അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

“അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ് ഞങ്ങൾക്കുവേണ്ടി “

സോളമനച്ചൻ
കൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ ഫാ. സോളമൻ സി.എം.ഐ !
അദ്ദേഹത്തേക്കുറിച്ചുള്ള ലേഖനം കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് അന്ധനായ ആ സഹവൈദികനെക്കുറിച്ച് അറിഞ്ഞത്.

ചമ്മൽ മറച്ചുവെക്കാതെ തന്നെയാണ് അന്നു തന്നെ അമല മെഡിക്കൽ കോളേജിലെ പ്രിയ സുഹൃത്ത് Fr. Deljo Puthoor നെ വിളിച്ച് നമ്പർ സംഘടിപ്പിച്ചത്. സ്വതസിദ്ധമായ വാചകമടിക്കപ്പുറം സോളമനച്ചനെക്കുറിച്ച് പറയാൻ ഫാദർ ഡെൽജോയ്ക്ക് നൂറുനാവ്. തുടർന്ന് സോളമനച്ചനോട് സംസാരിച്ചതിൻ്റെ ചൈതന്യത്തിലാണ് അന്ന് ഫേസ്ബുക്കിൽ എഴുതിയത്. അതിൻ്റെ ലിങ്ക് ചുവടെ:

https://www.facebook.com/simon.varghese.14/posts/1495503173991498

അല്ല, ആരു പറഞ്ഞു സോളമനച്ചൻ അന്ധനാണെന്ന്?

നമ്മെക്കാൾ പല മടങ്ങ് ജ്വാലയുള്ള ഉൾവെളിച്ചത്താൽ പ്രകാശിതനാണ്, അനേകം അംഗപരിമിതർക്ക് അത്താണിയായ ഈ വൈദികൻ!

തൻ്റെ അന്ധതയിൽ ദൈവത്തിൻ്റെ കരം കാണാൻ കഴിഞ്ഞു. അതാണ് അദ്ദേഹത്തിൻ്റെ ദർശനപരിമിതിയെ പ്രകാശമാനമാക്കിയ പരമാർത്ഥം.

വീണ്ടും അദ്ദേഹത്തെ ഓർമ്മയിൽ കൊണ്ടുവന്നത് ഇന്നത്തെ (ഞായർ, 4 ജൂലൈ 2021) മലയാള മനോരമയുടെ വാർഷികപ്പതിച്ചിലെ ‘ സോളമൻ്റെ ദർശനങ്ങൾ ‘ എന്ന ഫീച്ചറാണ്.

സോളമനച്ചൻ ജന്മനാ അന്ധനായിരുന്നില്ല

35 വയസ്സുവരെ അദ്ദേഹത്തിൻ്റെ കാഴ്ചയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ അദ്ദേഹം അന്ധനായി? അതറിയുമ്പോഴാണ് അതൊരു മിഷനറി സന്യാസത്യാഗത്തിൻ്റെ തിരുശേഷിപ്പായിരുന്നു എന്നു നാം സാദരം തിരിച്ചറിയുന്നത്.

മധ്യപ്രദേശിലെ ഭോപ്പാൽ പ്രവശ്യാംഗമാണദ്ദേഹം. അവിടെ ഒരു ആദിവാസി മേഖലയിൽ മിഷനറിയായിരുന്നു. നാലു വർഷത്തിനിടെ പത്തിലധികം തവണയാണ് അദ്ദേഹത്തെ മലേറിയ പിടികൂടിയത്. തുടർന്ന് തൻ്റെ യൗവനത്തികവിൽ കാഴ്ച ശക്തി പൂർണ്ണമായും സോളമൻ അച്ചനെ വിട്ടുപോയി. നിങ്ങൾ വടക്കേ ഇന്ത്യൻ കുഗ്രാമങ്ങളിലെ മിഷനറിമാരായ വൈദികരോട് സംസാരിക്കണം. നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ കടുകട്ടിയാണ് അവരുടെ ജീവിതം. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന എൻ്റെ വൈദിക സുഹൃത്തുക്കളിൽ മലേറിയ വരാത്ത ആരും തന്നെയില്ല.

ഇരുട്ടു വന്ന വഴികൾ..

തനിക്ക് കാഴ്ച ഒരു സുപ്രഭാതത്തിൽ അന്യമായതല്ല. മെല്ലെമെല്ലെയുള്ള ഒരു കാഴ്ചക്ഷയമായിരുന്നത്.
ആദ്യം, കാഴ്ചകൾക്ക് പൊതുവെ ഒരു മങ്ങൽ.
പിന്നെ, രാത്രി ഒന്നും കാണാനാകാതെയായി.
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അകലം തിരിച്ചറിയാൻ കഴിഞ്ഞില്ല
ഒന്നാന്തരം ബൈക്ക് യാത്രികനായ തൻ്റെ ബൈക്ക് പലേടത്തും ഇടിച്ചു തുടങ്ങിയപ്പോഴാണ് എന്തോ കാര്യമായ പിശകുണ്ടല്ലോ എന്ന് അദ്ദേഹത്തിന് സ്വയം തോന്നുന്നത് തന്നെ.
ഭവനത്തിലെ സുപ്പീരിയർ എന്ന നിലയിൽ ഒപ്പിടേണ്ട ആവശ്യം വരുമ്പോൾ ഒപ്പിടേണ്ട പേപ്പർ സഹിതം കാണാതാകുന്നതും, പരസഹായത്തോടെ കണ്ടെത്തുമ്പോൾ ഒപ്പിടേണ്ട സ്ഥലം ഇരട്ടിക്കുന്നതും നിസ്സഹായതയോടെയും അവിശ്വസനീയതയോടെയും അദ്ദേഹം തിരിച്ചറിഞ്ഞു..

അങ്ങനെയാണ്
ഹൈദരാബാദിലെ എൽ വി പ്രസാദ് കണ്ണാശുപത്രിയിലെ ഒരു സംഘം ഡോക്ടേഴ്സിൻ്റെ മുന്നിലേക്ക് സോളമനച്ചൻ എത്തപ്പെട്ടത്.

“ഫാദർ സോളമൻ, താങ്കൾ 75 ശതമാനം അന്ധനാണ്. താങ്കൾക്ക് താമസിയാതെ കാഴ്ച പൂർണമായും നഷ്ടപ്പെടും” ആരും ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത പ്രവചനം. അതു കേട്ടപ്പോഴാണ് അദ്ദേഹത്തിൻ്റെ കണ്ണിൽ യഥാർത്ഥത്തിൽ ഇരുട്ടു കയറിയതെന്നു പറയുന്നതാകും കൂടുതൽ ശരി. സന്യാസിയെ ആശ്വസിപ്പിക്കാൻ ആത്യന്തികമായി ദൈവം മാത്രം! അതുതന്നെയാണല്ലോ ഏറ്റവും വലിയ ആശ്വാസം എന്ന തിരിച്ചറിവുതന്നെയാണ് അയാളുടെ ഏകാഭയവും.

മധ്യപ്രദേശിനോട് ഗുഡ്ബൈ

തുടർന്ന് സോളമനച്ചൻ തൻ്റെ പ്രവർത്തനമണ്ഡലം തൃശൂരിലെ അമല മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അങ്ങനെ, മധ്യപ്രദേശിൽ നിന്ന് നാട്ടിലേക്ക് യാത്രയാകാൻ തീരുമാനിച്ചു.
ആദിവാസികൾക്കായി അദ്ദേഹം തുടങ്ങിയ മൈത്രി വികാസ് കേന്ദ്രത്തിനും,
റൂറൽ ഡെവലപ്മെൻറ് സൊസൈറ്റിക്കും, സീഡ് ബാങ്കിനും
കുട്ടികളുടെ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾക്കും
സോളമനച്ചനെക്കുറിച്ച് ഏറെ പറയാനുണ്ട്, തീർച്ച.

സാഗാർ ജില്ലയിലെ ടെഡ് ഗ്രാമത്തിലെ വരണ്ടു കിടന്ന ആദിവാസി കുന്നുകളൊന്നിൽ മഴവെള്ളം തട്ടുകളായി കെട്ടിനിർത്തി ആ പാഴ്ഭൂമികയിൽ പറുദീസാ സൃഷ്ടിച്ച ആ സന്യാസ വൈദികൻ ചെറുപ്പത്തിൽതന്നെ അതെല്ലാം വിട്ട് നാട്ടിലേക്ക് തിരിച്ചു, അന്ധനെന്ന അടക്കം പറച്ചിലുകൾക്ക് നേരെ കണ്ണടച്ചുകൊണ്ട്.

എന്നാൽ, അദ്ദേഹത്തിൻ്റെ കാഴ്ച എത്രമാത്രം മാത്രം നേർത്തു കൊണ്ടിരുന്നുവോ അത്രമാത്രം സഭ അദ്ദേഹത്തെ സ്നേഹിച്ചുവെന്ന് പറയുന്നതാകും കൂടുതൽ ശരി. അതിൻ്റെ ഭാഗമായിട്ടു തന്നെയാണ് അദ്ദേഹത്തെ സുപ്രസിദ്ധമായ അമല മെഡിക്കൽ കോളേജിലേക്കുതന്നെ പറിച്ചുനട്ടത് അത്

കാഴ്ച നഷ്ടപ്പെട്ടു; ഇനി ഉൾക്കാഴ്ചക്കാലം

അതെക്കുറിച്ച് മാതൃഭൂമി കുറിച്ചത് ഇങ്ങനെ:
“അക്കാലത്ത് സോളമൻ ചിന്തിച്ചത് കാഴ്ച എങ്ങനെ തിരികെ പിടിക്കാം എന്നല്ല, കാഴ്ചയില്ലാത്തവരെ എങ്ങനെ ചേർത്തുപിടിക്കണം എന്നാണ് ” ഇങ്ങനെയുമുണ്ടോ മനുഷ്യർ?

അതു വെറും മുഖസ്തുതിയല്ലെന്ന് തുടർന്നുള്ള കാര്യങ്ങൾ തെളിയിക്കുന്നു.
മലയാള മനോരമയുടെ ഭാഷയിൽ പറഞ്ഞാൽ:
“അമലയിൽ അച്ചൻ വീണ്ടും കുട്ടിയായി. കാണാപ്പാഠം ചൊല്ലിപ്പഠിക്കുന്ന കുട്ടി! കുർബാന കാണാതെ ചൊല്ലി പഠിച്ചു. ചാപ്പലിൽ കാണാക്കുർബാന ചൊല്ലും – അച്ചൻ്റെ സ്പെഷ്യൽ ബൈഹാർട്ട് കുർബാന. അമലയിൽ മരിക്കാറായി കിടക്കുന്ന രോഗികൾക്ക് രോഗിലേപനം കൊടുക്കണം ആ പ്രാർത്ഥനയും കാണാതെ പഠിച്ചു. എണ്ണിയാലൊടുങ്ങാത്ത വിധം നീളൻ വരാന്തകളുള്ള അമല ആശുപത്രിയിലെ വരാന്തകളും കാണാപാഠമായി. അച്ചൻ നടന്നു പോകുന്നതു കാണുമ്പോൾ കാഴ്ചയില്ലന്ന് ആർക്കുമറിയില്ല. ഒരു നിഴൽ പോലെ എന്തോ ഒന്ന് ഇപ്പോഴും മുന്നിലുണ്ടെന്ന് സോളമനച്ചൻ പറയുന്നു അതു ചെറിയ ഒരു കാഴ്ചയാകാം, ചിലപ്പോൾ ദൈവമാകാം”

ബ്രെയിൽ ലിപി പഠിച്ച സോളമനച്ചൻ പിന്നീട് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചെത്തിച്ചത് ജീവിതത്തിൽ ഒന്നുമല്ലാതായിത്തീരുമായിരുന്ന അനേകരെയാണ്. ഒരുപക്ഷേ അതിനു വേണ്ടിയുള്ള ഒരു ത്യാഗനിയോഗമായിരിക്കാം ഈ അന്ധത ! സോളമനച്ചനാകെ മാറിപ്പോയി ഇന്ന് അദ്ദേഹം ഒരു ആത്മീയ പവർഹൗസാണ് അദ്ദേഹത്തിൻ്റെ ബാച്ചുകാരനായ Vineeth Achan പറഞ്ഞു.

600 ഭിന്നശേഷിക്കാരെ ദർശന ക്ലബ്ബ് എന്ന കൂരയുടെ കീഴിൽ കൊണ്ടുവന്നു. ഓരോരുത്തരുടെയും കഴിവുകളെ തൊട്ടുണർത്തി.
ഇപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി സംരംഭങ്ങൾ:

🔴 ഇന്ത്യയുടെ ആദ്യത്തെ കാഴ്ച പരിമിതരുടെ നീന്തൽ ടീം.( നാഷണൽ പാരാ ഒളിമ്പിക്സിൽ നീന്തലിൽ നാട്ടിലേക്ക് വെങ്കലം കൊണ്ടുവന്നത് ഈ നീന്തൽ ടീമംഗമായ 70% കാഴ്ചയില്ലാത്ത പാലക്കാട് വടക്കാഞ്ചേരി സ്വദേശി മനോജാണ്.

🔵 ദർശന ബ്ലൈൻഡ്ക്രിക്കറ്റ് ടീംസ് ( കാഴ്ച പരിമിതർ ക്രിക്കറ്റും കളിക്കും!)

🔴 അന്ധർക്കുള്ള ചെസ്സ് ടൂർണമെൻറ്

⚫ അന്ധരുടെശിങ്കാരിമേളം ടീം

👉 ഇരുളേറ്റം നാടൻപാട്ട് സംഘം

🔥അംഗപരിമിതർ കൂടി അംഗങ്ങളായ ഓർക്കസ്ട്ര

🌐 വീൽചെയർ ബാസ്ക്കറ്റ്ബോൾ ടീം

🔵 അന്ധരുടെ ഫുട്ബോൾ ടീം

🌀കേൾവിപരിമിതരുടെ വടംവലി സംഘം

ദർശന യൂട്യൂബ് ചാനലിൽ മാർഗദർശികൾ എന്ന പരിപാടിയിൽ അന്ധരുടെ ജീവിതം പരിചയപ്പെടുത്തി, സോളമനൻ.

ഇപ്പോൾ അമല മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ രോഗികൾക്ക് കൗൺസിലിംഗ് നടത്തുകയാണദ്ദേഹം-സ്പിരിച്ച്വൽ ആനിമേറ്റർ.

അറിഞ്ഞറിഞ്ഞുവരുമ്പോൾ അത്ഭുതവും, പ്രചോദനവുമായി മാറിമാറിവിളങ്ങുകയാണ് ഈ തൃശൂരുകാരൻ.

തൻ്റെ അന്ധതയിൽ ദൈവത്തിൻ്റെ കരം കാണാൻ കഴിഞ്ഞ ഈ സന്യാസ വൈദികൻ അംഗപരിമിതർക്കും, ഇതര പരിമിതികളിലൂടെ കടന്നു പോകുന്നവർക്കും മാതൃകയാണ്, പ്രചോദനമാണ്. അഭിനന്ദിക്കേണ്ടതെങ്ങനെയെന്നറിയില്ല പ്രിയ സുഹൃത്തേ.

കാഴ്ചയില്ലാത്ത സിബില പറഞ്ഞ വാക്കുകൾ മനോരമ കുറിച്ചിരിക്കുന്നതു വായിക്കുമ്പോൾ കാഴ്ചയുള്ള നമ്മുടെ കണ്ണുകൾ കരകവിയും:
“അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ് ഞങ്ങൾക്കുവേണ്ടി “
– സൈ

Advertisements
Advertisements
Advertisement

One thought on “അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s