അനുദിന വിശുദ്ധർ | ജൂലൈ 02 | Daily Saints | July 02

⚜️⚜️⚜️⚜️ July 02 ⚜️⚜️⚜️⚜️
വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ആ കാരഗ്രഹത്തിന്റെ മേലധികാരിയായിരുന്ന പോളിനൂസിന് ഇതിനെപ്പറ്റിയുള്ള അറിവ് കിട്ടിയപ്പോള്‍ അദ്ദേഹം വിശുദ്ധന്മാരായ പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധരാകട്ടെ സധൈര്യം യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ഏറ്റു പറയുകയും, ജൂപ്പീറ്ററിന്റെ സ്വര്‍ണ്ണംകൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു. ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാന്‍ പടയാളികളോട് ഉത്തരവിട്ടു. തുടര്‍ന്നു അവരെ ക്രൂരമായി പീഡിപ്പിക്കുവാന്‍ പോളിനൂസ് ഉത്തരവിട്ടു. വിശുദ്ധന്മാരെ ഇരുമ്പ് കമ്പികൊണ്ടടിക്കുകയും, തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തതിനു ശേഷം അവരെ വീണ്ടും കാരാഗ്രഹത്തിലടച്ചു.

ലൂസിന എന്ന് പേരായ ദൈവഭക്തയായിരുന്ന ഒരു മഹതി തടവറയില്‍ അവരെ സന്ദര്‍ശിക്കുകയും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രൂരനായ പോളിനൂസിനെ ദൈവം അധികം താമസിയാതെ തന്നെ ശിക്ഷിക്കുകയുണ്ടായി. ആദ്ദേഹം അന്ധനായി തീരുകയും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. പോളിനൂസിന്റെ മകന്‍ നഗരത്തിന്റെ ഭരണാധികാരിയുടെ പക്കല്‍ ചെന്ന് പ്രൊസെസ്സൂസിനേയും, മാര്‍ട്ടീനിയനേയും ഉടന്‍ തന്നെ വധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അപ്രകാരം 67-ല്‍ വിശുദ്ധന്‍മാര്‍ വാളിനിരയാക്കപ്പെട്ടു. വിശുദ്ധന്‍മാരായ ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ലൂസിന അടക്കം ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവരുടെ ശവകുടീരം റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ പാര്‍ശ്വഭാഗത്തായി നിലകൊള്ളുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അസെസ്തസ്

2. ഇറ്റലിയിലെ അരിസ്റ്റോണ്‍, ക്രെഷന്‍ഷിയര്‍, ഏവുട്ടീക്കിയന്‍, ഉര്‍ബന്‍,വൈറ്റാലിസ്

3. ഇറ്റലിയിലെ യുസ്തൂസ്, ഫെലിച്ചീസ്സിമൂസ്, ഫെലിക്സ്, മാര്‍സിയ, സിംഫൊറോസ്

4. ബര്‍ണര്‍ ദിനൂസു റെയാലിനോ

5. മൊന്തെകസീനോയിലെ ലിദാനൂസ്

6. മോണെഗുണ്ടിസ്

7. ബാമ്പെര്‍ട്ടിലെ ഓട്ടോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിന്നെ ഏൽപ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങൾ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കുക..(2തിമോത്തേയോസ് :1/14)

സർവ്വലോകത്തിന്റെയും പ്രകാശമായ യേശുനാഥാ..
അളവില്ലാത്ത സ്നേഹത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനു വേണ്ടി ഒരു ദിവസം കൂടി ഞങ്ങളുടെ ആയുസ്സിൽ ദാനമേകിയ അങ്ങയുടെ കാരുണ്യത്തിന് ഞങ്ങൾ കൃതജ്ഞതയർപ്പിക്കുന്നു.. പലപ്പോഴും അങ്ങ് ഞങ്ങളിൽ ഭരമേൽപ്പിച്ചു തന്ന നല്ല നിക്ഷേപങ്ങളെ അതിന്റെ വിലയറിഞ്ഞു സ്നേഹിക്കാനോ വിശുദ്ധമായി കാത്തു സൂക്ഷിക്കാനോ ഞങ്ങൾ ശ്രമിക്കാറില്ല.. ഞങ്ങളുടെ കഴിവുകൾ.. ഞങ്ങൾക്കു മേൽ അനുദിനം വർഷിക്കപ്പെടുന്ന ദൈവകൃപകൾ.. ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവവിളി.. എല്ലാറ്റിനെയും വളരെ നിസാരമായി കരുതുകയും.. എന്റെ സ്വന്തം മേന്മകളാണെന്ന് അവകാശപ്പെടുകയും ചെയ്തു കൊണ്ട് നിന്റെ ഇഷ്ടത്തെക്കാളേറെ എന്റെ തീരുമാനങ്ങൾ നേടിയെടുക്കണം എന്ന വാശിയിൽ മുന്നോട്ടു പോവുകയാണ് ചെയ്യാറുള്ളത്..

ഈശോയേ.. ഞങ്ങൾക്കു സ്വന്തമായിരിക്കുന്നതൊന്നും ഞങ്ങളുടെ നേട്ടങ്ങളല്ലെന്നും..അത് ദൈവകൃപയാലുള്ള ദാനങ്ങൾ മാത്രമാണെന്നുമുള്ള ബോധ്യത്തിലേക്ക് ഞങ്ങളെ നയിക്കേണമേ.. അപ്പോൾ അർഹതയില്ലാത്ത അഹങ്കാര ദുർമോഹങ്ങളിൽ ആകൃഷ്ടരാകാതെ ഞങ്ങളും എളിമയുള്ള ഹൃദയഭാവത്തെ സ്വന്തമാക്കുകയും.. ആത്മാവിന്റെ നിത്യരക്ഷയെ മാത്രം ആഗ്രഹിക്കുന്നവരായി അനുദിനം നിന്നിൽ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യും..

വിശുദ്ധ മിഖായേൽ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
എഫേസോസ്‌ 5 : 20

Leave a comment