Thursday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥

19 May 2022

Thursday of the 5th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പുറ 15:1-2

കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.
എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.
കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.
അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ കൃപയാലാണല്ലോ
പാപികളായ ഞങ്ങള്‍ നീതിമാന്മാരും
നിര്‍ധനരായ ഞങ്ങള്‍ അനുഗൃഹീതരും ആയി ഭവിക്കുന്നത്.
അങ്ങേ പ്രവര്‍ത്തനങ്ങളാലും ദാനങ്ങളാലും
ഞങ്ങളോടൊപ്പമായിരിക്കണമേ.
അങ്ങനെ, വിശ്വാസത്താല്‍ നീതികരിക്കപ്പെട്ടവര്‍ക്ക്
നിരന്തരസ്ഥൈര്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 15:7a-21
ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരന്മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയര്‍ എന്റെ അധരങ്ങളില്‍ നിന്നു സുവിശേഷ വചനങ്ങള്‍ കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മില്‍ അവിടുന്നു വ്യത്യാസം കല്‍പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു. അതുകൊണ്ട്, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ താങ്ങാന്‍ വയ്യാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നു? അവരെപ്പോലെ തന്നെ നാമും രക്ഷപ്രാപിക്കുന്നത് കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.
സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങള്‍വഴി വിജാതീയരുടെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാര്‍ണബാസും പൗലോസും വിവരിച്ചത് അവര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു. അവര്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ യാക്കോബ് പറഞ്ഞു: സഹോദരന്മാരേ, ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍. തന്റെ നാമത്തിനുവേണ്ടി വിജാതീയരില്‍ നിന്ന് ഒരു ജനത്തെ തെരഞ്ഞെടുക്കാന്‍ ദൈവം ആദ്യം അവരെ സന്ദര്‍ശിച്ചതെങ്ങനെയെന്നു ശിമയോന്‍ വിവരിച്ചുവല്ലോ. പ്രവാചകന്മാരുടെ വാക്കുകള്‍ ഇതിനോടു പൂര്‍ണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളില്‍ നിന്ന് ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തിനിര്‍ത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കര്‍ത്താവിനെ അന്വേഷിക്കുന്നതിനു വേണ്ടിയാണിത്. അവിടുന്നു പുരാതനകാലം മുതല്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തില്‍ നിന്നും വ്യഭിചാരത്തില്‍ നിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയില്‍ നിന്നും രക്തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക് എഴുതണം. എന്തെന്നാല്‍, തലമുറകള്‍ക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളില്‍ അതു വായിക്കുകയും ചെയ്യുന്നുണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 96:1-2a, 2b-3, 10

ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
or
അല്ലേലൂയ!

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;

ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
or
അല്ലേലൂയ!

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു;
ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

സകലത്തേയും സൃഷ്ടിച്ച കർത്താവ് ഉയിർത്തെഴുന്നേറ്റു. അവിടുന്നു തൻ്റെ കൃപ എല്ലാവർക്കും പ്രദാനം ചെയ്തു.

അല്ലേലൂയ!

സുവിശേഷം

യോഹ 15:9-11
നിങ്ങളുടെ സന്തോഷം പൂര്‍ണമാകാന്‍ വേണ്ടി എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും. ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെ തന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

2 കോറി 5:15

ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ,
തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും
ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ്
ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചത്, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്കു
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment