Latin Mass Readings Malayalam, Thursday of week 7 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
24 Feb 2022
Thursday of week 7 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം
സങ്കീ 13:6

കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യാക്കോ 5:1-6
വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു.

കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു.
ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍. നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി. നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്. നിങ്ങളുടെ നിലങ്ങളില്‍ നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന്‍ നിങ്ങളെ എതിര്‍ത്തു നിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 49:13-18,20

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.
ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്;
മൃത്യുവായിരിക്കും അവരുടെ ഇടയന്‍;
നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

അവരുടെ രൂപം അഴിഞ്ഞുപോകും;
പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.
എന്നാല്‍, ദൈവം എന്റെ പ്രാണനെ
പാതാളത്തിന്റെ പിടിയില്‍ നിന്നു വീണ്ടെടുക്കും;
അവിടുന്ന് എന്നെ സ്വീകരിക്കും.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ഒരുവന്‍ സമ്പന്നനാകുമ്പോഴും
അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ധിക്കുമ്പോഴും
നീ ഭയപ്പെടേണ്ടാ.
അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല;
അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും,
അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും,
മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല;
മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിൻ്റെ വചനം കേട്ട് ഉത്കൃഷ്ടവും നിർമ്മലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ അനുഗ്രഹീതർ.

അല്ലേലൂയ!


സുവിശേഷം

മാര്‍ക്കോ 9:41-50
ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.
വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ പാദം നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്. കാരണം, എല്ലാവരും അഗ്നിയാല്‍ ഉറകൂട്ടപ്പെടും. ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 9:2-3

അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.


Or:
യോഹ 11:27

കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment