വിശുദ്ധ മറിയം ത്രേസ്സ്യയെ 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോൺപോൾ രണ്ടാമൻ പ്രഖ്യാപിക്കുന്ന വേളയിൽ The L’Osservatore Romano എഴുതി, “ത്രേസ്സ്യ തിരുക്കുടുംബത്തിന്റെ സഹായത്തിൽ ശരണപ്പെട്ടു. അവൾ അവരെ കൂടെക്കൂടെ ദർശനങ്ങളിൽ കണ്ടു , തൻറെ അപ്പസ്തോലികദൗത്യത്തിൽ അവരുടെ ഉപദേശം സ്വീകരിച്ചു. അവൾ പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ചു, അവരുടെ മാനസാന്തരത്തിനുവേണ്ടി ഉപവസിച്ചു, പശ്ചാത്താപത്തിലേക്ക് പ്രചോദനമായി. പ്രവചനവരം, രോഗശാന്തിവരം, പ്രകാശത്തിന്റെ അഭൗമവലയം, സുഗന്ധം പരക്കൽ തുടങ്ങിയ അതീന്ദ്രീയവരങ്ങൾ മാത്രമല്ല പതിവായി പാരവശ്യങ്ങളും തറയിൽ നിന്ന് പൊങ്ങുന്ന അനുഭവങ്ങളും അവൾക്കുണ്ടായി. വെള്ളിയാഴ്ചകളിൽ ആളുകൾ അവളെ, ഉയർന്നു പൊങ്ങി കുരിശിന്റെ രൂപത്തിൽ ചുവരിൽ തൂങ്ങിക്കിടക്കുന്ന വിധത്തിൽ കാണാറുണ്ടായിരുന്നു. പഞ്ചക്ഷതങ്ങൾ അവൾക്കുണ്ടായിരുന്നെങ്കിലും അത് പൊതുജനദൃഷ്ടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം മറച്ചുവെച്ചു. ഒരുപക്ഷെ നിരവധിയായ അതുപോലുള്ള മിസ്റ്റിക്കൽ അനുഭവങ്ങൾക്കിടയിലും അവൾ എളിമയുള്ളവളായിരിക്കാൻ വേണ്ടിയായിരിക്കണം ജീവിതത്തിലുടനീളം പൈശാചികഉപദ്രവങ്ങളാൽ പീഡിപ്പിക്കപ്പെടുവാൻ അവളെ ദൈവം അനുവദിച്ചത്. വിശ്വാസത്തിനും കന്യാവ്രതത്തിനും എതിരായ പ്രലോഭനങ്ങളോട് അവൾക്ക് നിരന്തരയുദ്ധം ചെയ്യേണ്ടതായി വന്നു. ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ അവൾ കടന്നുപോയി”.
ത്രേസ്സ്യക്ക് പിശാചുബാധയാണെന്ന് പലരും പറഞ്ഞു പരത്തിയപ്പോൾ മെത്രാൻ ആ സംശയത്തിന്മേൽ ഒരു ശാസനപത്രം എഴുതിക്കൊടുത്ത് അത് ത്രേസ്സ്യയുടെ മുറിയിൽ പതിക്കാൻ നിർദ്ദേശിച്ചു. വായിച്ച പലരും ത്രേസ്സ്യയെ പരിഹസിച്ചു. എന്നാൽ മറിയം ത്രേസ്സ്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ” ഈ കൽപ്പന ദയവായി ഞായറാഴ്ച പള്ളിയിൽ വായിക്കണമെന്നും ദൈവാലയത്തിന്റെ പ്രധാന കവാടത്തിൽ പതിക്കണമെന്നുമാണ് ഞാൻ ആവശ്യപ്പെടുന്നത്”.
എളിമയിൽ അടിയുറച്ചു നിൽക്കുന്നവരുടെ മുൻപിൽ സാത്താൻ പരാജിതനാകുന്നു. ഇന്ന് വിശുദ്ധ മറിയം ത്രേസ്സ്യയുടെ ജന്മദിനമാണ്. പാപികൾക്ക് വേണ്ടി പരിഹാരങ്ങളൊരുപാട് അനുഷ്ഠിച്ച ഈ വിശുദ്ധസൂനത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ.

Advertisements
Categories: Jilsa Joy