Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി

വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന് ശേഷം യുവതലമുറയിൽ നിന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി കൂടി…💐🙏🏽😍


വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വയസുവരെ മാത്രം ദീർഘിച്ച ജീവിതം അനാഥർക്കും അഗതികൾക്കുമായി സമർപ്പിച്ച ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ സഭയ്ക്ക് ലഭിച്ചത്, വാഴ്ത്തപ്പെട്ട നിരയിലെ പ്രഥമ മണവാട്ടിയെ! വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തിൽ മരണമടഞ്ഞ സബാറ്റിനിയെ മിഷൻ ഞായറിലാണ് (ഒക്‌ടോബർ 24) വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷണറിയാകാൻ ആഗ്രഹിച്ച അവളുടെ വിയോഗം 22-ാം വയസിൽ 1984 മേയ് രണ്ടിനായിരുന്നു.

‘പുതിയ നൂറ്റാണ്ടിന്റെ വിശുദ്ധൻ’ എന്ന് വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ചേച്ചി എന്ന് വിശേഷിക്കാം സബാറ്റിനിയെ. 15 വയസുവരെ മാത്രം ദീർഘിച്ച ജീവിതം ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ കാർലോ സമർപ്പിച്ചെങ്കിൽ, പാവപ്പെട്ടവരിൽ ക്രിസ്തുമുഖം ദർശിച്ച് അവരെ ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു സബാറ്റിനി. ഇറ്റാലിയൻ പട്ടണമായ റിക്കിയോണിൽ 1961 ആഗസ്റ്റ് 19നായിരുന്നു അവളുടെ ജനനം. റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോയിൽ കുട്ടിക്കാലം ചെലവഴിച്ചു. പിന്നീട്, അവളുടെ അമ്മാവനായ ഫാ. ജുസെപ്പോ ബോണിനി വികാരിയായിരുന്ന സാൻ ഗിറോലെമോയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.
കുട്ടിക്കാലം മുതൽ ആത്മീയ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന അവൾ മരിയഭക്തിയിലും ആഴപ്പെട്ടിരുന്നു. ഉറങ്ങുമ്പോൾ പോലും അവൾ ജപമാല കൈയിൽ പിടിച്ചിരുന്നു എന്നത് തെല്ലും അതിശയോക്തിയല്ല. പുലർച്ചെ എഴുന്നേറ്റ് ദൈവാലയത്തിലെ സക്രാരിക്കുമുന്നിലെത്തി ദിവ്യകാരുണ്യനാഥനെ ആരാധിക്കുന്നതും ദൈവവചന ധ്യാനവും അവളുടെ പതിവായിരുന്നു. 14-ാം വയസിൽ, പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള (പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി) ഉപവി പ്രസ്ഥാനത്തിന് രൂപം നൽകിയ ഫാ. ഡോൺ ഒറേസ്റ്റേ ബെൻസിയെ പരിചയപ്പെടാൻ ഇടയായതാണ് അവളുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ഫാ. ഒറേറ്റയെ ആത്മീയ പിതാവായി സ്വീകരിച്ച അവൾ ആ ഉപവി പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു തുടങ്ങി. വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന ഡോളോമൈറ്റ്‌സിൽ ശുശ്രൂഷകൾക്കായാണ് ആദ്യം നിയോഗിക്കപ്പെട്ടത്. തന്റെ ജീവിതം പാവപ്പെട്ടവർക്കായി സമർപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന ബോധ്യത്തിലേക്ക് അവൾ നയിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. സ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം തന്റെ ഭാവിയെക്കുറിച്ച് കൈക്കൊള്ളേണ്ട നിർണായക തീരുമാനത്തെ കുറിച്ചുള്ള ദൈവഹിതം വിവേചിച്ചറിയാൻ തന്റെ ആത്മീയഗുരുക്കന്മാരായ ഫാ. നൊവിനോ ഫൈതാനിനി, ഫാ. ഡോൺ ബെൻസിയെയും സമീപിച്ചു.
മെഡിക്കൽ ബിരുദം നേടണോ, ആഫ്രിക്കയിലേക്ക് മിഷണറിയായി പോകണോ എന്നകാര്യത്തിലായിരുന്നു അവൾക്ക് ആശയക്കുഴപ്പം. മെഡിസിൻ പഠനം നടത്തുക എന്ന നിർദേശമാണ് ഫാ. ഫൈതാനിനി നൽകിയത്. 1980 ൽ ബൊലോഗ്‌ന സർവകലാശാലയിൽ മെഡിസിൻ പഠനം ആരംഭിച്ച അവൾ ഉപവി പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെക്കുന്നതിലും ബദ്ധശ്രദ്ധയായിരുന്നു. പഠനത്തിനും കുടുംബത്തിനും ദരിദ്രരെ സഹായിക്കുന്നതിനുമായി അവൾ പ്രത്യേകമാംവിധം സമയം ചെലവഴിച്ചു.

മയക്കുമരുന്നിന് അടിമകളായ ആളുകളെ ചികിത്‌സിക്കാൻ ഫാ. ഡോൺ ബെൻസി ആരംഭിച്ച അഭയകേന്ദ്രത്തിൽ 1982ൽ അവൾ ശുശ്രൂഷകയായെത്തി. 20-ാം വയസിൽ പരിചയപ്പെട്ട ഗിഡോ റോസി എന്ന യുവാവിനെയാണ് അവൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം നടത്താനുള്ള ആഗ്രഹം അവൾ തന്റെ ഭാവി മണവാളനുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ വാഹനത്തിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസം നിശ്ചലാവസ്ഥയിൽ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടഞ്ഞു.

ക്രിസ്തുകേന്ദ്രീകൃതമായ അവളുടെ ആത്മീയജീവിതത്തിന്റെ നേർസാക്ഷ്യമാണ്, 11-ാം വയസുമുതൽ അവൾ എഴുതിയിരുന്ന ഡയറിക്കുറിപ്പുകളും മറ്റും. 2006 ആണ് സബാറ്റിനിയുടെ നാമകരണ നടപടികൾക്ക് ആരംഭമായത്. 2018ൽ ധന്യരുടെ നിരയിലേക്കുയർത്തപ്പെട്ടു. ഗുരുതരമായ ട്യൂമറിൽനിന്ന് ഇറ്റാലിയൻ സ്വദേശി സ്റ്റെഫാനോ വിറ്റാലിക്ക് ലഭിച്ച അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചതിലൂടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

കടപ്പാട്: സൺഡേ ശാലോം

Advertisements
Advertisements

One thought on “Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s