ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 8/9/2021


The Birthday of the Blessed Virgin Mary – Feast 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനം
അങ്ങേ ദാസര്‍ക്കു നല്കണമേ.
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
രക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്
ഈ കന്യകയുടെ ജനനത്തിരുനാള്‍,
സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

മിക്കാ 5:1-4a
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

ബേത്‌ലെഹെം- എഫ്രാത്താ,
യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി
നിന്നില്‍ നിന്നു പുറപ്പെടും;
അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ
അവന്‍ അവരെ പരിത്യജിക്കും.
പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍
ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
കര്‍ത്താവിന്റെ ശക്തിയോടെ
തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ,
അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും.
ഭൂമിയുടെ അതിര്‍ത്തിയോളം
അവന്‍ പ്രതാപവാനാകയാല്‍
അവര്‍ സുരക്ഷിതരായി വസിക്കും.
അവന്‍ നമ്മുടെ സമാധാനമായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 13:5ab,6c

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 1:1-16,18-23
അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.
ഇസഹാക്ക് യാക്കോബിന്റെയും
യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ.
പേരെസ്‌ ഹെസ്‌റോന്റെയും
ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും
നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും
ഓബദ് ജസ്സെയുടെയും
ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.

ദാവീദ് ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
സോളമന്‍ റഹോബോവാമിന്റെയും
റഹോബോവാം അബിയായുടെയും
അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും
യോസഫാത്ത് യോറാമിന്റെയും
യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും
യോഥാം ആഹാസിന്റെയും
ആഹാസ് ഹെസെക്കിയായുടെയും
ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും
ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും
സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും
അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും
ആസോര്‍ സാദോക്കിന്റെയും
സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും
എലിയൂദ് എലെയാസറിന്റെയും
എലെയാസര്‍ മഥാന്റെയും
മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
സന്തോഷത്തോടെ ആഘോഷിച്ചുകൊണ്ട്,
ഞങ്ങളുടെ കാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തില്‍ നിന്ന്
ശരീരം ധരിക്കാന്‍ തിരുവുള്ളമായ
അങ്ങേ പുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങള്‍ക്ക് സഹായകമാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ
ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനു വരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ
സമഗ്രത കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14; മത്താ 1:21

ഇതാ, തന്റെ ജനത്തെ
അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുന്ന പുത്രനെ
കന്യക പ്രസവിക്കും.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സര്‍വലോകത്തിനും പ്രത്യാശയും
രക്ഷയുടെ പൊന്‍പുലരിയുമായ
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തില്‍ ഒന്നിച്ചാനന്ദിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിച്ച
അങ്ങേ സഭ ആഹ്ളാദിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment