സമൂഹ പ്രാർഥന എന്തിന്?

സമൂഹ പ്രാർഥന എന്തിന്?
———————————————–
എന്തിനാണു നാം ഒരുമിച്ചു പ്രാർത്ഥിക്കുന്നത്? തനിച്ചിരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കില്ലേ? ഈ കോവിഡ് കാലത്ത് എന്തിനാണ് ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നത്? ഇതെല്ലം പലരുടെയും മനസിലുള്ള സംശയമാണ്. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് അതിനുള്ള കൃത്യമായ മറുപടി തരുന്നുണ്ട്. അദ്ദേഹത്തിന്റെ The Secret of Rosary എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. രണ്ടു സമൂഹമായി ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്യുമ്പോഴാണു സമൂഹപ്രാർത്ഥനയുടെ ഗുണഗണങ്ങളെപ്പറ്റി അദ്ദേഹം വാചാലനാകുന്നത്.

പ്രാർത്ഥിക്കാനായി മനുഷ്യർ ഒന്നിച്ചുകൂടുന്നതു ദൈവത്തിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അപ്പോൾ അത് തീർച്ചയായും പിശാചിനു വെറുപ്പുള്ള കാര്യമായിരിക്കുമല്ലോ. അതുകൊണ്ടാണ് അവൻ സമൂഹപ്രാർത്ഥനയ്‌ക്കെതിരായ ചിന്തകൾ മനുഷ്യരിലേക്കു കടത്തിവിടുന്നത്. രണ്ടോ മൂന്നോ പേർ തന്റെ നാമത്തിൽ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മധ്യേ താൻ ഉണ്ടായിരിക്കും എന്ന ഈശോയുടെ വാഗ്ദാനം മാത്രം മതിയല്ലോ സമൂഹപ്രാർത്ഥനയുടെ വില മനസിലാക്കാൻ! ആദിമനൂറ്റാണ്ടുകളിലെ അതിക്രൂരമായ ക്രൈസ്തവപീഡനങ്ങളുടെ നാളുകളിലും വിശ്വാസികൾ രഹസ്യമായി ഒരുമിച്ചുകൂടി പ്രാർത്ഥിച്ചിരുന്നത് അതുകൊണ്ടാണ്. ‘പലരും ചെയ്യുന്നതുപോലെ നിങ്ങൾ നിങ്ങളുടെ സഭായോഗങ്ങൾ ഉപേക്ഷിക്കരുത് എന്നു മാത്രമല്ല ആ ദിവസം അടുത്തുവരുമ്പോൾ നിങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം’ എന്ന് അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ.

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ അഭിപ്രായത്തിൽ സമൂഹമായി ജപമാല ചൊല്ലുന്നതിനു നമ്മെ ഉത്സുകരാക്കേണ്ട പ്രധാനകാരണങ്ങൾ ഇവയാണ്.

1. ഏകാന്ത പ്രാർത്ഥനയേക്കാൾ സമൂഹ പ്രാർത്ഥനാവേളയിൽ നാം കൂടുതൽ ജാഗരൂകരായിരിക്കും.

2. സമൂഹപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും കൊച്ചുകൊച്ചു പ്രാർത്ഥനകൾ ഒരുമിച്ചുചേർന്ന് ഒരു വലിയ പ്രാർത്ഥനയായി മാറുന്നു.

3. സമൂഹത്തിൽ ഒരാൾക്കു പ്രാർത്ഥനയിലുള്ള മന്ദതയും അലസതയും മറ്റുള്ളവരുടെ തീക്ഷ്ണതയും ഉത്സാഹവും കൊണ്ടു പരിഹരിക്കപ്പെടുന്നു.

4. തനിച്ചിരുന്ന് ഒരു ജപമാല ചൊല്ലുമ്പോൾ നമുക്ക് ആ ഒരു ജപമാലയുടെ മാത്രം യോഗ്യത ലഭിക്കുന്നു. എന്നാൽ കൂട്ടമായി ജപമാല ചൊല്ലുമ്പോൾ അതിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെയത്രയും ജപമാലകളുടെ യോഗ്യത ലഭിക്കുന്നു.

5. സമൂഹമായുള്ള ജപമാലയർപ്പണം പ്രോത്സാഹിപ്പിക്കാനായി ഉർബൻ എട്ടാമൻ പാപ്പാ രണ്ടു സമൂഹമായി തിരിഞ്ഞു ജപമാല ചൊല്ലുമ്പോഴൊക്കെ 100 ദിവസത്തെ ദണ്ഡവിമോചനം അനുവദിച്ചിരുന്നു.

6. ദൈവത്തിന്റെ ക്രോധം ശമിപ്പിക്കുന്നതിനു സമൂഹപ്രാർത്ഥനയാണു തനിച്ചുള്ള പ്രാർത്ഥനയെക്കാൾ കൂടുതൽ ഉപകരിക്കുന്നത്. നിനവെയിലെ ജനങ്ങളുടെ ഉപവാസപ്രാർത്ഥന ഓർക്കുക. ദുരന്തങ്ങളുടെയും സഹനങ്ങളുടെയും നാളുകളിൽ ഇസ്രായേൽ ജനവും സമൂഹമായി പ്രാർത്ഥിച്ചിരുന്നു.

7. മഹാമാരികളും ദുരന്തങ്ങളും മനുഷ്യരാശിയെ വേട്ടയാടുമ്പോളെല്ലാം സഭ സമൂഹപ്രാർത്ഥനയ്ക്കു പരസ്യമായി ആഹ്വാനം ചെയ്യാറുണ്ട്.

8. പിശാചിനെ സംബന്ധിച്ചിടത്തോളം സമൂഹപ്രാർത്ഥന ഒരു ശത്രുസൈന്യത്തിന്റെ കൂട്ടായ ആക്രമണമാണ്. അതുകൊണ്ടു തനിച്ചുള്ള പ്രാർത്ഥനയെക്കാൾ അധികം അവൻ സമൂഹപ്രാർത്ഥനയെ ഭയപ്പെടുന്നു.

9. നമ്മുടെ ആത്മാക്കളെ നിത്യനാശത്തിലേക്കു കൊണ്ടുപോകാൻ വേണ്ടി എല്ലാ ദുഷ്ടശക്തികളും ഒന്നിച്ചുചേർന്നു പ്രവർത്തിക്കുന്നു. അപ്പോൾ നമ്മെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകാനായി എല്ലാ വിശ്വാസികളും ഒരുമിച്ചുകൂടി പ്രാർത്ഥിക്കേണ്ടതല്ലേ?

ജപമാലയർപ്പണത്തെക്കുറിച്ച്‌ വിശുദ്ധൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ മറ്റു പ്രാർത്ഥനകൾക്കും പ്രസക്തമാണല്ലോ. പരിശുദ്ധ അമ്മയുടെ നേതൃത്വത്തിൽ ശിഷ്യന്മാർ പത്തുദിവസം തുടർച്ചയായി നടത്തിയ സമൂഹപ്രാർത്ഥനയുടെ ഫലമായിരുന്നു ആദ്യത്തെ പന്തക്കുസ്താ അഭിഷേകം എന്നു നാം മറക്കരുത്. വെളിപാടിന്റെ പുസ്തകത്തിലും സ്വർഗീയഗണങ്ങൾ ഒന്നുചേർന്നു ദൈവത്തെ പരിശുദ്ധൻ, പരിശുദ്ധൻ എന്നു പാടി സ്തുതിക്കുന്നതായാണ് നാം വായിക്കുന്നത്.

അതുകൊണ്ട് നമുക്കും ഒരുമിച്ചുചേർന്നു പ്രാർത്ഥിക്കാം. അതിനുള്ള അവസരങ്ങൾ ഒന്നും പാഴാക്കാതിരിക്കുകയും ചെയ്യാം. സാക്ഷാൽ പിശാചു പോലും ഭയപ്പെടുന്ന സമൂഹപ്രാർത്ഥനയുടെ മുൻപിൽ വെറുമൊരു കൊറോണ വൈറസ് പിടിച്ചുനിൽക്കുമോ?

നമുക്കു പ്രാർത്ഥിക്കാം.

‘ശബ്ദമുയർത്തി പാടിടുവിൻ.
സർവരുമൊന്നായ് പാടിടുവിൻ.
എന്നെന്നും ജീവിക്കും സർവേശ്വരനെ വാഴ്ത്തിടുവിൻ’.

Advertisements

Leave a comment