നോമ്പുകാല വചനതീർത്ഥാടനം 25

നോമ്പുകാല
വചനതീർത്ഥാടനം – 25

റോമ 2 : 10
” തിന്മ പ്രവർത്തിക്കുന്ന ഏതൊരുവനും ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.”

ഒരു വ്യക്തിയുടെ ജീവിതമെന്നു പറയുന്നതു് അവൻ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ആകത്തുകയാണ്. ആ പ്രവൃത്തികളെ പരിഗണിക്കാതെകണ്ട് അവന്റെ നേട്ടങ്ങളെയോ കോട്ടങ്ങളെയോ വിലയിരുത്താനാവില്ല. മനുഷ്യജീവിതത്തിന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നതു് ഒരുവന്റെ പ്രവൃത്തികളെ മുൻനിർത്തിയാണ്. നന്മ ചെയ്താൽ സൽഫലവും തിന്മ ചെയ്താൽ ദുഷ്ഫലവും സുനിശ്ചിതമാണ്. കാരണം, നന്മയെന്തെന്നും തിന്മയെന്തെന്നും വിവേചിച്ചറിയാനുള്ള സൽബുദ്ധി ഓരോരുത്തർക്കും ജന്മസിദ്ധമായിട്ടുള്ളതാണ്. ഈ ജന്മസിദ്ധിയുടെ ദുരുപയോഗമാണ് പാപം ക്ഷണിച്ചു വരുത്തുന്നത്. പാപത്തിനുള്ള വേതനം മരണമാണെന്ന് വേദപുസ്തകംതന്നെ വെളിപ്പെടുത്തിത്തന്നിട്ടുണ്ടല്ലോ. നന്മ ചെയ്യാൻ നിയുക്തരായവർ അതിനു മുതിരാതെ തിന്മയുടെ പക്ഷംചേർന്നു പനപോലെ വളരുന്ന കാഴ്ചയാണ് സാധാരണ വിശ്വാസികളെ ആശങ്കാകുലരാക്കുന്നത്. മാത്രമല്ല, തെറ്റ് ചെയ്തിട്ടും അതിനെ തെറ്റായി അംഗീകരിക്കാൻ വിസമ്മതിക്കുന്നതും ആധുനിക കാലഘട്ടത്തിന്റെ ദുര്യോഗമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ
‘ എന്നിൽ തിന്മയില്ല എന്നു ചിന്തിക്കുന്നതാണ് തിന്മ ‘ എന്നതായിത്തീർന്നിരിക്കുന്നു ഇപ്പോഴത്തെ ദുരവസ്ഥ. എന്തുതന്നെയായാലും മഹാകവി എഴുത്തച്ഛൻ പറഞ്ഞുവച്ചതുപോലെ ,
” താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ/ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ.” മനസ്സുമടുക്കാതെ സന്മാർഗ്ഗത്തിൽ ചരിക്കുന്ന വർ ഒരു കാരണവശാലും നിരാശപ്പെടേണ്ടതില്ല. കാരണം, നന്മയിൽ ഉറച്ചു നിന്നുകൊണ്ടുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ബാഹ്യതലത്തിൽ മാത്രമല്ല ആന്തരികതലത്തിലും മഹത്വവും സമാധാനവും ലഭിക്കുകതന്നെചെയ്യും. യേശുവിന്റെ കുരിശിലെ ആത്മബലി നമ്മുടെ ആത്മരക്ഷയുടെ അച്ചാരമാണെന്നതിനാൽ തിന്മയ്ക്കെതിരെ നിരന്തരം നന്മപ്രവൃത്തികളിൽ വ്യാപരിച്ചുകൊണ്ട് നമുക്ക് ജീവിതം ധന്യമാക്കാം.

ഫാ. ആന്റണി പൂതവേലിൽ
26.03.2022

Advertisements

Leave a comment