ആഗസ്റ്റ് 2 ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം

വീണ്ടുമൊരു പോര്‍സ്യുങ്കുല ദണ്ഡവിമോചനദിനം കൂടി വന്നെത്തി…

ആഗസ്റ്റ് 2: ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം

ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച പൂർണ്ണ ദണ്ഡവിമോചനമാണ് ‘പോര്‍സ്യുങ്കുല ദണ്ഡവിമോചനം’. ആഗസ്റ്റ് ഒന്ന് സന്ധ്യ മുതല്‍ രണ്ട് സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകൻ അസ്സീസിയിലെ എളിയ മനുഷ്യൻ എന്ന് അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് ആണ് പോര്‍സ്യുങ്കുല ദണ്ഡവിമോചനത്തിന്റെ കാരണക്കാരൻ. ഇന്ന് നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ പരിശുദ്ധ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് ‘പോര്‍സ്യുങ്കുല ദണ്ഡവിമോചനം’.

നാലാം നൂറ്റാണ്ടിൽ ലിബേരിയൂസ് പാപ്പായുടെ കാലത്ത് ജോസഫാത്ത് താഴ്-വരയിൽ നിന്നുള്ള സന്യാസിമാർ പരിശുദ്ധ മറിയത്തിന്റെ കബറിടത്തിൽ നിന്നുള്ള തിരുശേഷിപ്പ് കൊണ്ടുവന്ന് ‘ജോസഫാത്ത് താഴ്-വരയുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ ദൈവാലയം’ എന്ന പേരിൽ സ്ഥാപിച്ച കപ്പേളയാണ് ‘പോര്‍സ്യുങ്കുല’. AD 516 ൽ ഈ ദൈവാലയം വി. ബനഡിക്ടിന്റെ കൈവശം എത്തിചേർന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ആ പ്രദേശവാസികൾ അവിടെ മാലാഖമാരുടെ സംഗീതം കേൾക്കാറുണ്ടായിരുന്നു, അങ്ങനെ ‘മാലാഖമാരുടെ രാജ്ഞിയുടെ ദൈവാലയം’ എന്ന് അത് അറിയപ്പെടാൻ തുടങ്ങി. ബനഡിക്ടൈൻ സന്യാസിമാരുടെ ഒരു കേന്ദ്രമായിരുന്നു ആ ദൈവാലയം എങ്കിലും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടു.

പരിശുദ്ധ കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വി. ഫ്രാൻസിസ് ജീർണ്ണാവസ്ഥയിലായിരുന്ന ഈ ദൈവാലയം സ്വന്തം കരങ്ങൾകൊണ്ട് പുനരുദ്ധരിക്കുകയും അതിനോടു ചേര്‍ന്ന് താമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെവച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, എളിയ സഹോദരൻമാരുടെ സഭ (OFM) എന്ന ഫ്രാൻസിസ്കൻ ഒന്നാം സഭക്ക് രൂപം നല്‍കുന്നതും. 1211 ൽ ബനഡിക്ടൈൻ ആശ്രമത്തിന്റെ ആബട്ട് ഈ ദൈവാലയം ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മാതൃഭവനം ആക്കുന്നതിന് വി. ഫ്രാൻസിസിന് കൈമാറി. അതേ വർഷം ഓശാന തിരുന്നാളിൽ വി. ക്ലാരയുടെ നിത്യവൃത വാഗ്ദാനം വി. ഫ്രാൻസിസ് ഇവിടെവച്ച് സ്വീകരിച്ച് ‘എളിയ സഹോദരിമാർ’ (Poor Clares) എന്ന ഫ്രാൻസിസ്കൻ രണ്ടാം സഭക്ക് രൂപം നൽകി. തനിക്ക് വേണ്ടിയും തന്റെ സമൂഹത്തിനു വേണ്ടിയും മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ പരിശുദ്ധ ദൈവമാതാവിനോട് കരഞ്ഞപേക്ഷിച്ചിരുന്നതും ഇവിടെ വച്ചായിരുന്നു.

പിന്നീട് വി. ഫ്രാൻസിസിന് ഈശോയും പരിശുദ്ധ മറിയവും ഈ ദൈവാലയത്തിൽവച്ച് പ്രത്യക്ഷപ്പെട്ടു. തന്നെ ആരാധിച്ച ഫ്രാൻസിസിനെ അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു. “ഫ്രാൻസിസ്, നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിനക്ക് ആഗ്രഹമുള്ള അനുഗ്രഹം ചോദിക്കുക”. വി. ഫ്രാൻസിസ് വലിയ ശരണത്തോടുകൂടി അപേക്ഷിച്ചു: “ദിവ്യനാഥാ, അങ്ങേക്ക് സ്തുതി ഈ മഹാപാപിക്ക് അനേകം അനുഗ്രഹങ്ങൾ അവിടുന്ന് നൽകി. എന്റെ എല്ലാ പാപങ്ങളും പൂർണ്ണമായി മോചിച്ചതിന് അങ്ങയെ ഞാൻ സ്തുതിക്കുന്നു. ഈ രാജ്യത്തുള്ള മറ്റനേകം പാപികളുടെ കാര്യമോർത്ത് ഞാൻ ദു:ഖിക്കുകയാണ്. അവർക്കു വേണ്ടി അങ്ങയുടെ തിരുരക്തം മുഴുവൻ അങ്ങ് ചിന്തി അതുകണ്ട് അങ്ങയുടെ നല്ല അമ്മ കരഞ്ഞുവല്ലോ. ഇന്നും ഈ അമ്മ സങ്കടപ്പെടുകയാണ്. ഈ അമ്മയെ ആശ്വസിപ്പിക്കുവാൻ അങ്ങ് കനിയണമേ. മാലാഖമാരുടെ രാജ്ഞിയായ ഈ അമ്മയുടെ നാമത്തിൽ പണിയപ്പെട്ട ഈ ദൈവാലയത്തിൽ പ്രവേശിച്ചു പാപങ്ങൾ വെറുത്ത്, പാപവഴികൾ ഉപേക്ഷിച്ച്, നല്ല കുമ്പസാരം ചെയ്ത്, പരിശുദ്ധ കുർബാന കൈകൊണ്ട് പ്രാർത്ഥിക്കുന്ന എല്ലാവർക്കും പരിപൂർണ്ണ പാപമോചനം നൽകണമേ. ശുദ്ധീകരണ സ്ഥലത്തിൽ അനുഭവിക്കേണ്ടിവരുന്ന ശിക്ഷകൂടി നീക്കേണമേ.” അനന്തരം അദ്ദേഹം പരിശുദ്ധ മാതാവിന്റെ നേരെ നോക്കി. സമ്മതം മൂളുന്ന രീതിയിൽ ത്രിലോക രാജ്ഞി തലകുനിച്ചു. ദിവ്യനാഥൻ പ്രസാദിച്ചുകൊണ്ട് ഇപ്രകാരം മറുപടി നൽകി: “എന്റെ അമ്മക്ക് ആനന്ദപ്രദമായ ഈ അനുഗ്രഹം സസന്തോഷം ഞാൻ നൽകുന്നു. എന്നാൽ എന്റെ വികാരിയുടെ അനുവാദം വാങ്ങികൊള്ളണം.”

ഈ ദർശനത്തിന്റെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുലയിൽ പൂർണ്ണ ദണ്ഡവിമോചനം അംഗീകരിക്കണം എന്ന് വി. ഫ്രാന്‍സിസ് ഹോണോറിയൂസ് മൂന്നാമൻ പാപ്പായോട് നേരിട്ട് അഭ്യർത്ഥിച്ചു. പരിശുദ്ധ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അതുവരെ നൽകിയിട്ടില്ലാത്ത ‘സമ്പൂര്‍ണ്ണ ദണ്ഡവിമോചനം’ അനുവദിക്കുവാന്‍ പാപ്പാ ആദ്യം വിസമ്മതിച്ചു. എന്നാൽ അത് ദൈവഹിതമാണെന്ന് മനസ്സിലാക്കിയ പാപ്പ അന്നുതന്നെ അത് അംഗീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്റെ മകനെ, വി. പത്രോസിനെ ബന്ധനവിമുക്തനാക്കിയ തിരുന്നാൾ ആഗസ്റ്റ് മാസം ഒന്നാം തിയതി ആണല്ലോ. അതിന്റെ പിറ്റേദിവസം പോർസ്യുങ്കുല ദൈവാലയത്തിൽകയറി കുമ്പസാരിച്ച് പരിശുദ്ധ കുർബാന സ്വീകരിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം എല്ലാകാലത്തേക്കുമായി നാം അനുവദിച്ചുതരുന്നു. എല്ലാ അയൽ രൂപതകളുടെയും മെത്രാൻമാരെ ക്ഷണിച്ചു വരുത്തി, ആഗസ്റ്റ് രണ്ടാം തിയതി ഈ ദൈവാലയം മാലാഖമാരുടെ രാജ്ഞിക്ക് പ്രതിഷ്ഠിക്കുകയും, ഈ ദണ്ഡവിമോചനം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുക.” അതനുസരിച്ച് 1216 ആഗസ്റ്റ് 2 ന് ഏഴ് രൂപതകളുടെ മെത്രാൻമാരുടേയും അനേകം വൈദീകരുടേയും വളരെയധികം ജനങ്ങളുടെയും സാന്നിധ്യത്തിൽ വി. ഫ്രാൻസിസ് ‘പോർസ്യുങ്കുല ദണ്ഡവിമോചനം’ പരസ്യമായി പ്രഖ്യാപിച്ചു. കാലക്രമേണ ഈ പൂർണ്ണ ദണ്ഡവിമോചനം ഫ്രാൻസിസ്കൻ സഭാഗങ്ങളുടെ ഇതരദൈവാലയങ്ങളിലും പ്രാപിക്കാമെന്ന് മാർപ്പാപ്പമാർ കൽപ്പിച്ചു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ പറയും പ്രകാരം ‘അപരാധവിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് CCC 1471 ചൂണ്ടിക്കാട്ടുന്നു. ‘പോര്‍സ്യുങ്കുല ദണ്ഡവിമോചനം’ പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നുള്ള പൂര്‍ണ്ണമായ ഇളവാണ്.

പോർസ്യുങ്കുല ദണ്ഡവിമോചനം എങ്ങനെ നമുക്ക് സ്വീകരിക്കാം?

👉 ആഗസ്റ്റ് 2 ന് മുൻപുള്ള 8 ദിവസങ്ങളിലോ, ശേഷമുള്ള അടുത്ത ദിവസങ്ങളിലോ നല്ല കുമ്പസാരം നടത്തുക.

👉 ആഗസ്റ്റ് 2 ന് ഏതെങ്കിലും ഫ്രാൻസിസ്കൻ ദൈവാലയത്തിൽ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക (അടുത്ത് ഫ്രാൻസ്കൻ സഭാഗങ്ങളുടെ ദൈവാലയം ഇല്ലെങ്കിൽ സ്വന്തം ഇടവക ദൈവാലയത്തിലും ഈ ആനുകൂല്യം ലഭ്യമാണ്).

👉 അവിടെവച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസപ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക (1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ).

ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ‘സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്ക’യിലാണ് ഇപ്പോള്‍ ‘പോര്‍സ്യുങ്കുല ചാപ്പല്‍’ സ്ഥിതി ചെയ്യുന്നത്. വിശ്വാസത്തോടെ നമുക്കും ഈ ദണ്ഡവിമോചനം സ്വീകരിക്കാം.

ദൈവം എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.

NB: കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ദൈവാലയ പ്രവേശനവും കൂദാശ സ്വീകരണവുമായി ബന്ധപ്പെട്ട് പരിശുദ്ധ സഭ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഈ ദണ്ഡവിമോചനം പ്രാപിക്കുന്നതാണ്.

✍Bro. Joe Ben Elohim MSTC
Friar of the Cross of Mount HESED

Advertisements

Leave a comment