇവിടെയാണ്‌.

അലക്‌സാന്‍ഡ്രിയയിലെ വേദപഠന കേന്ദ്രം (The Catechetical School of Alexandria) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വേദപഠന കേന്ദ്രമായിരുന്നു. വിശുദ്ധ ജറൊം പറയുന്നത്‌ ഈ പഠനകേന്ദ്രം സ്ഥാപിച്ചത്‌ സുവിശേഷകനായ വി. മര്‍ക്കോസ്‌ ആണെന്നാണ്‌. അദ്ദേഹം വിശുദ്ധ ജസ്റ്റസിനെ ഇതിന്റെ ആദ്യ മാനേ ജരുമായി നിയമിച്ചു. പണ്ഡിതനായ പന്തനേയൂസിന്റെ നേതൃത്വത്തില്‍ ഈ പഠനകേന്ദ്രം കൂടുതല്‍ പ്രസിദ്ധമായി. ദൈവശാസ്‌ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന മഹാനായ ഒരിജന്‍, അത്തെനാഗോറെസ്‌, ക്ലെമന്റ്‌, ദിദിമസ്‌ തുടങ്ങിയ പ്രഗല്‌ഭരായ ദൈവശാസ്‌ത്രജ്ഞരായിരുന്നു ഇവിടുത്തെ അധ്യാപകര്‍.

♦️ഏഷ്യാ മൈനര്‍

അനത്തോലിയ-ഏഷ്യാമൈനര്‍, അര്‍മേനിയയിലെ ഹൈലാന്‍ഡ്‌ എന്നീ പ്രദേശങ്ങള്‍ക്ക്‌ ക്രിസ്‌തീയ പാര മ്പര്യത്തില്‍ ഏറെ പ്രധാന്യമുണ്ട്‌. ഒരു കാലത്ത്‌ ക്രി സ്‌തീയ വിശ്വാസത്തിന്റെ വിളനിലങ്ങളായിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ന്‌ തുര്‍ക്കിയിലാണ്‌.

നിരവധി അപ്പസ്‌തോലന്മാരുടെയും വിശുദ്ധരുടെയും ജന്മഭൂമിയാണിവിടം. വിശുദ്ധ പൗലോസ്‌ അപ്പസ്‌തോലന്‍, തിമോത്തിയോസ്‌, മിറായിലെ നിക്കോളാസ്‌, സ്‌മിര്‍ണയിലെ പോളിക്കാര്‍പ്പ്‌്‌ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്‌. ആദിമ സഭയിലെ അഞ്ച്‌ പാത്രിയാക്കേറ്റുകളിലെ രണ്ടെണ്ണവും തുര്‍ക്കിയിലായിരുന്നു; കോണ്‍ സ്റ്റാന്റിനോപ്പിളും അന്ത്യോക്യയും.

ആദ്യത്തെ ആയിരം വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്‌തവ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. വെളിപാട്‌ പുസ്‌തകത്തില്‍ പറയുന്ന ഏഴു സഭകള്‍ ഇവിടെയായിരുന്നു. ആദ്യത്തെ ഏഴ്‌ സൂനഹദോസുകള്‍ നടന്നതും ഇന്നത്തെ തുര്‍ക്കിയിലായിരുന്നു. എഡി 325-ല്‍ നടന്ന ഒന്നാം നിഖ്യാ സൂനഹദോസില്‍ പ്രഖ്യാപിച്ച നിഖ്യാവിശ്വാസ പ്രമാണമാണ്‌ ഇന്നും ക്രിസ്‌തീയതയുടെ അടിസ്ഥാന പ്രമാണമായി നില്‍ക്കുന്നത്‌.

സമീപ രാജ്യങ്ങളായ സിറിയ, ഇറാഖ്‌, ഇറാന്‍ തുടങ്ങിയവയുമായി താരതമ്യം ചെയ്‌താല്‍ ക്രൈസ്‌തവരുടെ എണ്ണം വളരെയധികം കുറവാണ്‌ ഇന്ന്‌ തുര്‍ക്കിയില്‍. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തും അതിനുശേഷവും നടന്ന അസീറിയന്‍ വംശഹത്യ, അര്‍മേനിയന്‍ വംശഹത്യ, ഗ്രീക്ക്‌ വംശഹത്യ എന്നിവയിലൂടെ ദശലക്ഷക്കണക്കിന്‌ ക്രിസ്‌ത്യാനികളെയാണ്‌ മുസ്‌ലീങ്ങള്‍ കൊന്നൊടുക്കിയത്‌. അവശേഷിച്ച തദ്ദേശവാസികളായ അര്‍മേനിയക്കാരും അസീറിയക്കാരും ഗ്രീക്കുകാരും ജോര്‍ജിയക്കാരും ബലപ്രയോഗത്തിലൂടെ പലായനം ചെയ്യിപ്പിക്കപ്പെട്ടു.

♦️ദമാസ്‌ക്കസ്‌

സിറിയയുടെ തലസ്ഥാനമാണ്‌ ദമാസ്‌ക്കസ്‌. പൗലോസ്‌ ശ്ലീഹായുടെ മാനസാന്തരം നടക്കുന്നത്‌ ദമാസ്‌ക്കസിലേക്കുള്ള യാത്രാ മധ്യേയാണ്‌. നടപടി പുസ്‌തകത്തില്‍ മൂന്നിടങ്ങളില്‍ (നട. 9:1-20; 22:1-22; 26:1-24) ദമാസ്‌ക്കസിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്‌. പൗലോസിന്‌ കാഴ്‌ചശക്തി വീണ്ടുകൊടുക്കുന്ന അനനിയാസ്‌ (ദമാസ്‌ക്കസിലെ ആദ്യ ബിഷപ്പായി കരുതപ്പെടുന്നു) വസിച്ചിരുന്നതും ദമാസ്‌ക്കസിലായിരുന്നു.

♦️എദ്ദേസ

മെസപ്പൊട്ടോമിയയുടെ (ഇപ്പോഴത്തെ ഇറാഖ്‌) വടക്കുകിഴക്കന്‍ പ്രദേശമായ എദ്ദേസ അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ സുറിയാനി സംസാരിക്കുന്ന ക്രിസ്‌ത്യാനികളുടെ കേന്ദ്രമാണ്‌. വിജാതിയര്‍ക്കുള്ള സുവിശേഷ വേല ആരംഭിച്ച അന്ത്യോക്യയില്‍ നിന്ന്‌ എദ്ദേസയിലേക്ക്‌ ചെന്നെത്താന്‍ എളുപ്പമായിരുന്നു.
ആദ്യ നൂറ്റാണ്ടുകളില്‍ മതപീഡനം ഉണ്ടായപ്പോള്‍ അഭയം തേടിയാണ്‌ ക്രിസ്‌ത്യാനികള്‍ എേദ്ദസയില്‍ എത്തിയത്‌.

അവിടം ഭരിച്ചുകൊണ്ടിരുന്ന പാര്‍ത്തിയന്‍ രാജവംശം (250 ബിസി 226 എഡി) അഭയാര്‍ത്ഥികളോട്‌ അനുകമ്പാര്‍ദ്രമായ സമീപനമാണ്‌ പുലര്‍ത്തിയത്‌. അവിടെ നിലനിന്നിരുന്ന ബാബിലോണിയന്‍ – അസീറിയന്‍ മതവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ കാലത്ത്‌. എദ്ദേസയില്‍ എത്തിച്ചേര്‍ന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ അനുകൂലമായ ഘടകമായിരുന്നു ഇത്‌. ഇതിനെത്തുടര്‍ന്നു വന്ന രണ്ടാം പേര്‍ഷ്യന്‍ സാമ്രാജ്യവും (എഡി 226-640) ഭരണത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ക്രിസ്‌ത്യാനികളോട്‌ അനുഭാവപൂര്‍ണ്ണമായ നയമായിരുന്നു സ്വീകരിച്ചത്‌. 7-ാം നൂറ്റാണ്ടില്‍ ഇസ്‌ലാം മതം ഖാലിഫേറ്റ്‌ സ്ഥാപിച്ചപ്പോള്‍ വലിയ നികുതി ഭാരമാണ്‌ ക്രിസ്‌ത്യാനികളുടെ മേല്‍ ചുമത്തിയത്‌.

മിഷനറിയായ അദായിയായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ മെസപ്പൊട്ടോമിയയില്‍ (ഇറാഖ്‌) സുവിശേഷം പ്രസംഗിച്ചത്‌. അദായി എദ്ദേസയിലെ ആദ്യ ബിഷപ്പായി. ഇവിടെ നിന്നാണ്‌ രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധമായ `പ്‌ശീത്ത’ (സുറിയാനി ഭാഷയിലുള്ള പഴയനിയമം) വിവര്‍ത്തനം ഉണ്ടാകുന്നത്‌. എദ്ദേസയില്‍ നിന്നുള്ള മിഷനറിമാര്‍ ദക്ഷിണ ഇറാഖിലും പേര്‍ഷ്യയിലും സുവിശേഷമറിയിക്കുകയും തത്‌ഫലമായി അവിടങ്ങളില്‍ വിശ്വാസ സമൂഹങ്ങള്‍ രൂപപ്പെടുകയും ചെയ്‌തു.

♦️പേര്‍ഷ്യയും മധ്യേഷ്യയും

രണ്ടാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേയ്‌ക്കും മേദിയ, പേര്‍ഷ്യ, പാര്‍ത്തിയ, ബാക്‌ത്രിയ എന്നിവിടങ്ങളില്‍ ക്രിസ്‌തീയ വിശ്വാസം വേരുറപ്പിച്ചു. 424-ല്‍ സെല്ലുസിയായില്‍ ചേര്‍ന്ന സഭാ സൂനഹദോസ്‌ കിഴക്കിലെ മുഴുവന്‍ സഭയ്‌ക്കുമായുള്ള (ഇന്ത്യയും സിലോണ്‍-ശ്രീലങ്കയും ഉള്‍പ്പെടെ) ആദ്യത്തെ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുത്തു. പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനം സെലൂസിയ – സ്റ്റെസിഫോണ്‍ (Seleucia – Ctesiphon) ആണെന്നും തീരുമാനിച്ചു.

Advertisements

Leave a comment