അനുദിന വിശുദ്ധർ | ജൂൺ 22 | Daily Saints | June 22

⚜️⚜️⚜️⚜️ June 22 ⚜️⚜️⚜️⚜️
വിശുദ്ധ തോമസ്‌ മൂറും, വിശുദ്ധ ജോണ്‍ ഫിഷറും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

⚜️ വിശുദ്ധ തോമസ്‌ മൂര്‍


ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ്‌ മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധന്‍ ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ആയിരുന്നു. അഗാധമായ ആത്മീയതയുള്ളവനായിരുന്ന വിശുദ്ധന്‍ ആരഗോണിലെ കാതറീനെ വിവാഹ മോചനം ചെയ്തുകൊണ്ട് ആനെ ബോളിനെ വിവാഹം ചെയ്യുവാനുള്ള ഹെന്‍റി രാജാവിന്റെ തീരുമാനത്തെ എതിര്‍ത്തു. മാത്രമല്ല, മാര്‍പാപ്പായെ നിഷേധിച്ചുകൊണ്ട് റോമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ ശ്രമങ്ങളെ വിശുദ്ധന്‍ അംഗീകരിച്ചതുമില്ല.

രാജ്യദ്രോഹകുറ്റത്തിന് വിശുദ്ധന്‍ ലണ്ടന്‍ ടവറില്‍ വിചാരണ ചെയ്യപ്പെട്ടു. കുറ്റവിചാരണയില്‍ തന്റെ മനസ്സാക്ഷിക്കനുസരിച്ചുള്ള തന്റെ പ്രവര്‍ത്തിയില്‍ ക്രൈസ്തവലോകത്തെ സകല സമിതികളുടേയും പിന്തുണ തനിക്കുണ്ടെന്ന് തിരിച്ചറിയുന്നതായും വിശുദ്ധന്‍ പ്രഖ്യാപിച്ചു. ഒരു സുപ്രധാനിയായ നയതന്ത്രജ്ഞന്‍, ഉപദേഷ്ടാവ്‌ എന്നീ നിലകളില്‍ തിളങ്ങിയ വിശുദ്ധന്‍, യഥാര്‍ത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാര്‍മ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാന്‍ തയ്യാറായില്ല.

രാജാവായിരുന്ന ഹെന്‍റിക്ക് ഇത് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും, വിശുദ്ധനെ തന്റെ പക്ഷത്താക്കുവാന്‍ വ്യര്‍ത്ഥമായി ശ്രമിച്ചു, കാരണം തോമസ് മൂറിന്റെ അംഗീകാരത്തിന് അതിന്റേതായ വിലയുണ്ടെന്ന കാര്യവും, അദ്ദേഹം ആരാലും ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്ന കാര്യവും രാജാവിനറിയാമായിരുന്നു. എന്നാല്‍ തനിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ അംഗീകരിക്കാതെ വിശുദ്ധന്‍ തന്റെ ചാന്‍സലര്‍ പദവിയില്‍ നിന്നും രാജിവെച്ചപ്പോള്‍ രാജാവിന് എങ്ങിനെയെങ്കിലും തോമസിനെ ഒഴിവാക്കേണ്ടതായി വന്നു.

ഹെന്‍റി എട്ടാമന്റെ വിവാഹ മോചനത്തിനും, പുനര്‍ വിവാഹത്തിനും, കൂടാതെ മാര്‍പാപ്പായെ നിരാകരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ സഭാധികാരിയാകുവാനുമുള്ള ഹെന്‍റി എട്ടാമന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനും 1535 ജൂലൈ 6ന് ലണ്ടനിലെ ടവര്‍ ഹില്ലില്‍ വെച്ച് വിശുദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വര്‍ഷങ്ങള്‍ക്കുശേഷം, 1935-ല്‍ വിശുദ്ധ തോമസ്‌ മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏ.ഡി. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ തോമസ്‌ മൂറിനെ രാഷ്ട്രീയ നേതാക്കന്‍മാരുടെ മാധ്യസ്ഥനായി നിര്‍ദ്ദേശിച്ചു.

⚜️ വിശുദ്ധ ജോണ്‍ ഫിഷര്‍

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച വിശുദ്ധ ജോണ്‍ ഫിഷര്‍ റോച്ചെസ്റ്ററിലെ മെത്രാനായി തീര്‍ന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ‘ബുദ്ധിയിയും, പാണ്ഡിത്യവും കൂടാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട നന്മയും ഒരുമിക്കുമ്പോള്‍ അവനുമായി താരതമ്യം ചെയ്യുവാന്‍ ആരുമില്ലെന്നാണ് ഞാന്‍ കണക്കാക്കുന്നത്’ എന്നാണ് വിശുദ്ധ തോമസ്‌ മൂര്‍, ജോണ്‍ ഫിഷറിനെ കുറിച്ച് എഴുതിയിരിക്കുന്നത്. വിശുദ്ധ ജോണ്‍ ഫിഷറും സുഹൃത്തായിരുന്ന വിശുദ്ധ തോമസ് മൂറും സഭയുടെ ഐക്യത്തിനും, വിവാഹ ബന്ധത്തിന്റെ ദൃഡതക്കും വേണ്ടി തങ്ങളുടെ ജീവന്‍ ബലികഴിച്ചു.

ജോണ്‍ ഫിഷര്‍ ഇറാസ്മസ്, തോമസ്‌ മൂര്‍ തുടങ്ങിയവരും മറ്റ് നവോത്ഥാന നായകരുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില വിശുദ്ധരുടെ ജീവിതത്തില്‍ കാണപ്പെടുന്നത് പോലെയുള്ള ബാഹ്യമായ ലാളിത്യം വിശുദ്ധന്റെ ജീവിതത്തില്‍ കാണുവാന്‍ കഴിയുകയില്ല. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍, തന്റെ കാലഘട്ടത്തിലെ ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളുമായി ഏറെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിന്നു. അക്കാലത്തെ സംസ്കാരത്തില്‍ തല്‍പ്പരനായിരുന്ന വിശുദ്ധന്‍ ക്രമേണ കേംബ്രിഡ്ജിലെ ചാന്‍സലര്‍ ആയി തീര്‍ന്നു.

തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ മെത്രാനായി അഭിഷിക്തനായി. ഇംഗ്ലണ്ടിലെ സുവിശേഷ പ്രഘോഷണത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു വിശുദ്ധന്റെ ലക്ഷ്യങ്ങളിലൊന്ന്. വിശുദ്ധന്‍ സ്വയം ഒരു നല്ല സുവിശേഷകനും, എഴുത്തുകാരനുമായിരുന്നു. വിശുദ്ധന്റെ അനുതാപ-സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ്‌ ഏഴ് പ്രാവശ്യം പുനഃപ്രസാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂതറനിസത്തിന്റെ വരവോട് കൂടി വിശുദ്ധന്‍ വിവാദങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ടു. മതവിരുദ്ധവാദത്തിനെതിരായുള്ള വിശുദ്ധന്റെ എട്ട് കൃതികള്‍ യൂറോപ്പിലെ ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ വിശുദ്ധന് നേതൃസ്ഥാനം ലഭിക്കുന്നതിന് കാരണമായി.

1521-ല്‍ ഹെന്‍റി എട്ടാമന്റെ വിവാഹത്തെ കുറിച്ചുള്ള ആശയകുഴപ്പങ്ങളെ കുറിച്ച് അന്വോഷിക്കുവാന്‍ സഭാവൃത്തങ്ങള്‍ വിശുദ്ധനോടാവശ്യപ്പെടുകയുണ്ടായി. കാതറീനുമായുള്ള രാജാവിന്റെ വിവാഹത്തിനാണ് സാധുതയെന്ന് പ്രഖ്യാപിക്കുകയും, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ അവകാശവാദങ്ങളെ നിഷേധിക്കുകയും ചെയ്യുക വഴി വിശുദ്ധന്‍ രാജാവിന്റെ അപ്രീതിക്ക് പാത്രമായി. അതേതുടര്‍ന്ന് വിശുദ്ധനെ ഒഴിവാക്കുവാനായി ‘കെന്റിലെ കന്യകാസ്ത്രീയായ എലിസബത്ത് ബാര്‍ട്ടന്റെ മുഴുവന്‍ വെളിപാടുകളും റിപ്പോര്‍ട്ട് ചെയ്തില്ല’ എന്ന കുറ്റം രാജാവ്‌ വിശുദ്ധനില്‍ ആരോപിച്ചു.

മോശമായ ആരോഗ്യാവസ്ഥയിലും പുതിയ സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുവാന്‍ വിശുദ്ധനെ വിളിച്ചു വരുത്തി. എന്നാല്‍ അത് ഹെന്‍റിയുടെ വിവാഹ മോചനത്തിന് സാധുത നല്‍കുക, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായികൊണ്ടുള്ള രാജാവിന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയായിരുന്നതിനാല്‍ വിശുദ്ധ ജോണ്‍ ഫിഷറും, വിശുദ്ധ തോമസ്‌ മൂറും പ്രതിജ്ഞയെടുക്കുവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്‍ അവരെ ലണ്ടന്‍ ടവറിലേക്കയച്ചു; അവിടെ 14 മാസത്തോളം ജോണ്‍ ഫിഷറിന് വിചാരണ കൂടാതെ തടവില്‍ കഴിയേണ്ടതായി വന്നു. അവസാനം അവരെ ജീവപര്യന്തം തടവിനും, വസ്തുവകകള്‍ കണ്ടുകെട്ടുവാനും ഉത്തരവിട്ടു.

വീണ്ടും വിചാരണക്കായി ഹാജരാക്കിയപ്പോള്‍ അവര്‍ രണ്ട് പേരും നിശബ്ദരായി നില്‍ക്കുകയാണ് ഉണ്ടായത്‌. പാപ്പാ ജോണ്‍ ഫിഷറിനെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചതിനാല്‍ രാജാവ്‌ കൂടുതല്‍ കോപിഷ്ടനാവുകയും രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ വധിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ദിവസവും അവിടെത്തന്നെ ഇടുകയും ശിരസ്സ്‌ ലണ്ടന്‍ പാലത്തില്‍ തൂക്കുകയും ചെയ്തു. അതിനുശേഷം രണ്ടാഴ്ചകള്‍ കഴിഞ്ഞാണ് വിശുദ്ധ തോമസ്‌ മൂറിന്റെ വധശിക്ഷ നടപ്പാക്കിയത്‌.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സെസാബ്രേ ദ്വീപിലെ ആറോണ്‍

2. ബ്രിട്ടനിലെ ആന്‍ബന്‍

3. ഗോളിലെ കണ്‍സോര്‍ഷിയാ

4. സാല്‍സ്ബര്‍ഗിലെ എബെര്‍ ഹാര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 22
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയത്തോടുള്ള വണക്കം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്നേഹിതന്മാര്‍ വേര്‍പിരിയുമ്പോള്‍ ഫോട്ടോകള്‍ കൈമാറുക സാധാരണമാണ്. അവ ഭവനത്തില്‍ ബഹുമാന്യമായയ സ്ഥാനത്ത് സ്ഥാപിക്കുന്നത് സ്നേഹിതന്‍റെ ഓര്‍മ്മ നിലനിറുത്തുവാന്‍ സഹായകരമാണ്. മനുഷ്യസന്തതികളെ, തന്‍റെ ഹൃദയത്തിലെ അവസാനതുള്ളി രക്തം വരെയും ചിന്തി, മരിച്ചു പൂട്ടി മുദ്രവയ്ക്കപ്പെട്ട സ്വര്‍ഗ്ഗം പാപികളായ നമുക്കായി തുറന്നുതന്ന വിശ്വ സ്രഷ്ടാവും ലോകരക്ഷകനുമായ ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ ഛായാപടം അഥവാ രൂപം നമ്മുടെ ഭവനത്തിലുണ്ടായിരിക്കുക അത്യന്തം ആവശ്യമാണ്‌.

നമ്മുടെ മേല്‍ അവിടുത്തെയ്ക്കുള്ള സ്നേഹത്തെയും അനന്തമായ ഔദാര്യത്തേയും ഓര്‍മ്മപ്പെടുത്തുവാന്‍ ഛായാപടം സഹായകമാണ്. നല്ല ഇടയനും സ്നേഹിതനും അത്മാവിന്‍റെ മണവാളനുമായ ഈശോയുടെ ഛായാപടം കാണുമ്പോള്‍ അവിടുന്നു നമുക്കുവേണ്ടി ചെയ്തതും സഹിച്ചതുമായ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുവാന്‍ സഹായകരമാണ്. ഈശോ സുവിശേഷത്തിലൂടെ ഉപദേശിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതുമായ സ്വര്‍ഗ്ഗീയ വിഷയങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ വരാതിരിക്കയില്ല.

ഒരിക്കല്‍ ദിവ്യനാഥന്‍ മര്‍ഗ്ഗരീത്തായ്ക്കു ദൃശ്യനായി. അവിടുത്തെ ദിവ്യഹൃദയ രൂപം പരസ്യമായി സ്ഥാപിക്കുന്നതിനും ഇപ്രകാരം ചെയ്യുവാന്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനും ആവശ്യപ്പെടുകയുണ്ടായി. ഈ ഛായാപടം വയ്ക്കുന്ന ഭവനങ്ങളിലും സ്ഥലങ്ങളിലും ഈശോയുടെ ആശീര്‍വാദവും അനുഗ്രഹവും ധാരാളമായി ഉണ്ടാകുമെന്നും ഈ ദിവ്യഹൃദയത്തിന്‍റെ വണക്കം അവിടുത്തേയ്ക്ക് ഏറ്റം ഇഷ്ടപ്പെട്ടതാണെന്നും പറയുകയുണ്ടായി. അതുകൊണ്ട് ഈ ദിവ്യഹൃദയത്തിന്‍റെ രൂപം നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും വച്ചു വണങ്ങുന്നതു കൂടാതെ മറ്റുള്ളവരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നതിനു കഴിവതും പ്രയത്നിക്കാം.

ജപം
❤️❤️

സകല ഹൃദയങ്ങളുടെ നിക്ഷേപവും സകല നന്മയുമായ ഈശോയുടെ പരിശുദ്ധ ഹൃദയമേ! സകല‍ സ്വര്‍ഗ്ഗവാസികളുടെയും ദീര്‍ഘ ദര്‍ശികളുടെയും ശരണവും, ശ്ലീഹന്‍മാരുടെ ബലവും, വേദപാരംഗതന്‍മാരുടെ പ്രകാശവും, കന്യകകളുടെ സംരക്ഷണവും, യുവാക്കളുടെ നേതാവും, സമസ്ത ജനത്തിന്‍റെയും രക്ഷിതാവുമായ ഈശോയേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്ന അങ്ങേ തിരുസന്നിധിയില്‍ അടുക്കുമ്പോഴും അങ്ങേ പ്രതിമയെ കാണുമ്പോഴും അങ്ങേ സര്‍വ്വ ശക്തിയെയും മഹിമയേയും ഓര്‍ത്തു ഞാന്‍ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു.

സകല സല്‍ഗുണങ്ങളും ദൈവത്തിന്‍റെ അനന്തനന്മയും നിറഞ്ഞിരിക്കുന്ന അങ്ങേ ദിവ്യഹൃദയത്തെ ആരാധിക്കാതിരിക്കുന്നത് ഏറ്റം നന്ദിഹീനതയായിരിക്കുന്നു. ആരാധനയ്ക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും വ്യക്തമായി അറിയുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ മുഴുവനായും അങ്ങു തന്നെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യണമേ. കര്‍ത്താവേ! സകല ജനങ്ങളും അങ്ങയെ അറിയാനും സ്നേഹിപ്പാനും ആരാധിപ്പാനും ഇടവരുത്തണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ! എന്‍റെമേല്‍ കരുണയായിരിക്കണമേ .

സല്‍ക്രിയ
❤️❤️❤️❤️❤️

നിങ്ങളുടെ ഭവനത്തില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയരൂപം സ്ഥാപിച്ചിട്ടില്ലെങ്കില്‍ ഒരു രൂപം സ്ഥാപിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിന്റെ പ്രവൃത്തികളും സ്നേഹവും വിശ്വാസവും ശുശ്രൂഷയും ദീർഘമായ സഹനവും ഞാൻ അറിയുന്നു.. (വെളിപാട് : 2/19)
എന്റെ ഹൃദയം അസ്വസ്ഥമായപ്പോഴൊക്കെയും അരികിൽ നീയുണ്ടെന്ന വിശ്വാസത്താൽ എന്നെ ആശ്വസിപ്പിച്ച അങ്ങയുടെ അളവറ്റ സ്നേഹത്തിനു നന്ദി പ്രകാശിപ്പിക്കാൻ ഈ പ്രഭാതത്തിലും ഞാനണഞ്ഞിരിക്കുന്നു. പലപ്പോഴും മറ്റുള്ളവർക്കു വേണ്ടി സ്വയം ത്യജിക്കുമ്പോഴും, ഹൃദയം പകുത്തു നൽകി സ്നേഹിക്കുമ്പോഴും, എല്ലാത്തിലുമധികമായി അവരെ വിശ്വസിക്കുമ്പോഴും.. അവരുടെ സന്തോഷത്തിനു വേണ്ടി സ്വയം മറന്നു പ്രവർത്തിക്കുമ്പോഴും ഇതൊക്കെ നേടുന്നവർ ഞങ്ങളെ മനസ്സിലാക്കുകയോ.. മനസ്സിലാക്കിയാലും അംഗീകരിക്കുകയോ ചെയ്യാറില്ല..

ഈശോയേ.. എന്റെ പ്രവൃത്തികൾക്കൊത്ത പ്രതിഫലം നൽകുന്നവനും.. എന്റെ അലച്ചിലുകളെ എണ്ണുന്നവനുമായ അങ്ങ് എന്റെ ഹൃദയഭാരങ്ങളെ പകുത്തെടുക്കാൻ നല്ലിടയന്റെ കരുതലോടെ എന്നും എന്റെ അരികിലുണ്ടായിരിക്കേണമേ.. ആരുടെയൊക്കെ ഹൃദയമിടങ്ങളിൽ ഞാൻ കുറഞ്ഞവനായിരുന്നാലും.. ആരുടെയൊക്കെ കണ്മുൻപിൽ ഞാൻ വിലയില്ലാത്തവനായാലും.. ആരുടെയൊക്കെ മനസ്സുകളിൽ നിന്നും ഞാൻ പുറന്തള്ളപ്പെട്ടവനായാലും നിന്റെ ഹൃദയസ്പന്ദനങ്ങളിലെ ഒരിത്തിരി തുടിപ്പിൽ എനിക്കുമൊരിടം തരേണമേ.. എന്നും എന്റേതു മാത്രമായൊരിടം..

നിത്യദൈവമേ.. എന്റെയും ലോകമൊക്കെയുടെയും പാപങ്ങൾക്കു പരിഹാരമായി അങ്ങേ ദിവ്യപുത്രന്റെ തിരുരക്തത്തെ അങ്ങേയ്ക്കു ഞാൻ കാഴ്ച്ച സമർപ്പിക്കുന്നു.. ആമേൻ.

Advertisements

നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്‌,
അവയില്‍നിന്നെല്ലാം കര്‍ത്താവുഅവനെ മോചിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 19

Leave a comment