അനുദിന വിശുദ്ധർ – മെയ് 14 / Daily Saints – May 14

⚜️⚜️⚜️⚜️ May 14 ⚜️⚜️⚜️⚜️
വിശുദ്ധ മത്തിയാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ്‌ പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക്‌ വീണത്‌ വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി.

ക്രിസ്തുവിന്റെ പ്രതിനിധികള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പിരിയേണ്ട സമയം വന്നപ്പോള്‍ വിശുദ്ധന്‍ തനിക്ക് പോകേണ്ടതായ രാജ്യങ്ങളിലേക്ക് പോയി. ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കുമാണ് വിശുദ്ധന്‍ പോയത്‌. മറ്റ് അപ്പസ്തോലന്‍മാരുടെ തിരുനാളുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് പോലെ വിശുദ്ധ മത്തിയാസിന്റെ നന്മയേയും, പ്രയത്നങ്ങളെയും, സഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമല്ല.

അലെക്സാണ്ട്രിയായിലെ ക്ലെമന്റ്, വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇക്കാലത്തെ ആത്മീയതക്ക് വളരെയേറെ യോജിച്ചതാണ്. “സൃഷ്ടാവ് സ്ഥാപിച്ച വ്യവസ്ഥകളെ പാപം താറുമാറാക്കി. അത് മനുഷ്യനെ തരംതാഴ്ത്തുന്ന കാര്യങ്ങളില്‍ ഇഴയുവാന്‍ പ്രേരണ നല്‍കുന്നു. സൃഷ്ടിയുടെ സമയത്ത് ദൈവം നമുക്ക്‌ നല്‍കിയ ദൈവീക മഹത്വത്തിലേക്ക്‌ തിരികെ വരുവാനുള്ള ഏക മാര്‍ഗ്ഗം നിര്‍ബന്ധപൂര്‍വ്വം ശരീരത്തെ ആത്മാവിനു അടിയറവ്‌ വെക്കുക എന്നതാണ്. പക്ഷെ ആത്മാവും മൂലപാപവും കാരണം അത് വികലമാക്കപ്പെട്ടിരിക്കുന്നു. അവളുടെ പ്രവണതകള്‍ തിന്മയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു. ആഴമായ വിശ്വാസവും അറിവുമാണ് ഇതിന് പ്രതിവിധി”.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ടാര്‍സൂസിലെ ബോണിഫസ്

2. ടസ്കനിയിലെ ഫെറെന്തിനോ ബിഷപ്പായ ബോണിഫസ്

3. വെസ്റ്റ്‌ മീത്തു ബിഷപ്പായ കാര്‍ത്തെജ് ജൂനിയര്‍

4. സിറിയയിലെ വിക്ടറും കൊറോണയും

5. ഡെറൂവിയാനൂസ്

6. എങ്കെല്‍മെര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനാലാം തീയതി
💙💙💙💙💙💙💙💙💙💙💙💙

പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”
(ലൂക്കാ 2:51)

പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം
💙💙💙💙💙💙💙💙💙💙💙💙

പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത് ഗര്‍ഭിണിയായിരിക്കുന്നുവെന്ന്‍ പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് സേവനം ആവശ്യമാകയാല്‍ അതിനായിട്ടാണ് അവള്‍ പുറപ്പെട്ടത്. ജോസഫും പ.കന്യകയെ അനുഗമിച്ചിരിക്കാം. സുദീര്‍ഘമായ യാത്ര കഴിച്ച് പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന മേരി എലിസബത്തിനു അഭിവാദ്യമര്‍പ്പിച്ചു. മറിയത്തിന്‍റെ സ്വസ്തി ശ്രവിച്ച എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ സംപ്രീതയായി തിരിച്ചും അഭിവാദനം ചെയ്തു.

“നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതമാവുന്നു. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എവിടെ നിന്ന്‍, കര്‍ത്താവ് നിന്നോട് അരുളിച്ചെയ്ത വാക്കുകള്‍ വിശ്വസിച്ച നീ ഭാഗ്യവതി” എലിസബത്തിന്‍റെ അനുമോദനങ്ങള്‍ ശ്രവിച്ച ദിവ്യകന്യകയുടെ ആത്മാവ് ത്രസിച്ചു. അവള്‍ ആനന്ദാതിരേകത്താല്‍ ഇപ്രകാരമുദ്ഘോഷിച്ചു.

“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്”
(വി.ലൂക്കാ 1:46-49).

ദൈവജനനിയുടെ എളിമയും ദൈവത്തോടുള്ള അനുപമമായ കൃതജ്ഞതയും സ്നേഹവും ആന്തരികവുമായ ആനന്ദവും വ്യക്തമാക്കുന്നവയാണ് പ്രസ്തുത കൃതജ്ഞതാലാപനം. അതോടൊപ്പം അത് പ്രവചനപരവുമാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുമെന്നുള്ള പ.കന്യകയുടെ വാക്കുകള്‍ പരിപൂര്‍ണ്ണമായി സ്വാര്‍ത്ഥകമായിരിക്കുന്നു. ഇന്നും എല്ലാവരും പ.കന്യകയെ സ്തുതിക്കുന്നതില്‍ ഉത്സുകരാണ്. അക്രൈസ്തവര്‍പോലും മേരിയുടെ വിശേഷഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നു.

മരിയാംബിക ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടാണ് സേവനത്തിനു പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായെന്ന് പറയപ്പെടുന്നു. ഏലീശ്വ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി, ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു.

നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തുവാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972-ല്‍ മദര്‍ തെരേസയ്ക്ക് നെഹ്‌റു അവാര്‍ഡ് നല്‍കിയതിനുശേഷം മദറിന്റെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോടു മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. “ഞാന്‍ എല്ലാ ദിവസവും രാവിലെ പ.കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. കല്‍ക്കട്ടായിലും ഡല്‍ഹിയിലും ബോംബെയിലുമുള്ള തെരുവീഥികളിലും പരിത്യക്തരിലും കുഷ്ഠരോഗികളിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു” ഇതുപോലെ ഓരോ ക്രിസ്ത്യാനിയും ഒരു ക്രിസ്തുവാഹകനായിരിക്കണം.

സംഭവം
💙💙💙💙

ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഇടവക വൈദികനായി ജീവിച്ച് അനിതരസാധാരണമായ വിശുദ്ധി കൊണ്ട് ജീവിതകാലത്തും മരണശേഷവും ലോകത്തെ അനുഗ്രഹിച്ച പുണ്യവാനാണ് ജോണ്‍ വിയാനി. 1788-ല്‍ ജനിച്ച വി.വിയാനി സെമിനാരിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. സഹപാഠികളോടൊപ്പം പഠിച്ച് പരീക്ഷകള്‍ പാസാകാന്‍ വേണ്ട ബുദ്ധിസാമര്‍ത്ഥ്യമോ കഴിവോ അദ്ദേഹത്തിനില്ലായിരുന്നു. സെമിനാരി പരീക്ഷയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചില്ലയെന്ന്‍ മാത്രമല്ല ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. അങ്ങനെ വൈദികനാകാനുള്ള തന്‍റെ അഭിലാഷം എന്നന്നേക്കുമായി തകര്‍ന്നതില്‍ വിയാനിയുടെ മനസ്സ് വേദനിച്ചു.

എല്ലാ മാര്‍ഗ്ഗങ്ങളും തന്‍റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജോണ്‍ ദുഃഖിതനായി. പ. കന്യകാമറിയത്തിന്‍റെ സഹായം ഒന്നു മാത്രമാണ് തന്‍റെ കാര്യസാധ്യത്തിനായി അദ്ദേഹം ആശിച്ചത്. ദൈവമാതാവിനോടു വിശുദ്ധന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ സുഹൃത്തായ ബയിലിയുടെ അപേക്ഷപ്രകാരം വീണ്ടും ഒരു പരീക്ഷ കൂടി നടത്തി. ദൈവമാതാവിന്‍റെ സഹായം അപേക്ഷിച്ച് ഒരിക്കല്‍ക്കൂടി പരീക്ഷയ്ക്ക് വിയാനി അണഞ്ഞു.

ആ പരീക്ഷയില്‍ സ്തുത്യര്‍ഹമായ വിധം ഉത്തരം നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസാനവിധി കല്പ്പിക്കുവാനുള്ള അധികാരി ജനറല്‍ ഫാ.കേര്‍ബന്‍ ആയിരുന്നു. അദ്ദേഹം ചോദിച്ചു.”ജോണ്‍ വിയാനി ഭക്തനാണോ? ദൈവമാതാവിനോടു അയാള്‍ക്ക് ഭക്തിയുണ്ടോ? അങ്ങനെയെങ്കില്‍ പട്ടം കൊടുക്കുവാന്‍ എനിക്കു മടിയില്ല.” ഇതു കേട്ടപ്പോള്‍ ഫാ.ബെയിലിയുടെയും ജോണ്‍ വിയാനിയുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെക്കാളധികം സ്നേഹിക്കുന്ന സഭാതനയനാണ് ജോണ്‍ വിയാനി എന്നറിഞ്ഞപ്പോള്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനപതിയായ വികാരി ജനറല്‍ പറഞ്ഞു: “ഇയാളില്‍ വേണ്ടതു ദൈവം പ്രവര്‍ത്തിച്ചു കൊള്ളും. പണ്ഡിതരേക്കാള്‍ ഭക്തരായ വൈദികരെയാണ് ഇന്നത്തെ സഭയ്ക്ക് കൂടുതല്‍ ആവശ്യം.” മരണം വരെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അതീവ ഭക്തനായിരുന്ന വി.ജോണ്‍ വിയാനി അങ്ങനെ 1815 ആഗസ്റ്റ്‌ 15 നു പുരോഹിത പദവിയിലേക്ക് ഉയര്‍ന്നു.

പ്രാര്‍ത്ഥന
💙💙💙💙

പരിശുദ്ധ കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടുപോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്കു സേവനം അര്‍പ്പിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനി അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു നല്‍കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

ഏലീശ്വായെ സന്ദര്‍ശിച്ചു സഹായിച്ച പരിശുദ്ധ ദൈവമാതാവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്.. നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയരുന്നതും എന്തിന്.. ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയക്കുന്നു.. (ലൂക്കാ : 24-38/49)

സ്വർഗ്ഗാരോഹിതനായ ഞങ്ങളുടെ ഈശോയേ..
ഉന്നതത്തിൽ നിന്നുള്ള അനുഗ്രഹം പ്രാപിക്കുന്നതു വരെ അചഞ്ചലമായ വിശ്വാസത്തിൽ ശക്തിപ്പെടുന്നതിനു വേണ്ടിയുള്ള കൃപയെ യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയുടെ വിശുദ്ധിയുമായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിനു പോലും ഉലച്ചിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഞങ്ങളിന്ന് കടന്നു പോകുന്നത്.പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ ഒന്നരികിലിരുന്ന് ആശ്വസിപ്പിക്കാനോ, കരുതലിന്റെ കരങ്ങൾ കോർത്തു പിടിക്കാനോ കഴിയാതെ വെറും വാമൊഴിയിലൂടെ മാത്രം സമാധാനിപ്പിക്കേണ്ടി വരുന്ന നിസ്സഹായത.. വേണ്ടപ്പെട്ടവരുടെ ഒത്തുച്ചേരലിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ടിരുന്ന ഊഷ്മളമായ ഹൃദയബന്ധങ്ങൾക്ക് ഒരു കൈദൂരത്തിന്റെ അകലം നിശ്ചയിക്കേണ്ട ദുരവസ്ഥ.. അടുപ്പമുള്ളവരുടെ വിയോഗങ്ങളിൽ പോലും പങ്കുചേരാൻ കഴിയാതെ അകലങ്ങളിലിരുന്ന് എല്ലാ വേദനകളെയും സ്വയം ഉള്ളിലൊതുക്കിപ്പിടിക്കേണ്ട ദയനീയത.. ഇനിയെന്നാണ് ഇതിൽ നിന്നൊരു മോചനം എന്ന ആശങ്കയുടെ ചോദ്യം മാത്രം ഇന്ന് ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നു.

എന്റെ ഈശോയേ.. അങ്ങയുടെ ശക്തിയിലും കരുണയിലും ആശ്രയിച്ചു കൊണ്ട് ഞങ്ങൾ ഒരുമനസ്സോടെ പ്രാർത്ഥിക്കുന്നു. സമാധാനത്തിന്റെ നാളുകളെ ഞങ്ങൾക്ക് തിരികെ തരേണമേ.. ഈ മഹാമാരിയുടെ ദിനങ്ങളിൽ ഒറ്റപ്പെട്ടും.. തീർത്തും നിസ്സഹായരായും മാറിയ അങ്ങയുടെ മക്കളോട് കരുണ തോന്നേണമേ.. ഇനിയൊരു ദുർദിനങ്ങൾക്കും തീരാവ്യാധികൾക്കും അപഹരിക്കാനാവാത്ത സൗഖ്യവും സമാധാനവും അങ്ങ് ഞങ്ങളുടെയിടയിൽ പുന:സ്ഥാപിക്കുകയും ചെയ്യണമേ..

ഉണ്ണീശോയേ ഉദരത്തിൽ സംവഹിച്ച മാതാവേ..അങ്ങേ തിരുക്കുമാരനെ ഹൃദയത്തിൽ സംവഹിക്കുവാൻ കൃപ ചെയ്യണമേ.. ആമേൻ.

Advertisements

തെറ്റുചെയ്‌തിട്ട്‌ അടിക്കപ്പെടുമ്പോള്‍ ക്‌ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക്‌ എന്തു മഹ ത്വമാണുള്ളത്‌? നിങ്ങള്‍ നന്‍മചെയ്‌തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്‌.
1 പത്രോസ് 2 : 20

Leave a comment