Holy Mass Readings Malayalam, Saint Thomas Aquinas / Friday of week 3 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥

28 Jan 2022

Saint Thomas Aquinas, Priest, Doctor 
on Friday of week 3 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ തോമസ് അക്വിനാസിനെ
വിശുദ്ധിയുടെ തീക്ഷ്ണതയാലും ദിവ്യസത്യങ്ങളുടെ പഠനത്താലും
അങ്ങ് ഉത്കൃഷ്ടനാക്കിയല്ലോ.
അദ്ദേഹം പഠിപ്പിച്ചത് ബുദ്ധിശക്തിവഴി ഗ്രഹിക്കാനും
അദ്ദേഹം ചെയ്തത് അനുകരണത്തിലൂടെ പൂര്‍ത്തിയാക്കാനും വേണ്ട
കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.


ഒന്നാം വായന

2 സാമു 11:1-4a,5-10a,13-17
നീ എന്നെ നിരസിച്ച് ഊറിയായുടെ ഭാര്യയെ സ്വന്തമാക്കി.

അക്കാലത്ത്, രാജാക്കന്മാര്‍ യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകന്മാരെയും ഇസ്രായേല്‍ സൈന്യം മുഴുവനെയും അയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലെമില്‍ താമസിച്ചു. ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള്‍ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളയച്ച് അവള്‍ ആരെന്ന് അന്വേഷിച്ചു. എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായാണ് അവള്‍ എന്ന് അറിഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ് ആളയച്ചു. അവള്‍ വന്നപ്പോള്‍ അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഗര്‍ഭം ധരിച്ചു. അവള്‍ ആളയച്ച് ദാവീദിനെ വിവരമറിയിച്ചു.
അപ്പോള്‍ ദാവീദ് യോവാബിന് ഒരു സന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു. ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിന്റെയും പടയാളികളുടെയും ക്‌ഷേമവും യുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു: നീ വീട്ടില്‍പോയി അല്‍പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍ നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു. എന്നാല്‍, ഊറിയാ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം പടിപ്പുരയില്‍ കിടന്നുറങ്ങി. ഊറിയാ വീട്ടില്‍ പോയില്ലെന്നു ദാവീദ് അറിഞ്ഞു. ദാവീദ് അവനെ ക്ഷണിച്ചു. അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു; പാനംചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവന്‍ വീട്ടിലേക്കു പോയില്ല; രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.
രാവിലെ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. അവന്‍ ഇങ്ങനെ എഴുതി: ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന്‍ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിന്‍വാങ്ങുക. യോവാബ് നഗരം വളയവേ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിര്‍ത്തി. ശത്രുസൈന്യം യോവാബിനോടു യുദ്ധംചെയ്തു. ദാവീദിന്റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:1-5,8-9

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്
എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!

എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപം ചെയ്തു;

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!

അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവത്തിച്ചു;
അതുകൊണ്ട് അങ്ങേ വിധിനിര്‍ണയത്തില്‍
അങ്ങു നീതിയുക്തനാണ്;
അങ്ങേ വിധിവാചകം കുറ്റമറ്റതാണ്.
പാപത്തോടെയാണു ഞാന്‍ പിറന്നത്;
അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!

എന്നെ സന്തോഷഭരിതനാക്കണമേ!
അവിടുന്നു തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!
എന്റെ പാപങ്ങളില്‍ നിന്നു മുഖം മറയ്ക്കണമേ!
എന്റെ അകൃത്യങ്ങള്‍ മായിച്ചു കളയണമേ!

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവ്വാഴ്ത്തപ്പെട്ടവനാകട്ടെ.

അല്ലേലൂയ!


സുവിശേഷം

മാര്‍ക്കോ 4:26-34
അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ – ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമ കൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതു വളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.


Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s