ദിവ്യബലി വായനകൾ Saint Leo the Great

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

10-Nov-2021, ബുധൻ

Saint Leo the Great, Pope, Doctor on Wednesday of week 32 in Ordinary Time

Liturgical Colour: White.

____

ഒന്നാം വായന

ജ്ഞാനം 6:1-11

ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍.


അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍. നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍ നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍ നിന്നാണ്. അവിടുന്ന് നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്ദേശ്യങ്ങള്‍ വിചാരണ ചെയ്യും. അവിടുത്തെ രാജ്യത്തിന്റെ സേവകന്മാര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ, അവിടുത്തെ ലക്ഷ്യത്തിനൊത്ത് ചരിക്കുകയോ ചെയ്തില്ല. അതിനാല്‍, അവിടുന്ന് നിങ്ങളുടെ നേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കു കഠിനശിക്ഷയുണ്ടാകും. എളിയവനു കൃപയാല്‍ മാപ്പുലഭിക്കും; പ്രബലര്‍ കഠിനമായി പരീക്ഷിക്കപ്പെടും. സകലത്തിന്റെയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയവനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു. ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും. എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. തേജസ്സുറ്റതാണ് ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല.
ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍
നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 82:3-4,6-7

R. ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ദുര്‍ബലര്‍ക്കും അനാഥര്‍ക്കും നീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.

R. ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും.


R. ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

____

സുവിശേഷ പ്രഘോഷണവാക്യം

cf.2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനു വേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ
അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!


Or:

1 തെസ 5:18

അല്ലേലൂയാ, അല്ലേലൂയാ!
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 17:11-19

ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?

അക്കാലത്ത്, ജറൂസലെമിലേക്കുള്ള യാത്രയില്‍ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖംപ്രാപിച്ചു. അവരില്‍ ഒരുവന്‍, താന്‍ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു. അവന്‍ യേശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദിപറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment