ദിവ്യബലി വായനകൾ Saint Thomas, Apostle of India – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 3/7/2021

Saint Thomas, Apostle of India – Solemnity 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഭാരതത്തിന്റെ അപ്പോസ്തലനും
സുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്ന
വിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍,
വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
യേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയും
അവിടത്തെ കര്‍ത്താവും ദൈവവുമായി
ഏറ്റുപറയുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 1:4-9
ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ
ഞാന്‍ നിന്നെ അറിഞ്ഞു;
ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു;
ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല.
കര്‍ത്താവ് എന്നോടരുളിച്ചെയ്തു:

വെറും ബാലനാണെന്നു നീ പറയരുത്.
ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം;
ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം.
നീ അവരെ ഭയപ്പെടേണ്ടാ,
നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്;
കര്‍ത്താവാണിതു പറയുന്നത്.

അനന്തരം കര്‍ത്താവ് കൈ നീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു:

ഇതാ, എന്റെ വചനങ്ങള്‍
നിന്റെ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 117:1bc,2

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;
കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

രണ്ടാം വായന

എഫേ 2:19-22
അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍.

സഹോദരരേ, ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


യോഹ 20:24-29
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!

പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ഞങ്ങളിലുളള ദാനങ്ങള്‍
കാത്തുപാലിക്കണമെന്ന് അങ്ങയോട് യാചിച്ചുകൊണ്ട്,
അങ്ങേക്ക് അര്‍ഹമായ ശുശ്രൂഷ ഞങ്ങള്‍ അങ്ങേക്കു നല്കുന്നു.
അപ്പോസ്തലനായ വിശുദ്ധ തോമസിന്റെ വിശ്വാസപ്രഖ്യാപനം
ഞങ്ങള്‍ വണങ്ങിക്കൊണ്ട്
അങ്ങേക്കു ഞങ്ങള്‍ സ്‌തോത്രബലിയും അര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 20:27

നിന്റെ കൈനീട്ടുകയും ആണിപ്പഴുതുകള്‍ തൊട്ടറിയുകയും ചെയ്യുക;
നീ അവിശ്വാസിയായിരിക്കരുത്; എന്നാല്‍, വിശ്വാസിയായിരിക്കുക.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, ഈ കൂദാശയില്‍ അങ്ങേ ഏകജാതന്റെ ശരീരമാണല്ലോ
ഞങ്ങള്‍ യഥാര്‍ഥത്തില്‍ സ്വീകരിച്ചത്.
അവിടന്ന് ഞങ്ങളുടെ കര്‍ത്താവും ദൈവവുമാണെന്ന്
തോമസ് അപ്പോസ്തലനോടൊപ്പം വിശ്വാസത്തോടെ ഏറ്റുപറയുന്ന ഞങ്ങള്‍,
പ്രവൃത്തിയിലൂടെയും ജീവിതത്തിലൂടെയും
അവിടത്തേക്ക് സാക്ഷ്യംവഹിക്കാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment