പുലർവെട്ടം 474

{പുലർവെട്ടം 474}

 
കവിതയുടെ കണ്ണാടി വച്ച് വേദപുസ്തകം വായിക്കുന്നതിൻ്റെ പ്രശ്നമുണ്ട് ഈ പുലരിക്കുറിപ്പുകളിൽ. പറുദീസ തുടങ്ങിയ അലൗകികപദങ്ങളെ ഇഹത്തിൻ്റെ തട്ടിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിൻ്റെ ഒരു അനൗചിത്യം ഉണ്ട്. ചെറുപ്പകാലത്ത് തലയിൽ പതിഞ്ഞ ധ്യാനബുദ്ധകഥയാണ് കാഴ്ചപ്പാടുകളെ മോഡറേറ്റ് ചെയ്തത്. മരണാനന്തരജീവിതത്തെക്കുറിച്ച് അനുപാതമില്ലാത്ത ഔത്സുക്യം കാട്ടിയ സാധകനോട് മരണത്തിന് ശേഷം എന്ത് സംഭവിച്ചു എന്നതവിടെ നിൽക്കട്ടെ. മരണത്തിനു മുമ്പ് എന്തുണ്ടായി എന്ന് കൗണ്ടർ പറഞ്ഞ ഗുരുവിന്റെ കഥയാണത്.
 
പരശ്ശതം വർഷങ്ങൾ കൊഴിഞ്ഞു പോയിട്ടും പ്രാണനിൽ ഒരു സ്വർഗ്ഗീയാനുഭൂതിയുടെ മിന്നലാട്ടം പതിക്കാതെപോയ മനുഷ്യർ ഏത് സ്വർഗ്ഗത്തെയാണ് ആഗ്രഹിക്കേണ്ടത്? അതായിരുന്നു കഴിഞ്ഞ ദിനങ്ങളിലെ വിചാരങ്ങളുടെ യുക്തി.
 
ഈ കളി ഈ തട്ടിൽ അവസാനിക്കുന്നില്ല എന്ന ധൈര്യമുണ്ട്. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിൻ്റെ ഭാഷയിൽ പിംഗളകേശിനിയായ ഒരുവളുടെ പദചലനം വ്യക്തമായി കേട്ടു തുടങ്ങുമ്പോൾ ഭൂമിയുടെ കവിതകളും ചാരുകസേരവിചാരങ്ങളും ആരെയും സഹായിക്കില്ല. ഇന്നലെയും ഒരു സഹപാഠി കടന്നുപോയി- സി. ടി. മാത്യു അച്ചൻ. ഒരുമിച്ച് പഠിച്ച അതേയിടത്തിൽ തത്വശാസ്ത്ര അദ്ധ്യാപകനാണ്. ഇത്തരം വൈയക്തികാഘാതങ്ങളുടെ ഇടയിൽ നമ്മുടെ വീണ്ടുവിചാരങ്ങൾ എത്ര നിസ്സാരമാണ്. കാണാവുന്ന ദൂരത്തിൽ ഒരു കടയടഞ്ഞു കിടക്കുന്നു. അത്യാവശ്യസാധനങ്ങൾ മുടക്കമില്ലാതെ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. റേഷൻകടയാണ്. അത് നടത്തിക്കൊണ്ടിരുന്ന അനിൽ എന്ന ചെറുപ്പക്കാരനും ഇനിയുണ്ടാവില്ല.
 
ആ പുരാതന ചോദ്യം നചികേതസ്സിനെപ്പോലെ കൂട്ട് വരുന്നു.ഞങ്ങളുടെ കടന്നുപോയ ഉറ്റവർക്കും ഒടുവിൽ ഞങ്ങൾക്കു വേണ്ടിയും എന്താണ് കാത്തിരിക്കുന്നത്? അവിടെയാണ് തരളമായ വിശ്വാസത്തിന്റെ ചില സുകൃതങ്ങൾ ഊന്നുവടികളാവുന്നത്. അവൻ്റെ കല്ലറയിലേക്ക് പുലരിയിലേ ഓടിപ്പോയ സ്ത്രീകളുടെ ആശങ്ക അതായിരുന്നു. അവനെയടക്കം ചെയ്ത ഇടത്തിലെ മൂടിക്കല്ല് ആരു നമുക്ക് വേണ്ടി മാറ്റുമെന്ന്. അത് കേവലമൊരു കല്ലിനെക്കുറിച്ചുള്ള ആശങ്കയല്ല.ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമിടയിൽ സദാ ഒരു തിരശ്ശീലയുണ്ട്. ആ തിരശ്ശീല കീറിപ്പോവുകയാണ്. മൂടിക്കല്ല് ആരോ മാറ്റിയിട്ടുണ്ട്. അതിനുള്ളിൽ ഒരു തിരുശേഷിപ്പ് പോലുമില്ല. മരണം അങ്ങനെ തുറന്ന വാതിലായി.
 
അവൻ്റെ വാക്കിന്റെ വിശ്രാന്തിയിലേയ്ക്ക് വരിക. അനവധിയായ വാഗ്ദാനങ്ങളുടെ ഒടുവിൽ അവൻ തന്റെ കാലത്തിന് കരുതിവച്ച അവസാനത്തെ ധൈര്യമതായിരുന്നു. നീ എന്നോടൊപ്പം പറുദീസയിലായിരിക്കും. പിന്നീട് ഏദനു പകരമായി ഉപയോഗിക്കപ്പെട്ടു എങ്കിലും ആ പദം അവൻ്റെ പരിസരത്തിൽ നിന്ന് രൂപപ്പെട്ടതല്ല. അതിൻ്റെ വേരുകൾ പേർഷ്യൻ സംസ്കാരത്തിൽനിന്നാണ്. Walled enclosure / Garden എന്നാണ് അതിന്റെ അർത്ഥം. ഭദ്രമായി വളച്ചുകെട്ടിയ ഒരു തോട്ടം. സുൽത്താന് ആരോടെങ്കിലുമുള്ള തൻ്റെ ആഭിമുഖ്യം പ്രകടമാക്കാൻ അയാൾ കണ്ടെത്തിയ രീതിയതാണ്. തോട്ടത്തിനിടയിലൂടെ കൈകോർത്ത് നടക്കുക. ചുരുക്കത്തിൽ അതാണ് പറുദീസ. നിർമ്മലസ്നേഹത്തിൻ്റെ വനികയിൽ ആ പ്രഭുവിന്റെ കൈകോർത്ത് സദാ സഞ്ചാരങ്ങളിലായിരിക്കുക.
 
പല പാരമ്പര്യങ്ങളിൽ പല നാമങ്ങളിലാണ് ആ തോട്ടം അറിയപ്പെടുന്നത്. ഈജിപ്ഷ്യൻ വിശ്വാസങ്ങളിൽ അതിന് Aaru എന്ന് പേര്. വേദപാരമ്പര്യങ്ങളിൽ മോക്ഷം. സ്വരാഷ്ട്രിയർക്ക് അത് Avesta-പാട്ടിൻ്റെ കുടീരം. അങ്ങനെയങ്ങനെ. ഒന്നുറപ്പാണ് എല്ലാവരും പറയാനാഗ്രഹിക്കുന്നത് അതുതന്നെയാണ്. മരണം അടഞ്ഞ വാതിലല്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 474

Leave a reply to Nelson Cancel reply