🔥 🔥 🔥 🔥 🔥 🔥 🔥
25 Jan 2022
The Conversion of Saint Paul, Apostle – Feast
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രഭാഷണത്താല്‍
അഖിലലോകത്തെയും അങ്ങ് പഠിപ്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാനസാന്തരം ഇന്ന് ആഘോഷിക്കുന്ന ഞങ്ങള്‍,
അദ്ദേഹത്തിന്റെ മാതൃകയാല്‍ അങ്ങിലേക്ക് കൂടുതല്‍ അടുത്തുവന്ന്
ലോകസമക്ഷം അങ്ങേ സത്യത്തിന്
സാക്ഷികളായിത്തീരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 22:3-16
എഴുന്നേറ്റ് സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.
പൗലോസ് യഹൂദരോടു പറഞ്ഞു: ഞാന്‍ ഒരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്മാരുടെ നിയമത്തില്‍ നിഷ്കൃഷ്ടമായ ശിക്ഷണം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരും ആയിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു. പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട് ഈ മാര്‍ഗത്തെ നാമാവശേഷമാക്കത്തക്ക വിധം പീഡിപ്പിച്ചവനാണു ഞാന്‍. പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്ഷികളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി ജറുസലെമില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനുവേണ്ടി ഞാന്‍ അവരില്‍ നിന്നു സഹോദരന്മാര്‍ക്കുള്ള കത്തുകളും വാങ്ങി അവിടേക്കു യാത്രപുറപ്പെട്ടു.
ഞാന്‍ യാത്രചെയ്ത് മധ്യാഹ്‌നത്തോടെ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, പെട്ടെന്നു സ്വര്‍ഗത്തില്‍ നിന്ന് ഒരു വലിയ പ്രകാശം എന്റെ ചുറ്റും വ്യാപിച്ചു. ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോട് ഇങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നത് എന്തുകൊണ്ട്? ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാന്‍. എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു; എന്നാല്‍, എന്നോടു സംസാരിച്ചവന്റെ സ്വരം കേട്ടില്ല. ഞാന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം? കര്‍ത്താവ് എന്നോടു പറഞ്ഞു: എഴുന്നേറ്റ് ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും. പ്രകാശത്തിന്റെ തീക്ഷ്ണത കൊണ്ട് എനിക്ക് ഒന്നും കാണാന്‍ സാധിക്കാതെ വന്നപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍ കൈയ്ക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി. അവിടെ താമസിച്ചിരുന്ന സകല യഹൂദര്‍ക്കും സുസമ്മതനും നിയമം അനുസരിക്കുന്നതില്‍ നിഷ്ഠയുള്ളവനുമായിരുന്ന അനനിയാസ് എന്ന ഒരു മനുഷ്യന്‍ എന്റെ അടുത്തുവന്നു പറഞ്ഞു: സഹോദരനായ സാവൂള്‍, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെ കാണുകയുംചെയ്തു. അവന്‍ പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഹിതമറിയാനും നീതിമാനായവനെ ദര്‍ശിക്കാനും അവന്റെ അധരത്തില്‍ നിന്നുള്ള സ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു. നീ കാണുകയും കേള്‍ക്കുകയും ചെയ്തതിനെക്കുറിച്ച് എല്ലാ മനുഷ്യരുടെയും മുമ്പാകെ അവനു നീ സാക്ഷിയായിരിക്കും. ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റ് സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 117:1bc,2
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;
കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു:
നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 16:15-18
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യങ്ങള്‍ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ മഹത്ത്വത്തിന്റെ പ്രചാരണത്തിനായി
വിശ്വാസ വെളിച്ചത്താല്‍ പരിശുദ്ധാത്മാവ്
വിശുദ്ധ പൗലോസ് അപ്പോസ്തലനെ നിരന്തരം ഉജ്ജ്വലിപ്പിച്ചുവല്ലോ.
അതേ വെളിച്ചത്താല്‍ അവിടന്ന് ഞങ്ങളെയും നിറയ്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ഗലാ 2: 20
എന്നെ സ്‌നേഹിക്കുകയും തന്നത്തന്നെ
എനിക്കു വേണ്ടി ബലിയര്‍പ്പിക്കുകയും ചെയ്ത
ദൈവപുത്രനിലുള്ള വിശ്വാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ എല്ലാ സഭകളുടെയും
താത്പര്യങ്ങളില്‍ വ്യാപൃതനായിരുന്നപ്പോള്‍
ദിവ്യസ്‌നേഹത്തിന്റെ അഗ്നിയാല്‍ അദ്ദേഹം തീവ്രമായി ജ്വലിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️