അനുദിന വിശുദ്ധർ | ജൂൺ 25 | Daily Saints | June 25

⚜️⚜️⚜️⚜️ June25⚜️⚜️⚜️⚜️
അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന

വിശുദ്ധ പ്രോസ്പെര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു.

അക്കാലത്ത് മാര്‍സെയില്ലെസിലെ ചില പുരോഹിതര്‍ അടങ്ങിയ ഒരുവിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍ പെലജിയാനിസത്തിനെതിരായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനുഷ്യരുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവിനെ ഹനിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. ദൈവീക സഹായം കൂടാതെ തന്നെ നന്മയും, തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട് എന്നതായിരുന്നു പെലജിയനിസക്കാരുടെ സിദ്ധാന്തം.

എന്നാല്‍ വിശ്വാസത്തിന്റെ തുടക്കം ദൈവാനുഗ്രഹമില്ലാതെ നമ്മുടെ സ്വന്തം ആഗ്രഹത്തിനനുസരിച്ചാണെന്നായിരുന്നു സെമിപെലജിയനിസക്കാരുടെ പ്രമാണം. ഈ രണ്ടു മതവിരുദ്ധ വിഭാഗങ്ങളുടേയും സിദ്ധാന്തങ്ങള്‍ യേശുവും, അപ്പസ്തോലന്‍മാരും പഠിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കെതിരായിട്ടുള്ളതായിരുന്നു. ഹിലാരി എന്ന് പേരായ ഭക്തനും പണ്ഡിതനുമായിരുന്ന ഒരു അത്മായന്‍, വിശുദ്ധ ഓസ്റ്റിന്റെ സിദ്ധാന്തത്തേയും, തിരുസഭയോടുള്ള ഭക്തിയേയും സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. നമ്മുടെ വിശുദ്ധനും അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ പങ്കാളിയായി. വിശുദ്ധന്റെ അറിവും, നന്മയും, അസാധാരണമായ കഴിവുകളും അദ്ദേഹത്തെ മതവിരുദ്ധവാദക്കാരെ പ്രതിരോധിക്കുവാന്‍ തക്ക ശക്തിയുള്ള ഒരു മനുഷ്യനാക്കി തീര്‍ത്തിരുന്നു.

ഹിലാരിയുടെ ഉപദേശത്താല്‍ വിശുദ്ധന്‍, മാര്‍സെയില്ലെസിലെ പുരോഹിതന്‍മാരുടെ തെറ്റുകളെ വിശദീകരിച്ചുകൊണ്ട് വിശുദ്ധ ഓസ്റ്റിന് ഒരു കത്തെഴുതി. അതേതുടര്‍ന്ന് അവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാനും, അവരെ പറഞ്ഞ് മനസ്സിലാക്കുവാനുമായി വിശുദ്ധ ഓസ്റ്റിന്‍ രണ്ട് ഗ്രന്ഥങ്ങള്‍ തയാറാക്കി. 428-429 കാലയളവിലാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. സെമിപെലാജിയന്‍സിനെ ബോധ്യപ്പെടുത്തുവാന്‍ ഈ രണ്ട് ഗ്രന്ഥങ്ങളും പര്യാപ്തമായിരുന്നുവെങ്കിലും, അവരുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാന്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് കഴിഞ്ഞില്ല.

പാപ്പായുടെ തീരുമാനത്തിനനുസരിച്ച് മാത്രമേ തങ്ങള്‍ നില്‍ക്കുകയുള്ളൂവെന്നു സെമി-പെലാജിയന്‍സ് പ്രഖ്യാപിച്ചതോടെ വിശുദ്ധ പ്രോസ്പെറും, ഹിലാരിയും വളരെയേറെ ആവേശപൂര്‍വ്വം റോമില്‍ പോവുകയും, പാപ്പായെ ഈ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ അറിഞ്ഞ സെലസ്റ്റിന്‍ പാപ്പാ മാര്‍സെയില്ലെസിലേയും, സമീപ പ്രദേശങ്ങളിലേയും മെത്രാന്‍മാര്‍ക്ക് വിശുദ്ധന്‍ ഓസ്റ്റിന്റെ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുകൊണ്ട് സൈദ്ധാന്തികമായ ഒരു കത്തെഴുതി. എന്നാല്‍ വേദപാരംഗതനായ വിശുദ്ധ ഓസ്റ്റിന്‍ 431-ല്‍ മരിച്ചതിനു ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്.

പക്ഷേ പ്രശ്നങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല, അതിനാല്‍ മതവിരുദ്ധവാദികളെ തന്റെ തൂലികകൊണ്ട് നേരിടുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. തുടര്‍ന്നാണ്‌ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിത വിശുദ്ധന്‍ രചിച്ചത്. ഏതാണ്ട് 431-ലാണ് ഈ കവിത തയാറാക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. കവിതയുടെ ശീര്‍ഷകത്തിലൂടെ സെമിപെലാജിയനിസക്കാരേയാണ് വിശുദ്ധന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇത് വിശുദ്ധന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു രചനയായി പരിഗണിക്കപ്പെടുന്നു.

440-ല്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട മഹാനായ വിശുദ്ധ ലിയോ, വിശുദ്ധ പ്രോസ്പറിനെ റോമിലേക്ക് ക്ഷണിക്കുകയും തന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സഭയുടെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ വീണ്ടും വളര്‍ച്ച പ്രാപിച്ച് കൊണ്ടിരിന്ന പെലജിയന്‍ മതവിരുദ്ധവാദത്തെ വിശുദ്ധന്‍ തന്നാല്‍ കഴിയും വിധം ഇല്ലാതാക്കി. വിശുദ്ധ പ്രോസ്പര്‍ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിതക്ക് പുറമേ ചില ചെറിയ പദ്യങ്ങളും രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘നെസ്റ്റൊറിയന്‍, പെലജിയന്‍ മതവിരുദ്ധ വാദങ്ങള്‍ക്കൊരു ചരമക്കുറിപ്പ്‌’ എന്ന ചെറു കവിത. കൂടാതെ വിശുദ്ധ ഓസ്റ്റിന്റെ ശത്രുക്കള്‍ക്കെതിരായി രണ്ട് ലഘു കവിതകളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ സെമിപെലജിയന്‍ വാദികള്‍വിശുദ്ധനെതിരെ പല ദോഷാരോപണങ്ങളും പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ ഗൗളിഷ്‌ പുരോഹിതന്‍ എന്ന് കരുതപ്പെടുന്ന വിന്‍സെന്റ് എന്ന് പേരായ ഒരാള്‍ വിശുദ്ധന്റെ രചനക്കെതിരായി പതിനാറോളം രചനകള്‍ പ്രസിദ്ധീകരിച്ചു. അതിനെതിരായി വിശുദ്ധ പ്രോസ്പര്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട് അവരുടെ ആക്ഷേപങ്ങളെ ഖണ്ഡിച്ചു. അതിലൊന്ന് ഗൗളുകളുടെ ആക്ഷേപത്തിനുള്ള മറുപടിയും, മറ്റൊന്ന് വിന്‍സെന്റിന്റെ ആക്ഷേപത്തിനുള്ള മറുപടിയുമായിരുന്നു. ജെനോവയിലെ രണ്ട് പുരോഹിതന്‍മാര്‍ക്കായി വിശുദ്ധന്‍ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം വിശുദ്ധ ഓസ്റ്റിന്റെ രചനകളിലെ ചില വാക്യങ്ങളുടെ വ്യാഖ്യാനമായിരുന്നു.

മാര്‍സെയില്ലെസിലെ ആശ്രമാധിപതിയായിരുന്ന കാസ്സിയന്‍ തന്റെ ഗ്രന്ഥം വഴി വിശ്വാസത്തിന്റെ തുടക്കം മനുഷ്യരില്‍ നിന്നുമാണെന്ന് വാദിച്ചപ്പോള്‍ വിശുദ്ധന്‍ അദ്ദേഹത്തിന്റെ രചനയില്‍ നിന്നും പന്ത്രണ്ട് ഭാഗങ്ങള്‍ എടുത്ത്‌, അവയിലെ തെറ്റുകള്‍ ചൂണ്ടികാട്ടുകയും, പെലജിയന്‍ വാദികള്‍ക്കെതിരായി പുറത്തിറക്കിയ പ്രമാണങ്ങള്‍ വഴി തിരുസഭ നിന്ദിച്ചിട്ടുള്ളവവയാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. വിശുദ്ധ ഓസ്റ്റിന്റെ രചനകളെ അടിസ്ഥാനമാക്കി വിശുദ്ധ പ്രോസ്പര്‍ രചിച്ച നാനൂറോളം ആപ്തവാക്യങ്ങളടങ്ങിയ ഗ്രന്ഥം ‘ദൈവാനുഗ്രഹ സിദ്ധാന്തത്തിന്റെ’ വിശേഷപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധനെഴുതിയ ചരിത്രഗ്രന്ഥം ലോകത്തിന്റെ ആരംഭത്തേപ്പറ്റി വിവരിച്ചുകൊണ്ട് ആരംഭിച്ച് എ.ഡി 455 വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ടവസാനിക്കുന്നു. വിശുദ്ധ പ്രോസ്പെറിന്റെ മരണത്തെ പറ്റി കാര്യമായ വിവരങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നാമം റോമന്‍ രക്തസാക്ഷിത്വ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ഫ്രീസ് ലാന്‍ഡിലെ അഡല്‍ബെര്‍ട്ട്

2. ലൂസി ഔസേജാസും കൂട്ടരും

3. സാരസെന്‍സിലെ എവുറോഷിയാ

4. ഗല്ലിക്കാനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2⃣5⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക.

മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു.

നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ’ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും.

എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും.

ജപം
❤️❤️

പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു.

സല്‍ക്രിയ
❤️❤️❤️❤️

തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്.. എന്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.. (സങ്കീർത്തനം : 56/8)

എന്റെ നല്ല ദൈവമേ..
ഇന്നേ ദിവസം ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ സന്തോഷങ്ങളെയും സഹനങ്ങളെയും അങ്ങയുടെ സ്തുതിക്കും മഹത്വത്തിനുമായി കാഴ്ച്ച വച്ചുകൊണ്ട് പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു.. പലപ്പോഴും ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.. എല്ലാം ശരിയാകും എന്നൊക്കെയുള്ള വിശ്വാസത്തിലാണ് ഓരോ ദിവസത്തെയും ക്ലേശങ്ങളെ ഞങ്ങൾ അഭിമുഖീകരിക്കുന്നതും.. അതിജീവിക്കുന്നതും.. എന്നിട്ടും എന്നും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ മാത്രം യാത്ര ചെയ്യാൻ വിധിക്കപ്പെട്ടവരാണോ ഞങ്ങൾ എന്നു പോലും തോന്നിപ്പിക്കുന്ന അനുഭവങ്ങളിലൂടെയും കഷ്ടതകളിലൂടെയും ഞങ്ങൾക്ക് കടന്നു പോകേണ്ടി വരികയും.. വേണ്ടപ്പെട്ടവരിൽ നിന്നുമുള്ള അനുചിതമായ വാക്കുകളാലും പ്രവൃത്തികളാലും അനുദിനം ഞങ്ങളുടെ ഹൃദയം കുത്തിത്തുളയ്ക്കപ്പെടുകയും ചെയ്യുന്നു..

ഈശോയേ.. എന്റെ നോവുകളെയും ഇടർച്ചകളെയും എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഉപാധികളാക്കി മാറ്റേണമേ.. എന്റെ കഷ്ടതകൾ കരകവിഞ്ഞൊഴുകിയാലും ഹൃദയപരമാർത്ഥതയോടെ നിന്നെ സമീപിക്കാനും.. എന്റെ നോവിന്റെ വേനലിടങ്ങളിൽ എന്നും നിന്റെ തിരുഹൃദയത്തണലിൽ മാത്രം അഭയം തേടാനും എന്നെ സഹായിക്കുകയും ചെയ്യണമേ..

മുൾമുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ ദിവ്യഹൃദയമേ.. എന്റെ പാപങ്ങളിന്മേൽ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളേണമേ. ആമേൻ.

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s