Latin Mass Readings Malayalam, 7th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
20 Feb 2022
7th Sunday in Ordinary Time 

Liturgical Colour: Green.


പ്രവേശകപ്രഭണിതം സങ്കീ 13:6

കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 സാമു 26:2,7-9,11-13,22-23
ഇന്നു കര്‍ത്താവ് അങ്ങയെ എന്റെ കൈയിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല.

കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേക്കു പോയി.
ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിന്റെ അടുത്തെത്തി. സാവൂള്‍ തന്റെ കുന്തം തലയ്ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു. അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേല്‍പിച്ചിരിക്കുന്നു. ഞാനവനെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടിവരില്ല. ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും?
കര്‍ത്താവിന്റെ അഭിഷിക്തന്റെ മേല്‍കൈവയ്ക്കുന്നതില്‍ നിന്ന് അവിടുന്ന് എന്നെതടയട്ടെ! ഇപ്പോള്‍ അവന്റെ തലയ്ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം. സാവൂളിന്റെ തലയ്ക്കല്‍ നിന്നു കുന്തവും കൂജയും എടുത്ത് അവര്‍പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവ് അവരെ ഗാഢനിദ്രയില്‍ ആഴ്ത്തിയിരുന്നു.
ദാവീദ് അപ്പുറത്തു കടന്നു സാവൂളില്‍ നിന്നു വളരെ ദൂരെ ഒരു മലമുകളില്‍ കയറിനിന്നു. ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസന്മാരില്‍ ഒരുവന്‍ വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ. ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്‍കുന്നു. ഇന്നു കര്‍ത്താവ് അങ്ങയെ എന്റെ കൈയിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,3-4,8,-9,12-13

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.
പിതാവിനു മക്കളോടെന്നപോലെ
കര്‍ത്താവിനു തന്റെ ഭക്തരോട് അലിവുതോന്നുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.


രണ്ടാം വായന

1 കോറി 15:45-49
നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.

ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍. ഭൂമിയില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും. നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതു പോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: ഞാൻ പുതിയൊരു കൽപന നിങ്ങൾക്ക് നൽകുന്നു.ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 6:27-38
നിങ്ങളുടെ പിതാവു കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടു പോകുന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കു ന്നതില്‍ എന്തു മേന്മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 9:2-3

അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.


Or:
യോഹ 11:27

കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment