ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

ജോസഫ് ചിന്തകൾ 166

ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: ” മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിൻ്റെ എല്ലാ ദാനങ്ങളും ആ വ്യക്തിക്കു നൽകി അനുഗ്രഹിക്കുന്നു. നമ്മുടെ കർത്താവിൻ്റെ വളർത്തു പിതാവും ലോകരാജ്ഞിയായ മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പിൻ്റെ കാര്യത്തിൽ ഈ പൊതു നിയമം സവിശേഷമായ രീതിയിൽ ഉറപ്പിക്കാവുന്നതാണ്.”
 
ദൈവ പിതാവിൻ്റെ ഏറ്റവും വലിയ നിധിയായ ദൈവപുത്രൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഏറ്റവും വിശ്വസ്തനായ രക്ഷാധികാരിയും സംരക്ഷകനുമായി യൗസേപ്പ് തൻ്റെ ജീവിത കർത്തവ്യം നിറവേറ്റിയെങ്കിൽ ദൈവാത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ചു അവൻ നിരന്തരം യാത്ര ചെയ്തതു കൊണ്ടാണ്. ഗലാത്തിയാകാർക്കുള്ള ലേഖനം അഞ്ചാം അധ്യായം ഇരുപത്തിരണ്ട് ഇരുപത്തിമൂന്നു വാക്യങ്ങളിൽ ആത്‌മാവിന്റെ ഫലങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌ : സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം എന്നിവയാണ് അവ. ഈ ഒൻപതു ഫലങ്ങളും യൗസേപ്പിൻ്റെ ജീവിതത്തിൽ പൂർണ്ണതയിൽ ഉണ്ടായിരുന്നു. വിശുദ്ധ ലിഖിതം നീതിമാൻ എന്ന നിർവചനം അവനു നൽകുമ്പോൾ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ പൂരിതൻ എന്ന അർത്ഥവും അതിൽ മറഞ്ഞിരിക്കുന്നുണ്ട് .
വിശുദ്ധർ പരിശുദ്ധാത്മാവിന്റെ അമൂല്യ കലാസൃഷ്ടികളാണന്നെ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ നിരീക്ഷണം യൗസേപ്പിതാവിൻ്റെ കാര്യത്തിൽ നൂറു ശതമാനവും നീതി പുലർത്തുന്നു. യേശുവിൻ്റെ മൗതീക ശരീരമായ തിരുസഭയുടെ ജന്മദിനമായ പെന്തക്കുസ്താ ദിനത്തിൽ അതിൻ്റെ പാലകനും മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിനോടു ചേർന്നു കൊണ്ട് നമ്മുടെ തീർത്ഥയാത്ര തുടരാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisements
Congratulations Fr. Jaison Kunnel MCBS
Advertisements

Leave a comment