നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം.

ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ നാം മെനക്കെട്ടില്ല. കത്തോലിക്കരും ഓർത്തഡോക്സുകാരും തമ്മിൽ ഭിന്നത. ആരാണ് വലുത് എന്ന മൂപ്പിള തർക്കം. ഒരുമിച്ചുനിൽക്കേണ്ടവർ, പരസ്പരം സഹായിക്കേണ്ട സഹോദരങ്ങൾ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ നിസ്സാരകാര്യങ്ങളിൽ ശത്രുത. ഒടുക്കം എന്തായി. പരസ്പരം പോരടിച്ചു കഴിഞ്ഞവരെ കീഴടക്കാൻ അക്രമികൾക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ഒടുക്കം ആര് നേടി?

കഴിഞ്ഞ കുറേ നാളുകളായി കേരള ക്രിസ്ത്യാനികളുടെ ഇടയിൽ നടക്കുന്നതും ഇതു തന്നെയല്ലേ? വിവിധ ക്രൈസ്തവ സഭകൾ തമ്മിൽ, സഭാമേലദ്ധ്യക്ഷന്മാർ തമ്മിൽ, രൂപതകൾ തമ്മിൽ, സ്ഥാപനങ്ങൾ തമ്മിൽ, സന്യാസ സമൂഹങ്ങൾ തമ്മിൽ, ഇടവകകൾ തമ്മിൽ, വിശ്വാസികളും വൈദികരും തമ്മിൽ… തമ്മിൽത്തമ്മിൽ കലഹം മാത്രം. ‘നിങ്ങൾക്ക് സമാധാനം’ എന്ന് ആശംസിച്ചവന്റെ പേരിലാണ് തമ്മിലടി എന്നത് വിരോധാഭാസം. ഓർത്തഡോക്സ് – യാക്കോബായ പോരുകൾ അതിൽ ഒന്നു മാത്രം. കേസ് പറഞ്ഞും കോടതി കയറിയും ഒരാൾ ജയിക്കുമ്പോൾ, തോൽക്കുന്നത് നമ്മുടെ കൂടെപ്പിറപ്പാണ് എന്നത് മറക്കുന്നതെന്തേ.

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്. പടയോട്ടങ്ങളാൽ കേരളത്തിന്റെ വടക്കൻ ഭാഗത്ത് ഇന്ന് ക്രിസ്ത്യാനികൾ പേരിനു മാത്രം. നമുക്കെവിടെയാണ് പിഴയ്ക്കുന്നത്? ഒരിക്കൽ സിവിൽ സർവ്വീസിലുടനീളമുണ്ടായിരുന്ന വിഭാഗം ഇന്ന് സർക്കാർ ജോലികളിൽ നിന്ന് പുറന്തള്ളപ്പെടുന്നു, നാട്ടുമ്പുറത്തെ ഏക്കറുകണകിന് കൃഷിസ്ഥലങ്ങൾ നിസ്സാരവിലയ്ക്ക് വിറ്റ് പട്ടണങ്ങളിലേയ്ക്കോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കോ കുടിയേറി ക്ഷയിച്ചുപോകുന്നവർ, നമ്മുടെ ആൺമക്കൾ 35 വയസ്സ് കഴിഞ്ഞും കല്യാണം കഴിക്കാതെ നിൽക്കുന്നതിൽ ഖേദമില്ലാത്ത നമ്മൾ, 18 വയസ്സാകുന്ന ദിവസം തന്നെ നമ്മുടെ പെൺമക്കളെ റാഞ്ചിപ്പറക്കുന്ന കഴുകന്മാരെ കണ്ടില്ലെന്നു നടിക്കുന്ന നമ്മൾ, ക്രിസ്ത്യാനി കച്ചവടക്കാർ അധിവസിച്ചിരുന്ന ടൗണുകൾ കുടിയൊഴിപ്പിക്കപ്പെട്ടത് അറിയാത്ത നമ്മൾ, സംവരണം മൂലം നമ്മുടെ മക്കളുടെ ജോലി നഷ്ടപ്പെടുന്നതിൽ ഖേദമില്ലാത്ത നമ്മൾ, 80:20 എന്ന സർക്കാർ നയത്തിനെതിരെ ഒരുമിച്ചുനിന്ന് ഒരു പ്രസ്താവന ഇറക്കാൻപോലും കെൽപില്ലാത്ത നമ്മൾ, തലച്ചോർ ഫ്രീസറിൽ വച്ച നമ്മുടെ തലമുറയെ ഓർത്ത് നാളെ നമ്മുടെ മക്കൾ പതംപറഞ്ഞ് കരയും.

മുസ്ളീമായ അമ്മയുടെയും പെന്തക്കൊസ്തായ അപ്പന്റെയും മകൾ ഒരു കത്തോലിക്കനെ പ്രേമിച്ചത് കൊലപാതകത്തിൽ കലാശിച്ചപ്പോൾ, അതിന്റെ കാരണം ‘സുറിയാനി മേൽക്കോയ്മ’ എന്ന് മാധ്യമങ്ങൾ പടച്ചുവിട്ടപ്പോൾ അത് ഏറ്റുപാടിയതും ക്രിസ്ത്യാനികൾ. ഏറ്റവുമൊടുവിലായി മലയാളത്തിന്റെ സ്വന്തം സുഗതകുമാരി ടീച്ചർ ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന ത്യാഗോജ്ജ്വല സേവനങ്ങളെ അക്കമിട്ട് നിരത്തി എഴുതിയത് ഫേസ് ബുക്കിൽ ഷെയർ ചെയ്താൽ, അതിന്റെ താഴെ നമ്മുടെ സമൂഹത്തിന്റെ അപചയങ്ങൾ മാത്രം കമന്റ് ചെയ്യുന്നത് ക്രിസ്ത്യൻ നാമധാരികൾ.

ആര് ആരെയാണ് പഴിക്കേണ്ടത്? എന്നു തീരും ഇതെല്ലാം? ഇസ്താംബുളിലെ ഹാഗിയ സോഫിയയിൽ ബാങ്ക് വിളി ഉയർന്നതുപോലെ നാളെ നമ്മുടെ പള്ളികളിലും സംഭവിക്കാം.

വിരാമതിലകം: 1990-നു ശേഷം ഉറങ്ങുന്ന കേരള ക്രിസ്ത്യാനീ, നീ തിരിച്ചറിയുക. ഉറക്കം തുടങ്ങിയിട്ട് വർഷം 30 ആയി. ഉറക്കത്തിന്റെ ജൂബിലി 2090-ൽ ഘോഷിക്കുന്നതിനായി കാത്തുനിൽക്കാതെ ഉണരൂ. അല്ലെങ്കിൽ കേരള ക്രിസ്ത്യാനികൾ ‘പാർസി’കളെ പോലെയാകും.

ശേഷം: ചരിത്രത്തിൽ നിന്ന് ഒരു പാഠവും മനുഷ്യൻ പഠിക്കുന്നില്ല എന്നതാണ് ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.

ജി. ചേടിയത്തിന്റെ ‘മധ്യകാല സഭാചരിത്രം,’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഓര്‍മ്മിക്കുന്നത് നല്ലതാണ്.

“ക്രിസ്ത്യാനികളുടെ ഇടയിലെ അന്ത:ഛിദ്രങ്ങളാണ് ക്രൈസ്തവ വിരുദ്ധരെ സഭയിൽ ഇടപെടാൻ വഴിയൊരുക്കിയത്. സഭയെ കടിച്ചുകീറാൻ കാത്തിരിക്കുന്ന ശുതുക്കൾക്ക് അധികാരപ്രമത്തരും സ്വാർത്ഥമതികളും ക്രൈസ്തവസ്നേഹരഹിതരുമായ ചില സഭാനേതാക്കന്മാര്‍ വാതിൽ തുറന്നുകൊടുത്തു. പശ്ചിമേഷ്യയില്‍ അറബികള്‍‍ നിഷ്പ്രയാസം കയറിപ്പറ്റിയത് ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവരുടെ കലഹങ്ങള്‍ നിമിത്തമാണ്. തുടര്‍ന്നങ്ങോട്ട് കലഹത്തിന്‍റെയും മത്സരത്തിന്‍റെയും ചരിത്രമാണ് ഏഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് പറയാനുള്ളത്. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ക്രിസ്തുമതത്തിലെ വിഭാഗങ്ങള്‍ പേര്‍ഷ്യന്‍ രാജാവിന്‍റെ മുന്നില്‍ സ്നേഹസന്ദേശം ഒന്നിച്ച് അവതരിപ്പിക്കുന്നതിനു പകരം കേസുകള്‍ തീര്‍ക്കാന്‍ പദങ്ങളെച്ചൊല്ലി തര്‍ക്കിക്കുകയായിരുന്നു ചെയ്തത്. (ഇത്തരുണത്തില്‍ വിഭജിതരായ ക്രൈസ്തവരിലൂടെ അറബി ഐക്യം അസാധ്യമാണെന്നു കണ്ടാണ് മുഹമ്മദ് പുതിയ മതം സ്ഥാപിച്ചതു തന്നെ). ഈ ക്രൈസ്തവ വിരുദ്ധനിലപാടുകള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടേയിരുന്നു. അറബി-തുര്‍ക്കി ആധിപത്യത്തിന് ‍കീഴില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരുന്നപ്പോഴും സഹക്രിസ്ത്യാനികളെ ശപിക്കാനും കുറ്റപ്പെടുത്താനും അവരുടെ തെറ്റ് കണ്ടെത്താനുമാണ് ഏഷ്യയിലെ ക്രിസ്തീയവിഭാഗങ്ങള്‍ തത്രപ്പെട്ടത്.

ഇസ്ലാമിന്‍റെ കീഴില്‍ അനുദിനം എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരുന്ന കാലത്തും ഒന്നിക്കുന്നതിനെപ്പറ്റി ഗൗരവമായി ഒരു ക്രൈസ്തവനേതാവും ചിന്തിച്ചില്ല. ഇത് ഗൗരവതരമായ പാപമാണെന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നില്ല. മറ്റുള്ളവരെ സ്നേഹം കാട്ടി അടുപ്പിക്കാന്‍ കഴിഞ്ഞില്ല, സ്നേഹരാഹിത്യത്താല്‍ അകറ്റാന്‍ കഴിഞ്ഞു. ഇന്നും ഇതില്‍ നിന്നും ക്രിസ്ത്യാനികള്‍ പാഠം പഠിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ പാപാവസ്ഥ” (ജി. ചേടിയത്ത്, മധ്യകാല സഭാചരിത്രം, പേജ് 235).

നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ

Advertisements

Leave a comment