ദിവ്യബലി വായനകൾ Saturday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 9/10/2021


Saturday of week 27 in Ordinary Time 
or Saints Denis, Bishop, and his Companions, Martyrs 
or Saint John Leonardi, Priest 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ കൃപാതിരേകത്താല്‍
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും
അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.
അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ
അങ്ങ് അവഗണിക്കുകയും
യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോയേ 4:12-21
അരിവാള്‍ എടുക്കുവിന്‍, വിളവു പാകമായിരിക്കുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍ ഉണര്‍ന്നു യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകും. അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്. വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.
കര്‍ത്താവ് സീയോനില്‍ നിന്നു ഗര്‍ജിക്കുന്നു; ജറുസലെമില്‍ നിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാല്‍, കര്‍ത്താവ് തന്റെ ജനത്തിന് അഭയമാണ്; ഇസ്രായേല്‍ ജനത്തിനു ശക്തിദുര്‍ഗം. എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍ എന്നു നിങ്ങള്‍ അറിയും. ജറുസലെം വിശുദ്ധമായിരിക്കും. അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. അന്നു പര്‍വതങ്ങളില്‍ നിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളില്‍ നിന്നു പാല്‍ ഒഴുകും. യൂദായിലെ അരുവികളില്‍ ജലം നിറയും. കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് ഒരു നീരുറവ പുറപ്പെട്ട് ഷിത്തിം താഴ്‌വരയെ നനയ്ക്കും. യൂദായിലെ ജനത്തോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്‌കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാവുകയും ഏദോം നിര്‍ജനഭൂമിയാവുകയും ചെയ്യും. എന്നാല്‍, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും. അവരുടെ രക്തത്തിനു ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവു സീയോനില്‍ വസിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 97:1-2,5-6,11-12

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

നീതിമാന്മാരുടെമേല്‍ പ്രകാശം ഉദിച്ചിരിക്കുന്നു;
പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍,
അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:27-28
നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളത്; ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു: ദൈവവചനംകേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
വിലാ 3:25

തന്നില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കും
അവിടത്തെ തേടുന്ന മനസ്സിനും കര്‍ത്താവ് നല്ലവനാണ്.


Or:
cf. 1 കോറി 10:17

അപ്പം ഒന്നേയുള്ളൂ. പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും നമ്മളെല്ലാവരും ഭാഗഭാക്കുകളാണ്.


ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സ്വീകരിച്ച കൂദാശയാല്‍ ഉന്മേഷഭരിതരും പരിപോഷിതരുമാകാനും
അതു സ്വീകരിക്കുമ്പോഴെല്ലാം
ഞങ്ങള്‍ അതുവഴി രൂപാന്തരപ്പെടാനും അനുഗ്രഹംനല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment