കാവൽ നായ

കാവൽ നായ
(29.03.2022)
——————————-

ഏകാന്തതയും (loneliness) സ്വകാര്യതയും (privacy) ഈ കാലത്ത് പാപത്തിനു വളരെ വളക്കൂറുള്ള രണ്ട് ഇടങ്ങളാണ്.

വാതിൽപ്പടിയിൽ തല ചായ്ച്ച് ഒരു നായ തന്റെ യജമാനനെ സാകൂതം നോക്കിയിരിക്കുന്നതു പോലെയാണ് പാപവും. അയാളുടെ ഒരു വിരൽ നൊടിക്കലിൽ വാതിൽ കടന്ന് കൂടെ വരാനും പാദം ചേർന്നു കിടക്കാനും കൂടെ നടക്കാനും വിളയാടാനും തയ്യാറായിത്തന്നെ. ഉൽപ്പത്തി പുസ്തകത്തിൽ എത്ര വ്യക്തമായിട്ടാണ് ദൈവം മുന്നറിയിപ്പു നൽകുന്നത്, “പാപം വാതിൽക്കൽ തന്നെ പതിയിരുപ്പുണ്ട്” എന്നും “അതു നിന്നിൽ താൽപര്യം വച്ചിരിക്കുന്നു” എന്നും.

വാതിലടച്ചു പുറത്താക്കണമോ വിരൽ നൊടിച്ച് അകത്തേക്കു വിളിക്കണമോ എന്ന തിരഞ്ഞെടുപ്പ് നമുക്കു വിട്ടു തന്നിട്ടുണ്ട്. ധ്യാനഗുരുക്കൻമാർ പറയുന്ന കഥയിലേതു പോലെ, രണ്ടു കുതിരകളാണ് മനസിനെ വലിച്ചു കൊണ്ടു പോകുന്നത്. ഒന്നിനു വികാരമെന്നു പേര്. മറ്റേതിനു വിവേകമെന്നും. ഏതു കുതിരയ്ക്കാണോ പുല്ലും വെള്ളവും കൊടുത്തു വളർത്തുന്നത് അതാണു നമ്മെ നയിച്ചു കൊണ്ടു പോകുന്നത്.

കോപം… വെറുപ്പ്… നിരാശ… ആസക്തി… മോഹം… കൊതി… അങ്ങനെയുള്ള വികാരങ്ങളെല്ലാം… പെറ്റുപെരുകുന്നത് ഏകാന്തതയിലും സ്വകാര്യതയിലുമാണ്. നമുക്ക് അവയിൽ താൽപര്യമുണ്ടാകണമെന്നില്ല – പക്ഷേ അവയ്ക്ക് നമ്മിൽ താൽപര്യമുണ്ട് എന്നു തന്നെയാണല്ലോ വചനം. ഏകാന്തതയുടെ ഇടനേരങ്ങളിൽ അവയ്ക്കെതിരെ വാതിലടയ്ക്കാനും ഉള്ളിലെ സ്വകാര്യതയിൽ ദൈവത്തെ കണ്ടുമുട്ടാനും കൂടിയുള്ള കാലമാണ് നോമ്പുകാലം.

മറ്റൊരു വിചിന്തനം കൂടി ഇക്കാലം ആവശ്യപ്പെടുന്നുണ്ട്. സ്വന്തം പോക്കറ്റിൽ, നെഞ്ചോട് ചേർത്ത്, ബയോമെട്രിക് പാസ് വേഡുകൾ കൊണ്ട് പോലും ലോക്ക് ചെയ്തു കൊണ്ടു നടക്കുന്ന സ്മാർട്ട് ഫോൺ എന്ന സ്വകാര്യത – എന്റെ വിശുദ്ധിക്ക് ഏതെങ്കിലും തരത്തിൽ വിഘാതമാകുന്നുണ്ടോ ? അശുദ്ധ വിചാരങ്ങളോ വികാരങ്ങളോ സൃഷ്ടിക്കുന്നുണ്ടോ ? എന്റെ ആത്മീയ ജീവിതത്തിൽ വിവേകമെന്ന പുണ്യം വളരാൻ തടസമാകുന്നുണ്ടോ?


“ഇന്ന്‌ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്‌.”
(ഹെബ്രായര്‍ 3 : 13)

———————————————–
ജോയ് മാത്യു പ്ലാത്തറ

Advertisements

Leave a comment