Latin Mass Readings Malayalam, 6th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
13 Feb 2022
6th Sunday in Ordinary Time 

Liturgical Colour: Green.


*പ്രവേശകപ്രഭണിതം*cf. സങ്കീ 31:3-4

എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.

സമിതിപ്രാര്‍ത്ഥന
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 17:5-8
മനുഷ്യനെ ആശ്രയിക്കുന്നവന്‍ ശപ്തന്‍; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

മനുഷ്യനെ ആശ്രയിക്കുകയും
ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത്
കര്‍ത്താവില്‍ നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍.
അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്.
അവനു ഋതുഭേദം ഉണ്ടാവുകയില്ല.
മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത്
അവന്‍ വസിക്കും.

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍;
അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്.
അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു.
അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല.
അതിന്റെ ഇലകള്‍ എന്നും പച്ചയാണ്;
വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല;
അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
രണ്ടാം വായന

1 കോറി 15:12,16-20
ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്.

ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവര്‍ ആണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

മത്താ. 11/25.

അല്ലേലൂയ! അല്ലേലൂയ!

ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ.

അല്ലേലൂയ!


or

ലൂക്ക. 6/23ab

അല്ലേലൂയ! അല്ലേലൂയ!

നിങ്ങൾ ആഹ്ളാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 6:17,20-26
ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍.

യേശു പന്ത്രണ്ടുപേരോടു കൂടെ ഇറങ്ങി സമതലത്തില്‍ വന്നു നിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍ നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍ നിന്നും വന്ന വലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. യേശു അരുളിച്ചെയ്തു:

ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്.
ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും.
ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ചിരിക്കും.

മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ളാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.

എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.
ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും.
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.

മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരോടും അങ്ങനെ തന്നെ ചെയ്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.


Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment