Latin Mass readings Malayalam, Monday of week 8 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
28 Feb 2022
Monday of week 8 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 18:19-20

കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.
അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.
എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു.

സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായ
ക്രമീകരണത്താല്‍ നിയന്ത്രിക്കാനും
അങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍
ആനന്ദിക്കാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 പത്രോ 1:3-9
അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു. അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍.
അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും. അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 111:1-2,5-6,9,10c

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്‍കിക്കൊണ്ടു
തന്റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;
അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാർത്ഥ ദൈവത്തിൻ്റെ വചനമായി നിങ്ങൾ സ്വീകരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 10:17-27
നിനക്കുള്ളതെല്ലാം വിറ്റ്, എന്നെ അനുഗമിക്കുക.

അക്കാലത്ത്, യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവന്റെ വാക്കു കേട്ടു ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെ ങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ നാമത്തിനായി അര്‍പ്പിക്കപ്പെടേണ്ടവ
അങ്ങേക്കു നല്കുകയും
ഞങ്ങളുടെ ശുശ്രൂഷയുടെ അര്‍പ്പണത്തിനായി
കാഴ്ചദ്രവ്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുവല്ലോ.
അങ്ങനെ, അങ്ങു നല്കുന്നവ നേട്ടമായി തീരാനും
അങ്ങു ഞങ്ങളില്‍ ചൊരിയുന്നവ
ഞങ്ങള്‍ക്ക് പ്രതിഫലമായിത്തീരാനും
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 13:6

എനിക്ക് നന്മകള്‍ നല്കിയ കര്‍ത്താവിനെ
ഞാന്‍ പാടിസ്തുതിക്കുകയും
അത്യുന്നതനായ കര്‍ത്താവിന്റെ നാമം പ്രകീര്‍ത്തിക്കുകയും ചെയ്യും.


Or:
മത്താ 28: 20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, യുഗാന്തംവരെ എല്ലായ്പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment