🔥 🔥 🔥 🔥 🔥 🔥 🔥
04 Mar 2022
Friday after Ash Wednesday
with a commemoration of Saint Casimir
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
സങ്കീ 30:10
കര്‍ത്താവ് ശ്രവിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്തു.
കര്‍ത്താവ് എന്റെ സഹായകനായി മാറി.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.
വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,
വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്
നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹം
ഞങ്ങള്‍ക്കു തരണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 58:1-9a
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്?
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക.
കാഹളംപോലെ സ്വരം ഉയര്‍ത്തുക.
എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍,
യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.
നീതി പ്രവര്‍ത്തിക്കുകയും
തങ്ങളുടെ ദൈവത്തിന്റെ കല്‍പനകള്‍
ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം
അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും
എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു;
ദൈവത്തോട് അടുക്കാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു.
ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ!
ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി?
അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ!
എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്.
നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.
കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും
ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ്
നിങ്ങള്‍ ഉപവസിക്കുന്നത്.
നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍
ഇത്തരം ഉപവാസം ഉപകരിക്കുകയില്ല.
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്?
ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം!
ഞാങ്ങണപോലെ തല കുനിക്കുന്നതും
ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്?
ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും
കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക?
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും
നുകത്തിന്റെ കയറുകള്‍ അഴിക്കുകയും
മര്‍ദിതരെ സ്വതന്ത്രരാക്കുകയും
എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ
ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും
ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും
നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന്
ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും;
നീ വേഗം സുഖം പ്രാപിക്കും;
നിന്റെ നീതി നിന്റെ മുന്‍പിലും
കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും
നിന്നെ സംരക്ഷിക്കും.
നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും;
നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍,
എന്ന് അവിടുന്ന് മറുപടി തരും.
മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും
നിന്നില്‍ നിന്ന് ദൂരെയകറ്റുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 51:1-2,3-4ab,16-17
:ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
:ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപംചെയ്തു;
അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു.
:ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍
അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
:ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
എൻ്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ പ്രത്യാശ അർപ്പിക്കുന്നു. എന്തെന്നാൽ, കർത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു.
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
മത്താ 9:14-15
മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ?
അക്കാലത്ത്, യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനത്തിന്റെ ബലി ഞങ്ങളര്‍പ്പിക്കുന്നു.
ഇത് ഞങ്ങളുടെ മനസ്സുകള്‍ അങ്ങേക്കു സ്വീകാര്യമാക്കുകയും
സ്വമനസ്സാലേയുള്ള ആത്മസംയമനത്തിന്റെ ശക്തി
ഞങ്ങള്‍ക്കു നല്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 25:4
കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്കു കാണിച്ചുതരുകയും
അങ്ങേ പാതകള്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യത്തില്‍ പങ്കുകൊള്ളുന്നതു വഴി
ഞങ്ങള്‍ സകലവിധ തിന്മകളിലും നിന്ന് വിമുക്തരായി
അങ്ങേ കാരുണ്യത്തിന്റെ പരിരക്ഷയ്ക്കു യോഗ്യരാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️