എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം

💕🙏✝️ജപമണികൾ 🌼🛐 ❣️ – 3

തിരുപ്പിറവി

എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം.

വളരെ പ്രതീക്ഷയോടെ സി. മെറിൻ ആ ഇടവകയിലേക്ക് വരികയാണ്. ഇന്ന് ആ ഇടവകയിൽ നിന്ന് രണ്ടു പെൺകുട്ടികൾ അവരുടെകൂടെ മഠത്തിൽ ക്യാംപിനായി പോവുകയാണ്. പക്ഷേ സമയമടുത്തപ്പോൾ പിള്ളേര് തനിസ്വഭാവം കാണിച്ചു. അവർ മുങ്ങി. വളരെ പ്രതീക്ഷയോടെ എത്തിയ സിസ്റ്റർ സങ്കടത്തിലായി. കുട്ടികളെ കൊണ്ടുപോകാൻ വണ്ടിയുമായി വന്നിട്ട് വെറും കയ്യോടെ മടങ്ങുന്നത് ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥ. സിസ്റ്റർ വികാരിയച്ചനെ കണ്ടു സങ്കടം പറഞ്ഞു. സിസ്റ്ററെ സഹായിക്കാൻ മാർഗ്ഗമില്ലാതെ വികാരിയച്ചനും കുഴങ്ങി. അപ്പോഴാണ് വികാരിയച്ചൻ ഒരു ആശയം പറഞ്ഞത്. പള്ളിയുടെ അല്പം ദൂരെയായി ഒരു വീട്ടിൽ ഒരു പെൺകുട്ടിയുണ്ട്. മഠത്തിൽ ചേരുന്നത് അവൾക്ക് ഇഷ്ടവുമാണ്. അതവൾ വികാരിയച്ചനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പഠനം, സൗന്ദര്യം, സാമ്പത്തികം ഇവയെല്ലാം വളരെ പുറകിലാണ്. അതുകൊണ്ടുതന്നെ വികാരിയച്ചൻ കാര്യമായി പ്രോത്സാഹിപ്പിച്ചില്ല. ഒറ്റയ്ക്ക് തിരികെ പോകാൻ ആവില്ലെന്നതിനാൽ സിസ്റ്റർ ആ വീട്ടിലെത്തി. കുട്ടിയെ കണ്ടു ബോധിച്ചു. പറഞ്ഞതുപോലെ SSLC പാസ്സാകുമെന്നു വലിയ പ്രതീക്ഷയില്ലാത്ത, സാമ്പത്തീക സ്ഥിരതയില്ലാത്ത, അഹങ്കരിക്കാൻ ഒന്നുമില്ലാത്ത ആ വീട്ടിൽ നിന്ന് ആശ അന്ന് ക്യാംപിൽ എത്തി. ക്യാമ്പ് കഴിയുമ്പോഴേക്കും കുട്ടിയെ കൂടുതൽ മനസ്സിലാക്കാമെന്നും പറ്റുന്നില്ലെങ്കിൽ ഒഴിവാക്കാമെന്നും സി. മെറിൻ കണക്കുകൂട്ടി.

ക്യാംപിലെത്തിയ ആശ മറ്റുകുട്ടികളേക്കാൾ പലകാര്യങ്ങളിലും പുറകിലായിരുന്നു. പഠനം വളരെ പുറകിൽ. പാടാനോ, എഴുതാനോ, നൃത്തം ചെയ്യാനോ കഴിവില്ല. അല്പം പേടിയോടെയാണ് എപ്പോഴും നടക്കുന്നത്. വായന പോലും വളരെ പതുക്കെയാണ്. രണ്ടു കാര്യങ്ങളിൽ മിടുക്കിയാണ് – എത്ര നേരം വേണമെങ്കിലും ചാപ്പലിൽ ഇരുന്ന് പ്രാർത്ഥിക്കും, എന്ത് ജോലി കൊടുത്താലും ആത്മാർത്ഥമായി ചെയ്യും. ക്യാമ്പിൻ്റെ അവസാനം, അധികാരികളിൽ പലർക്കും വലിയ താല്പര്യമില്ലെങ്കിലും, ആശക്കും മഠത്തിൽ ചേരാനുള്ള അനുവാദം നൽകപ്പെട്ടു. ലോകം കീഴടക്കിയ സന്തോഷത്തോടെ അവൾ വീട്ടിലേക്ക് പോയി.

ആശ, തൻ്റെ സന്ന്യാസപരിശീലനം ആരംഭിച്ചു. അതവൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. പഠനം, കല, കായിക ഇനങ്ങളിലെല്ലാം എന്നും വരിയിൽ ഏറ്റവും അവസാനമായിരുന്നു അവൾ. കളിയാക്കലുകൾ, കുറ്റപ്പെടുത്തലുകൾ, അവഗണനകൾ. എല്ലാം ആവശ്യത്തിലേറെ സഹിച്ചു. എങ്കിലും യേശുവിൻ്റെ മണവാട്ടിയാകാനുള്ള അവളുടെ വലിയ ആഗ്രഹത്തിൻ്റെ മുൻപിൽ ഈ തടസ്സങ്ങളൊന്നും അവൾക്കൊരു പ്രശ്നമേ അല്ലായിരുന്നു. എല്ലാത്തിനെയും പുഞ്ചിരിച്ചുകൊണ്ട് അവൾ നേരിട്ടു. വീട്ടിൽ സാമ്പത്തിക സ്ഥിതി പിന്നെയും മോശമായിക്കൊണ്ടിരുന്നു. അവധിക്കാലത്തുപോലും അവൾ മഠത്തിൽ നിന്ന് അവളുടെ വീട്ടിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല. അത്രയ്ക്ക് പരിതാപകരമായിരുന്നു അവളുടെ വീടിൻ്റെ അവസ്ഥ. ആരുടെയൊക്കെയോ കരുണയിൽ അവൾ വർഷങ്ങൾ തള്ളി നീക്കി. മോഡറേഷൻ വാങ്ങി എല്ലാപരീക്ഷകളും ജയിച്ചു. എങ്ങനെയൊക്കെയോ വ്രതവാഗ്ദാനം നടത്തി, സിസ്റ്ററായി. ഒരു കാര്യത്തിൽ മാത്രം ഒരു വിട്ടുവീഴ്ചയും അവൾ വരുത്തിയില്ല. – പ്രാർത്ഥന. അതവൾക്ക് ജീവശ്വാസമായിരുന്നു.

അവളുടെ ഭാവി എന്തായിത്തീരുമെന്നു ആർക്കും ഉറപ്പില്ലാത്ത അവസ്ഥയായിരുന്നു. കൂടെയുള്ളവരെല്ലാം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുമ്പോൾ ആശ എല്ലാ ആശകളും അവസാനിപ്പിച്ച് മഠത്തിലെ വയസ്സായ അമ്മമാരെ സഹായിക്കാനായി തുടങ്ങിയിരുന്നു.

ഒരു മാറ്റത്തിൻ്റെസമയത്ത് സി. ആശയെ വിട്ടത് കേരളത്തിന് പുറത്ത് വലിയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കു ആയിരുന്നു. തൻ്റെ ബാച്ചിലുള്ളവർ ടീച്ചേഴ്‌സും പ്രധാന തസ്തിക കൈകാര്യം ചെയ്യുന്നവരും ആയിരുന്നപ്പോൾ സി. ആശയ്ക്കവിടെ ഓഫീസിൽ പ്യൂണിൻ്റെ ജോലിയായിരുന്നു. ഒത്തിരി എളിമയും ത്യാഗവും അതവളിൽ നിന്ന് ആവശ്യപ്പെട്ടു. എല്ലാത്തിലും ദൈവത്തിൻ്റെ ഹിതം കണ്ട് അവൾ മുൻപോട്ട് പോയി.

ആ വർഷത്തെ ആനുവൽ ഡേ (Annual day) വന്നെത്തി. വലിയ ഉദ്യോഗമുള്ളവരുടെയും സർക്കാർ ജോലിക്കാരുടെയും സമ്പന്നരുടെയും വിദേശങ്ങളിൽ ജോലിയുള്ളവരുടെയും മക്കൾ, പട്ടണത്തിലെ ഏറ്റവും പേരുകേട്ട ആ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്ഥലത്തെ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരും സഭാധികാരികളും പങ്കെടുക്കുന്ന വർണ്ണശഭളമായ ചടങ്ങ് ആ സ്‌കൂളിൻ്റെ പേരിനു ഓരോവർഷവും മാറ്റ് വർദ്ധിപ്പിച്ചിരുന്നു. പതിവുപോലെ കമ്മിറ്റികളെല്ലാം രൂപീകരിക്കപ്പെട്ടു. എല്ലാവരും ഉത്സാഹത്തോടെ ആനുവൽ ഡേ – യ്ക്കായി ഒരുങ്ങിത്തുടങ്ങി. പ്രശസ്തനായ സിനിമാതാരം ഉത്‌ഘാടനം ചെയ്യുന്ന ചടങ്ങിന് മുൻപായി രൂപതാധ്യക്ഷൻ്റെ നേതൃത്വത്തിൽ വി. കുർബ്ബാനയും ഉണ്ടായിരുന്നു.

എല്ലാവരും കാത്തിരുന്ന ദിവസം വന്നെത്തി. ബിഷപ്പ് വരുമ്പോൾ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വി. കുർബ്ബാന അർപ്പിക്കുന്ന ഓപ്പൺ സ്റ്റേജിലേക്ക് കുട്ടികളെ കടത്തി ഇരുത്തിത്തുടങ്ങി. കുട്ടികളുടെ മാതാപിതാക്കളും അതിഥികളും എത്തിത്തുടങ്ങി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ എല്ലാം ആരംഭിക്കും. അപ്പോഴാണ് എല്ലാവരുടെയും പ്രതീക്ഷകളെ കടപുഴക്കി എറിഞ്ഞുകൊണ്ട് മഴക്കാറ് ആകാശത്തിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടത്. ഓരോ മിനിറ്റ് കഴിയുംതോറും മഴ പെയ്യാനുള്ള സാധ്യത കൂടിക്കൂടി വന്നു. പ്രധാനാധ്യാപകരടക്കം എല്ലാവരും ഒന്നുംചെയ്യാനാകാതെ സ്തബ്ദരായി. ഒരിക്കലും മഴ പെയ്യാൻ സാധ്യത ഇല്ലാതിരുന്ന ആ സമയത്ത്, മാറ്റ് സാധ്യതകളൊന്നും ആരും അന്ന്വേഷിച്ചിരുന്നില്ല. മഴ പെയ്താൽ എല്ലാം താറുമാറാകുമെന്ന അവസ്ഥയായി. എല്ലാവരും നിസ്സഹായരായ ആ നിമിഷത്തിൽ, എന്തോ, കരുതിക്കൂട്ടിയപോലെ മഴ പെയ്യാനാരംഭിച്ചു.

അധ്യാപകരും, സിസ്റ്റേഴ്‌സും, കുട്ടികളും, മാതാപിതാക്കളും സ്‌കൂളിലേക്ക് ഓടിക്കയറി. എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും ഒരെത്തുംപിടിയും കിട്ടുന്നില്ല. സ്‌കൂളിൻ്റെ വരാന്തയിൽ നിൽക്കുന്ന എല്ലാവരും സ്‌കൂൾ ഗ്രൗണ്ടിൽ മറ്റൊരു കാഴ്ച കാണുകയാണ്. ഒരു കന്യാസ്ത്രീ ഗ്രൗണ്ടിൻ്റെ മധ്യഭാഗത്തേക്ക് പോകുന്നു. ആ കോരിച്ചൊരിയുന്ന മഴയത്ത് ഗ്രൗണ്ടിന് നടുവിൽ മുട്ടുകുത്തുന്നു. സാവധാനം പോക്കറ്റിൽ നിന്ന് കൊന്തയെടുത്ത് ഇരുകൈകളും വിരിച്ചുപിടിച്ച് കൊന്തചൊല്ലുന്നു. ചിലർക്ക് തമാശയായി തോന്നി. ചിലർക്കത് മണ്ടത്തരമായി അനുഭവപ്പെട്ടു. സി. ആശയെന്നു പലരും അടക്കം പറയുന്നുണ്ട്. ചിലർ ഉറക്കെ ചിരിക്കുന്നുണ്ട്. ആരോ കളിയാക്കുന്നുണ്ട്. സിസ്റ്റർ ഒന്നും അറിയുന്നില്ല. ആദ്യത്തെ രഹസ്യം കഴിഞ്ഞു. മഴയുടെ ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല. രണ്ടാമത്തെ രഹസ്യവും അവസാനിച്ചു. മഴ കുറയാനുള്ള ഭാവമില്ല. മൂന്നാമത്തെ രഹസ്യം കഴിഞ്ഞതോടെ മഴ പെട്ടെന്ന് കുറയാനാരംഭിച്ചു. നാലാമത്തെ രഹസ്യം തീർന്നതോടെ മഴയും നിന്നു. അഞ്ചാമത്തെ രഹസ്യത്തിൽ കാർമേഘം മാറി വെളിച്ചം തെളിഞ്ഞു. കുട്ടികൾ സാവധാനം ഗ്രൗണ്ടിലെ കസേരകളിൽ വന്നിരുന്നു. സിസ്റ്റർ ആശാ ഗ്രൗണ്ടിൽ നിന്ന് എഴുന്നേറ്റ് വസ്ത്രം മാറാനായി മഠത്തിലേക്ക് പോയി. അല്പം വൈകിയാണെങ്കിലും വി. കുർബ്ബാന തുടങ്ങി. പരിപാടികളെല്ലാം ഭംഗിയായി നടന്നു. ഒന്ന് സംഭവിക്കാത്തതുപോലെ സി. ആശ എല്ലാത്തിലും ഓടിനടന്നു സഹകരിച്ചു.

ചില മനുഷ്യർക്ക് നമ്മുടെ പ്രോഗ്രസ് കാർഡിൽ എന്നും ചുമന്ന മഷിയായിരിക്കും. അവർ തോറ്റവർ. ഒന്നിനും കഴിവില്ലാത്തവർ, ആർക്കും ഉപയോഗമില്ലാത്തവർ, ഭൂമിക്ക് ഭാരമായവർ. എന്നാൽ കർത്താവിനു അവരെയാണ് കൂടുതൽ ഉപയോഗം. കാരണം അവരിലൂടെ പ്രവർത്തിക്കുമ്പോൾ പൂർണ്ണമായും ദൈവമഹത്വം വെളിപ്പെടും. കഴിവുള്ളവരിലൂടെ പ്രവർത്തിച്ചാൽ അതിൻ്റെ ക്രെഡിറ്റ് പലപ്പോഴും മനുഷ്യർക്കാണ് ചാർത്തപ്പെടുക.

ഇന്നുവരെയുള്ള എൻ്റെ ജീവിതത്തിൽ സമ്പത്തിൻ്റെയും കഴിവിൻ്റെയും പഠനത്തിൻ്റെയും നിറത്തിൻ്റെയുമൊക്കെ പേരിൽ ഞാൻ എത്രപേരെ പല കളങ്ങളിൽ കയറ്റി നിർത്തിയിരിക്കുന്നു. ഞാൻ കളം വരച്ചു അകറ്റി നിർത്തിയവർ ഇന്ന് എവിടെയാണ്? അവരെ ദൈവം ഉയർത്തിയിട്ടുണ്ടാകും. അവരുടെ ജന്മങ്ങൾ തിരുപ്പിറവികളായിട്ടുണ്ടാകും. ഞാൻ വലിയവരാണെന്നു കരുതി ചേർത്തുനിർത്തിയവർ ഇന്ന് എന്നിൽ നിന്ന് ഓടിമറഞ്ഞിട്ടുണ്ടാകും.

‘ചാണകക്കൊട്ട’ ചുമക്കാനായിരിക്കും വിധിയെന്ന് പലപ്പോഴും ശപിച്ചുതള്ളിയ നമ്മുടെ മക്കളെ കർത്താവ് കൈപിടിച്ചുയർത്തിയത് കാണുന്നില്ലേ? ‘പോത്തിനെവാങ്ങിത്തരാം, അതിനെ നോക്കിക്കോ’ എന്ന് പറഞ്ഞിരുന്ന മക്കളല്ലേ ഇന്ന് നമ്മെ ശുശ്രൂഷിക്കുന്നത്. കർത്താവിന് അവരെല്ലാം തിരുപ്പിറവികളായിരുന്നു. കയ്യിലുള്ള ലേബലുകളൊക്കെ നമുക്കുപേക്ഷിക്കാം. ആരെയും ലേബലൊട്ടിച്ച് നമുക്ക് മാറ്റിനിറുത്തേണ്ട. കർത്താവാണ് അവരെ സൃഷ്ടിച്ചതെങ്കിൽ അവരെ കൊണ്ടുനടക്കാനും ദൈവത്തിനറിയാം. ദൈവത്തിൻ്റെ കണ്ണിൽ മനുഷ്യരെല്ലാം തിരുപ്പിറവികളാണ്.

വർഷങ്ങൾക്കുശേഷം സി. ആശയെകണ്ടുമുട്ടി. അവരുടെ സഭയിൽതന്നെ സിസ്റ്റേഴ്‌സിനെ ധ്യാനിപ്പിക്കുന്ന ടീമിൻ്റെ ലീഡറാണ്. ഇന്ത്യമുഴുവൻ ഓടിനടന്നു ദൈവത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. തൻ്റെത് ഒരു തിരുപ്പിറവിയാണെന്ന് എല്ലാവരെയും അറിയിക്കുന്നു.

🖋Fr Sijo Kannampuzha OM

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s