🔥 🔥 🔥 🔥 🔥 🔥 🔥
21 Jan 2022
Saint Agnes, Virgin, Martyr
on Friday of week 2 in Ordinary Time
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഈ ലോകത്തിലെ ബലവാന്മാരെ ലജ്ജിപ്പിക്കാന്‍
ബലഹീനരെ അങ്ങ് തിരഞ്ഞെടുക്കുന്നുവല്ലോ.
അങ്ങനെ, അങ്ങേ രക്തസാക്ഷിണിയായ
വിശുദ്ധ ആഗ്നസിന്റെ സ്വര്ഗീയപിറവി
ആഘോഷിക്കുന്ന ഞങ്ങള്‍
അവളുടെ വിശ്വാസസ്ഥിരത അനുകരിക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 സാമു 24:3-21
അവനെതിരെ ഞാന്‍ കൈയുയര്‍ത്തുകയില്ല; എന്തുകൊണ്ടെന്നാല്‍, അവന് കര്‍ത്താവിന്റെ അഭിഷിക്തനാണ്.
അക്കാലത്ത്, സാവൂള്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്. ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്പിക്കും; നിനക്കിഷ്ടമുള്ളത് അവനോടു ചെയ്യാം എന്നു കര്‍ത്താവ് അങ്ങയോടു പറഞ്ഞിരുന്ന ആ ദിവസം ഇതാണ്. ദാവീദ് എഴുന്നേറ്റു സാവൂളിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അതോര്‍ത്ത് അവന് പിന്നീട് വ്യസനിച്ചു. അവന് അനുയായികളോടു പറഞ്ഞു: എന്റെ യജമാനനെതിരേ കൈയുയര്‍ത്താന്‍ അവിടുന്ന് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന് കര്‍ത്താവിന്റെ അഭിഷിക്തനാണ്. ഇങ്ങനെ പറഞ്ഞു ദാവീദ് തന്റെ അനുയായികളുടെമേല്‍ നിയന്ത്രണം ചെലുത്തി; സാവൂളിനെ ആക്രമിക്കാന്‍ അനുവദിച്ചില്ല. സാവൂള്‍ ഗുഹയില്‍ നിന്നിറങ്ങി തന്റെ വഴിക്കു പോയി.
ദാവീദും ഗുഹയില്‍ നിന്നു പുറത്തിറങ്ങി, എന്റെ യജമാനനായ രാജാവേ എന്നു സാവൂളിനെ പുറകില്‍ നിന്നു വിളിച്ചു. സാവൂള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു. അവന് സാവൂളിനോടു ചോദിച്ചു: ദാവീദ് അങ്ങേ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു കേള്‍ക്കുന്നതെന്തിന്? കര്‍ത്താവ് ഇന്ന് ഈ ഗുഹയില്‍വച്ച് അങ്ങയെ എന്റെ കൈയില്‍ ഏല്പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെ കൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എന്റെ യജമാനനെതിരേ ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു കര്‍ത്താവിന്റെ അഭിഷിക്തനാണെന്നു ഞാന്‍ അവരോടു പറഞ്ഞു. എന്റെ പിതാവേ, ഇതാ, എന്റെ കൈയില്‍ അങ്ങേ മേലങ്കിയുടെ ഒരു കഷണം. ഞാന്‍ അതിന്റെ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ ദ്രോഹിയോ തെറ്റുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും. ഞാന്‍ അങ്ങേക്കെതിരേ തെറ്റുചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ ജീവന് അപഹരിക്കാന്‍ അവസരം തേടി നടക്കുന്നു. നാമിരുവര്‍ക്കുമിടയില്‍ കര്‍ത്താവു ന്യായം വിധിക്കട്ടെ! കര്‍ത്താവ് എനിക്കുവേണ്ടി അങ്ങയോടു പ്രതികാരം ചെയ്യട്ടെ! എന്റെ കരം അങയുടെ മേല്‍ പതിക്കുകയില്ല. ദുഷ്ടത ദുഷ്ടനില്‍ നിന്നു പുറപ്പെടുന്നുവെന്നാണല്ലോ പഴമൊഴി; അങ്ങേമേല്‍ എന്റെ കൈ പതിക്കുകയില്ല. ആരെത്തേടിയാണ് ഇസ്രായേല്‍ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് അനുധാവനം ചെയ്യുന്നത്? ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? വിധിയാളനായ കര്‍ത്താവ് എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടുന്ന് എന്നെ പരിശോധിച്ച് അങ്ങേ കൈയില്‍ നിന്നു രക്ഷിക്കട്ടെ!
ദാവീദ് സാവുളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവന് എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. അവന് ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാള്‍ നീതിമാനാണ്; ഞാന്‍ നിനക്കു ചെയ്ത തിന്മയ്ക്കു പകരം നീ നന്മ ചെയ്തിരിക്കുന്നു. കര്‍ത്താവ് എന്നെ നിന്റെ കൈയില്‍ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചുതന്നു. ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെവിടുമോ? ഇന്നു നീ എനിക്കു ചെയ്ത നന്മയ്ക്ക് കര്‍ത്താവ് നിനക്കു നന്മ ചെയ്യട്ടെ! നീ തീര്‍ച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടുമെന്നും എനിക്കറിയാം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 57:1,2-3,5,10
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
എന്നോടു കൃപയുണ്ടാകണമേ!
ദൈവമേ, എന്നോടു കൃപതോന്നണമേ!
അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം
ഞാന്‍ അങ്ങേ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെത്തന്നെ.
അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും,
എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും;
ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
ദൈവമേ, അങ്ങ് ആകാശത്തിനു മേല്‍ ഉയര്ന്നുനില്ക്കണമേ;
അങ്ങേ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
അങ്ങേ കാരുണ്യം ആകാശത്തോളവും
അങ്ങേ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
സുവിശേഷ പ്രഘോഷണവാക്യം
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അരുൾ ചെയ്താലും, അങ്ങേ ദാസൻ ഇതാ ശ്രവിക്കുന്നു നിത്യജീവൻ്റെ വചന അൾ അങ്ങേ പക്കൽ ഉണ്ട്.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 3:13-19
തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു.
അക്കാലത്ത്, യേശു ഒരു മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന് പന്ത്രണ്ടുപേരെ നിയോഗിച്ചു. അവര്‍, പത്രോസ് എന്ന് അവന് പേരു നല്കിയ ശിമയോന്, ഇടിമുഴക്കത്തിന്റെ പുത്രന്മാര് എന്നര്‍ഥമുള്ള ബൊവനെര്‍ഗെസ് എന്നു പേരു നല്കിയ സെബദീപുത്രന്മാരായ യാക്കോബും സഹോദരന് യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്പൈയുടെ പുത്രന് യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17
സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️