ദിവ്യബലി വായനകൾ – The Immaculate Heart of Mary / Saturday of week 10 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 12/6/2021

The Immaculate Heart of Mary 
on Saturday of week 10 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിശുദ്ധാത്മാവിന് യോഗ്യമായ സ്ഥലം
പരിശുദ്ധ കന്യകമറിയത്തിന്റെ ഹൃദയത്തില്‍ അങ്ങ് ഒരുക്കിയല്ലോ.
അതേ കന്യകമാതാവിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ മഹത്ത്വത്തിന്റെ യോഗ്യമായ ആലയങ്ങളായിത്തീരാന്‍
ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 5:14-21
അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.

സഹോദരരേ, ഒരുവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു. ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കു വേണ്ടി ജീവിക്കാതെ, തങ്ങളെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനു വേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി മരിച്ചത്. അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. ഞങ്ങളെ ക്രിസ്തു വഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍ നിന്നാണ് ഇവയെല്ലാം. അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,3-4,8-9,11-12

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ്
തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.


ലൂക്കാ 2:41-51b
നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.

യേശുവിന്റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെ തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ
സ്മരണ ആഘോഷിച്ചുകൊണ്ട് അര്‍പ്പിക്കുന്ന
അങ്ങേ വിശ്വാസികളുടെ
പ്രാര്‍ഥനകളും കാഴ്ചദ്രവ്യങ്ങളും തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഇവ അങ്ങേക്ക് പ്രീതികരമായി ഭവിക്കുകയും
ഞങ്ങളില്‍ അവ പാപമോചനവും സഹായവും
ചൊരിയുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ലൂക്കാ 2:19

മറിയം ഈ വാക്കുകളെല്ലാം
തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ പരിത്രാണത്തില്‍
പങ്കാളികളായി തീര്‍ന്നുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ പുത്രന്റെ മാതാവിന്റെ സ്മരണ ആഘോഷിക്കുന്ന ഞങ്ങള്‍,
അങ്ങേ കൃപയുടെ പൂര്‍ണതയില്‍ അഭിമാനം കൊള്ളുകയും
രക്ഷയുടെ നിരന്തര വര്‍ധന അനുഭവിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment