ബർത്തലോ ലോംഗോ

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി.

ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ നടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അദ്ദേഹം കേൾക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. മാത്രമല്ല, അതു സ്ഥാപിച്ചത് ബർത്തലോ ലോംഗോയാണ് (Bartolo Longo)!

ആരാണീ ബർത്തലോ ലോംഗോ?

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇറ്റലിയിലെ ഒരുത്തമ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചയാളാണ് ബർത്തലോ ലോംഗോ. വളർന്നപ്പോൾ നിയമം പഠിക്കാൻ നേപ്പിൾസിലേക്കു പോയി. അവിടെ വച്ച് ഇറ്റലിയുടെ ഏകീകരണത്തിനു വേണ്ടി വാദിച്ചു കൊണ്ടിരുന്ന ചില പ്രസ്ഥാനങ്ങളിൽ അയാൾ ആകൃഷ്ടനായി. കത്തോലിക്കാ സഭയെ ശത്രുവായി കണ്ടിരുന്ന ഇത്തരം പ്രസ്ഥാനങ്ങൾ സഭയോടുള്ള എതിർപ്പിന്റെ ഭാഗമായി ദൈവ വിശ്വാസത്തെ നിരാകരിക്കുകയും സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ബർത്തലോ ലോംഗോ അത്തരമൊരു തീവ്ര വിഭാഗത്തിന്റെ ഭാഗമാവുകയും ദൈവവിശ്വാസം തിരസ്കരിക്കുകയും ക്രമേണ സാത്താൻ സേവ നടത്തുന്ന ഒരു പുരോഹിതനായി മാറുകയും ചെയ്തു.

പക്ഷെ ലോംഗോയുടെ പതനം അവിടെ ആരംഭിക്കുകയായിരുന്നു. കടുത്ത നിരാശയിലേക്ക് അയാൾ കൂപ്പുകുത്തി. തീവ്ര വിഷാദ രോഗത്തിനടിമയായി. ഉത്കണ്ഠയും പേടി സ്വപ്നങ്ങളും നിറഞ്ഞ ദിനരാത്രങ്ങൾ അയാളെ തളർത്തി. ഒടുവിൽ സ്വയം മരിക്കാൻ തീരുമാനിച്ച നാളുകളൊന്നിൽ ഒരു സുഹൃത്ത് അയാളെ ഒരു ഡൊമിനിക്കൻ പുരോഹിതന്റെ അടുക്കലെത്തിച്ചു.

ഫാ. ആൽബർട്ടോ റഡന്റേ (Alberto Radente)! അതായിരുന്നു ആ ഡൊമിനിക്കൻ പുരോഹിതന്റെ പേര്! അദ്ദേഹമായിരുന്നു പിന്നീടങ്ങോട്ട് ലോംഗോയുടെ ആത്മീയ പിതാവും കുമ്പസാരക്കാരനും!

സാത്താനിസം വലിച്ചെറിയാൻ കൽപ്പിച്ച് അദ്ദേഹം ഒരു ജപമാലയെടുത്ത് ലോംഗോയുടെ കയ്യിൽ കൊടുത്തു. പരിശുദ്ധ അമ്മയുടെ കയ്യും പിടിച്ച് ധൈര്യമായി നടന്നോളാൻ പറഞ്ഞു. ഇടവിടാതെ ജപമാല ചൊല്ലാൻ പറഞ്ഞു.

ഒരു കൊച്ചു കുഞ്ഞിനേപ്പോലെ ലോംഗോ അതനുസരിച്ചു. പിന്നീടു നടന്നത് ചരിത്രമാണ്!

ജപമാല നിരന്തരം ചൊല്ലിച്ചൊല്ലി, തന്നെ വരിഞ്ഞു കെട്ടിയിരുന്ന സാത്താന്റെ കെട്ടുകൾ ലോംഗോ പൊട്ടിച്ചു. മാനസാന്തരപ്പെട്ട് ദൈവ വിശ്വാസിയായി. കത്തോലിക്കാ വിശ്വാസത്തിലേക്കു തിരിച്ചു വന്നു. വലിയ മരിയ ഭക്തനായി. ജപമാല ഭക്തിക്കു തന്നെത്തന്നെ സമർപ്പിച്ച് 1871 ൽ ഒരു ഡൊമിനിക്കൻ സന്യാസിയായി. ജപമാല ഭക്തിയിലൂടെ പോംപേയിലെ ജനങ്ങളുടെ ഹൃദയത്തിൽ സത്യവിശ്വാസത്തിന്റെ ജ്വാല തെളിക്കാൻ അദ്ദേഹം അരയും തലയും മുറുക്കി പുറപ്പെട്ടു.

1873 ൽ പോംപേയിൽ ലോംഗോ സ്ഥാപിച്ച ഒരു മരിയൻ ഗ്രോട്ടോയുണ്ട്. അവിടെ ജപമാല രാജ്ഞിയുടെ ഒരദ്ഭുത ചിത്രമുണ്ട്. ആ ചിത്രം ലോംഗോയുടെ കുമ്പസാരക്കാരൻ കൂടിയായ ഫാ. ആൽബർട്ടോ റഡന്റേ 1875 ൽ അദ്ദേഹത്തിനു സമ്മാനിച്ചതാണ്. ഉണ്ണീശോയെ കരങ്ങളിലേന്തിയ ജപമാല രാജ്ഞി, ഒരു സിംഹാസനത്തിലിരുന്ന് വിശുദ്ധ ഡൊമിനിക്കിനും സിയന്നയിലെ വിശുദ്ധ കാതറിനും ജപമാല നൽകുന്ന രംഗം ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിംഗാണത്. ഏറെ പുരാതനമായ ആ ചിത്രം ഗ്രോട്ടോയിൽ സ്ഥാപിക്കപ്പെട്ടതു മുതൽ ഒട്ടേറെ അദ്ഭുതങ്ങൾ അവിടെ സംഭവിക്കാൻ തുടങ്ങി. നിരവധി രോഗികൾ സുഖപ്പെട്ടു. നിരവധി പേർ വിശ്വാസത്തിലേക്കു തിരിച്ചു വന്നു. ഫോർച്യൂണ (Fortuna Agrelli) എന്ന കുട്ടിയുടെ സൗഖ്യം അതിൽ ഏറെ ശ്രദ്ധേയമാണ്.

തീർത്ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി നാലുപാടും പരന്നു. പതിനായിരങ്ങൾ അവിടേക്കൊഴുകി.

പോൾ ആറാമൻ പാപ്പാ ആ ചിത്രം പിന്നീട് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സ്ഥാപിച്ചു. 2012 ൽ അതു വത്തിക്കാൻ മ്യൂസിയത്തിന്റെ ഭാഗമായി.

ജപമാല ഭക്തിയിലൂടെ പോംപേ നഗരത്തെ വിശ്വാസികളുടെ സമുദ്രമാക്കിയ ലോംഗോ 1926 ൽ മരണപ്പെട്ടു. മരിക്കും മുമ്പ് അദ്ദേഹം പറഞ്ഞു: “സാത്താന്റെ പിടിയിൽ നിന്ന് എന്നെ രക്ഷിച്ച പരിശുദ്ധ കന്യാമറിയത്തെ കാണണമെന്നതാണ് എന്റെ ഏക ആഗ്രഹം.” പിന്നെ ശാന്തനായി മിഴികൾ പൂട്ടി. പിന്നീട് തന്റെ സ്വർഗ്ഗവീട്ടിൽ കണ്ണുകൾ തുറന്നപ്പോൾ അദ്ദേഹം തീർച്ചയായും ആ അമ്മയുടെ മുഖം കണ്ടിട്ടുണ്ടാവണം! ആത്മാവിൽ ആനന്ദിച്ചിട്ടുണ്ടാവണം!

‘സിസ്റ്റേഴ്സ് ഓഫ് റോസറി ഓഫ് പോംപേ’ എന്നൊരു സന്യാസിനീ സമൂഹവും അശരണർക്കായുള്ള നിരവധി ഭവനങ്ങളും ബർത്തലോ ലോംഗോ തന്റെ ജീവിതകാലത്ത് ആരംഭിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പാ 1980 ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. ‘ജപമാലയുടെ അപ്പസ്തോലൻ’ എന്നും ‘മാൻ ഓഫ് ദ മഡോണ’ എന്നുമൊക്കെ അദ്ദേഹം പിൽക്കാലത്ത് അറിയപ്പെട്ടു.

ഒരുകാലത്ത് സാത്താൻ സേവയുടെ പുരോഹിതനായിരുന്ന ഒരാളെ അനേകരുടെ മാനസാന്തരത്തിനു കാരണക്കാരനായ കത്തോലിക്കാ സന്യാസിയും വിശുദ്ധനുമായി പരിവർത്തനപ്പെടുത്താൻ ജപമാല മണികൾക്കു കഴിഞ്ഞെങ്കിൽ ഈ പ്രാർത്ഥന കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്താണ് അസാധ്യമായുള്ളത്?

ഫാ. ഷീൻ പാലക്കുഴി

Advertisements
Advertisements

Leave a comment