🔥 🔥 🔥 🔥 🔥 🔥 🔥
18 Jan 2022
Tuesday of week 2 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 സാമു 16:1-13
സാമുവല്‍ ദാവീദിനെ അവന്റെ സഹോദരന്മാരുടെ മുമ്പില്‍വച്ച് അഭിഷേകം ചെയ്തു. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ ശക്തമായി ആവഹിച്ചു.
അക്കാലത്ത്, കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍ നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജെസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക. ജെസ്സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ അഭിഷേകംചെയ്യണം.
കര്‍ത്താവ് കല്‍പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബേത്‌ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠന്മാര്‍ ഭയപരവശരായി അവനെ കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങേ വരവ് ശുഭസൂചകമോ? അതേ, അവന്‍ പറഞ്ഞു, ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിന് എന്നോടൊത്തു വരുവിന്‍. അനന്തരം, അവന്‍ ജെസ്സെയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്ഷണിച്ചു. അവന്‍ വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍, കര്‍ത്താവ് സാമുവലിനോടു കല്‍പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും. ജെസ്സെ അബിനാദാബിനെ സാമുവലിന്റെ മുന്‍പില്‍ വരുത്തി. ഇവനെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവല്‍ പറഞ്ഞു. പിന്നെ ജെസ്സെ ഷമ്മായെ വരുത്തി. കര്‍ത്താവ് തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവന്‍ പറഞ്ഞു. ജെസ്സെ തന്റെ ഏഴു പുത്രന്മാരെ സാമുവലിന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവന്‍ ജെസ്സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന്‍ ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജെസ്സെ അവനെ ആളയച്ചു വരുത്തി. പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്ദരനായിരുന്നു. കര്‍ത്താവ് കല്‍പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെമേല്‍ ശക്തമായി ആവസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:19,20-21,26-27
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.
പണ്ട് ഒരു ദര്‍ശനത്തില്‍ അവിടുന്നു തന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു:
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു;
ഒരുവനെ ഞാന്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.
അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ് എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
ഞാന്‍ അവനെ എന്റെ ആദ്യജാതനും
ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനും ആക്കും.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 2:23-28
സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല.
ഒരു സാബത്തു ദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
. സങ്കീ 23:5
എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.
Or:
1 യോഹ 4:16
ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം
ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Daily Readings, Readings