നോമ്പുകാല വചനതീർത്ഥാടനം 23

നോമ്പുകാല
വചനതീർത്ഥാടനം – 23

സുഭാഷിതങ്ങൾ 3 : 27
” നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ അതു ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്.”

വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധപാരമ്പര്യത്തിന്റെയും കാലാകാലങ്ങളിലെ സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ധാർമ്മികമായി നമ്മൾ എങ്ങനെ ജീവിക്കണമന്ന് അനുശാസിക്കുന്ന ഒരു ശാസ്ത്രശാഖയാണ് ധാർമ്മിക ദൈവശാസ്ത്രം. ഈ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി മന:പൂർവ്വം ചെയ്യുന്ന തിന്മകൾ (Sin of Commission) മാത്രമല്ല അയാൾ ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും (Sin of Omission) കുറ്റകരമായിരിക്കും. ജന്മനാ ഓരോരുത്തരും അനേകം സിദ്ധികളുടെ വലിയ ഭാണ്ഡക്കെട്ടുമായാണ് കടന്നുവരുന്നത്. അവരവർക്ക് ലഭിക്കുന്ന ജീവിത സാഹചര്യമനുസരിച്ച് ആ സിദ്ധികളെല്ലാം വളർച്ചനേടി വ്യത്യസ്തമായ അളവിലും അനുപാതത്തിലും ഫലം പുറപ്പെടുവിക്കുന്നു. ഈവിധം ദൈവദാനമായി ആർജ്ജിക്കുന്ന എല്ലാ നേട്ടങ്ങളും മറ്റുള്ളവർക്കുവേണ്ടിക്കൂടി വിനിയോഗിക്കുവാൻ തയ്യാറാകണം. ഏതെങ്കിലും ഒരാവശ്യത്തിനുവേണ്ടി ആരെങ്കിലും സമീപിച്ചാൽ’ നാശം’ എന്നു മൗനമായി ഉരുവിട്ടുകൊണ്ട് അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതു് ധാർമ്മികമായി നീതികരിക്കാൻ കഴിയുകയില്ല. നമ്മുടെ ജീവിതം ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ സ്വീകാര്യമാകുന്നത് സ്വാർത്ഥത വെടിഞ്ഞ് അന്യർക്കുവേണ്ടി സ്വജീവിതം പ്രയുക്തമാക്കുമ്പോഴാണ്. മഹാകവി കുമാരനാശാൻ പറയുന്നതു ശ്രദ്ധിക്കുക:
” അന്യജീവനുതകി സ്വജീവിതം/ധന്യമാക്കു മമലേ വിവേകികൾ “. അതുകൊണ്ട്, നമുക്കു ചെയ്യാൻ കഴിയുന്ന നന്മ, അതു് ലഭിക്കാൻ അവകാശമുളളവർക്ക് നിഷേധിക്കാതിരിക്കാം. സുഭാഷിതകാരന്റെ ഈ ഉപദേശമായിരിക്കണം നമ്മുടെ ക്രിസ്തീയ ധാർമ്മികജീവിതത്തിന്റെ മാതൃകയും മാനദണ്ഡവും. ഇക്കാര്യംതന്നെയാണ് വി. യാക്കോബ് ശ്ലീഹായും കർക്കശ്ശമായ ഭാഷയിൽ പറയുന്നത്, ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു( വി. യാക്കോബ് 4 : 17 ) നമുക്ക് എന്തെല്ലാം സിദ്ധികൾ സ്വായത്തമാക്കാൻ കഴിഞ്ഞാലും സ്വന്തം ജീവിതത്തെ ധാർമ്മികതയിൽ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ വി.പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ നമ്മൾ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ മാത്രമായിരിക്കും.

ഫാ. ആന്റണി പൂതവേലിൽ
24.03.2022.

Advertisements

Leave a comment