അസാധ്യകാര്യങ്ങളുടെ വിശുദ്ധ

അസാധ്യകാര്യങ്ങളുടെ വിശുദ്ധ

ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല.

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും ‘ഒരു രക്ഷയില്ലാത്ത’ , പ്രതീക്ഷക്ക് വകയില്ലാത്ത കാര്യങ്ങളുടെ, അഡ്വക്കേറ്റ് ആയും അവളെ വാഴ്ത്തുന്നതിനും കാരണം അവളുടെ ജീവിതത്തിലെ ചില സംഭവങ്ങളും അവളുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളുമാണ്.

ഇറ്റലിയിലെ ഉംബ്രിയ പ്രവിശ്യയുടെ തെക്കുകിഴക്കായി മലകൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന നഗരമാണ് കാസിയ.അവിടെനിന്ന് കുറച്ചു മാറിയാണ് റോക്കോപൊറേനാ എന്ന കൊച്ചുഗ്രാമം . അവിടെയാണ് റീത്ത പുണ്യവതി ജനിച്ചത്.

മക്കളില്ലാതിരുന്ന അന്റോണിയോ- അമാത്ത ദമ്പതികൾക്ക് വാർദ്ധക്യത്തിനോടടുത്തപ്പോഴാണ് ഒരു മകളെ ലഭിച്ചത്. ആ നാട്ടിൽ ‘യേശുവിന്റെ സമാധാനദൂതർ ‘ എന്നായിരുന്നു ആ ദമ്പതികൾ അറിയപ്പെട്ടിരുന്നത്. ഗ്രാമവാസികളുടെ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് യേശുവിലേക്ക്‌ അടുപ്പിക്കാൻ അവർ കാണിച്ച താല്പര്യം നിമിത്തവും അവരുടെ മാതൃകജീവിതം കാരണവും ആയിരുന്നു അത്.

കുഞ്ഞുങ്ങളില്ലായിരുന്നെങ്കിലും അതിനെപ്രതി അവർ നിരാശരൊന്നും ആയിരുന്നില്ല. മക്കൾക്ക്‌ വേണ്ടി സമ്പാദിക്കേണ്ടത് കൂടി മറ്റുള്ളവർക്കായി പങ്കുവെക്കാമല്ലോ എന്നോർത്ത് ആ ദൈവികപദ്ധതിയിലും അവർ നന്മ കണ്ടെത്തി . അങ്ങനെയിരിക്കെ ഒരു രാത്രിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അമാത്തക്ക് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് അവർക്ക് ഒരു മകൾ ജനിക്കുമെന്നറിയിച്ചു. 1381 മെയ് 22ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പ്രായത്തിൽ അവർക്കൊരു മകൾ ജനിച്ചു.

മുത്ത്, രത്നം എന്നൊക്കെ അർത്ഥം വരുന്ന മർഗ്ഗരീത്താ എന്ന പേരാണ് മകൾക്കായി അവർ തിരഞ്ഞെടുത്തത്. അതും സ്വപ്നത്തിൽ മാലാഖ നിർദ്ദേശിച്ച പേരാണെന്ന് പറയപ്പെടുന്നു. ആ പേരിന്റെ ഓമനരൂപമാണ് റീത്ത.കുഞ്ഞുനാൾ മുതൽ തന്നെ നിഷ്കളങ്കതയും ഹൃദയനൈർമ്മല്യവും അവളുടെ പ്രവൃത്തികളിൽ നിറഞ്ഞുനിന്നു. ദേവാലയത്തിൽ പോകുന്നതും ദിവ്യബലിയിൽ പങ്കെടുക്കുന്നതും തനിച്ചിരുന്ന് പ്രാർത്ഥിക്കുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും അവളുടെ സന്തോഷങ്ങളായി.

അവളുടെ മാതാപിതാക്കൾ ചെയ്തിരുന്നതുപോലെ ദുഖങ്ങളും വേദനകളും ഉണ്ടാകുമ്പോൾ ഈശോയുടെ പീഡാനുഭവങ്ങളെ ക്കുറിച്ചു ധ്യാനിച്ച് അവളുടെ വേദന എത്ര നിസ്സാരമാണെന്ന് ചിന്തിക്കുന്നത് അവൾ അഭ്യസിച്ചു. ‘ക്രൂശിതന്റെ ശിഷ്യ’ എന്നും ‘സഹനത്തിന്റെ പ്രേഷിത’ എന്നും വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വിശുദ്ധ റീത്തയെ, സഹനത്തെ നേരിടാനായി ജീവിതത്തിലുടനീളം സഹായിച്ചത് ഈ പരിശീലനം ആയിരുന്നു.

കാസിയയിലെ അഗസ്റ്റീനിയൻ കോൺവെന്റിൽ ഒരു സന്യാസിനി ആകാനായിരുന്നു അവളുടെ ആഗ്രഹം. വൃദ്ധരായ തൻറെ മാതാപിതാക്കളുടെയടുക്കൽ ഒരു വിധത്തിൽ തൻറെ സ്വപ്നം അവതരിപ്പിച്ചെങ്കിലും അവർ അവളുടെ ഇഷ്ടത്തിനെതിരായിരുന്നു.എത്ര ശ്രമിച്ചിട്ടും അവളുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന മാതാപിതാക്കളുടെ തീരുമാനം ദൈവേഷ്ടമായി പരിഗണിച്ച് വിവാഹജീവിതത്തിന് വിഷമത്തോടെയെങ്കിലും അവൾ സമ്മതം മൂളി. അങ്ങനെ, പന്ത്രണ്ട് വയസ്സുള്ളപ്പോൾ അവൾ പാവ്ലോ ഫെർഡിനാന്റ് മൻസിനിയുടെ ഭാര്യയായി.

ആദ്യത്തെ കുറച്ചു നാളുകൾ അധികം പ്രശ്നമില്ലാതിരുന്നെങ്കിലും പുതിയ ജീവിതത്തെക്കുറിച്ചുള്ള അവളുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് അവൾ വേഗം തിരിച്ചറിഞ്ഞു. ചൂതുകളിക്കും മദ്യപാനത്തിനും അടിമയായിരുന്ന അവളുടെ ഭർത്താവ് പണം ധൂർത്തടിച്ചു നശിപ്പിച്ചു. മനുഷ്യത്വരഹിതമായ പെരുമാറ്റവും മാനസികപീഡനവുമാണ് അവൾക്ക് ഭർത്താവിൽ നിന്ന് സഹിക്കേണ്ടി വന്നത്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും സഹിക്കേണ്ടി വന്നിട്ടും തനിക്ക് സന്യാസജീവിതം നിഷേധിക്കുകയും ഇത്രക്ക് മനസ്സാക്ഷിയില്ലാത്ത ഭർത്താവിനെ തിരഞ്ഞെടുത്തു തരികയും ചെയ്ത മാതാപിതാക്കളെ അവൾ കുറ്റപെടുത്തിയില്ല.

ക്ഷമിക്കുവാനും കൂടുതൽ സ്നേഹിക്കാൻ പഠിക്കാനുമുള്ള അവസരങ്ങളായി അവൾ സഹനങ്ങളെ കണ്ടു. മോനിക്ക പുണ്യവതിയെപ്പോലെ കണ്ണീരു തുടക്കുന്ന തൂവാല അവളുടെ സന്തതസഹചാരിയായി.അവളുടെ സഹനങ്ങൾ, ഭർത്താവ് മനസ്സ് തിരിയാനും വിശുദ്ധമായൊരു ജീവിതം നയിക്കാനും വേണ്ടി കർത്താവിലർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അനേകവർഷങ്ങളുടെ എളിമയോടും ശാന്തതയോടും ക്ഷമയോടും കൂടിയുള്ള കാത്തിരിപ്പിന് ഫലമുണ്ടായി. റീത്തയുടെ പെരുമാറ്റം കഠിനഹൃദയനായ ഭർത്താവിന്റെ മനസ്സ് മാറ്റി. തൻറെ മർദ്ദനങ്ങളും ക്രൂരതകളും പരാതി കൂടാതെ സഹിക്കുന്ന ഭാര്യയോട് സ്നേഹത്തോടെ ഒരു വാക്ക് പോലും തനിക്ക് പറയാൻ പറ്റുന്നില്ല എന്ന തിരിച്ചറിവ് അയാളെ ലജ്ജിതനാക്കി. നല്ല കുമ്പസാരത്തിലൂടെ തെറ്റുകൾ ഏറ്റുപറഞ്ഞു. വീട്ടിൽ സമാധാനമുണ്ടായി.

രണ്ട് ആൺകുട്ടികളാണ് അവർക്കുണ്ടായത്. ജോൺ എന്നും പാവ്ലോ എന്നും അവർക്ക് പേരുകൾ നൽകി. മക്കൾ നല്ല ചുണക്കുട്ടന്മാരായി വളർന്നു വന്നു. സന്തോഷത്തിന്റെ കാലഘട്ടം പക്ഷെ അധികം നീണ്ടുനിന്നില്ല. റീത്തയുടെ ഭർത്താവിന്റെ മുൻകാലജീവിതത്തിൽ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അതിലൊരു കൂട്ടർ അദ്ദേഹത്തെ കുത്തിക്കൊന്ന് ശരീരം ഒരു മലയടിപ്പാതയിൽ ഉപേക്ഷിച്ചു.

റീത്തയുടെ സങ്കടത്തിന് അതിരില്ലായിരുന്നു. എങ്കിലും തൻറെ ഭർത്താവിനെ കുത്തിക്കൊന്നവരോട് അവൾ നിരുപാധികം ക്ഷമിച്ചു. കൊലപാതകികളോട് ക്ഷമിക്കുവാൻ മക്കളോടും ആവശ്യപ്പെട്ടു. അന്ത്യകൂദാശ ലഭിക്കാതെയുള്ള ഭർത്താവിന്റെ മരണം റീത്തക്ക് വലിയ വിഷമത്തിന് കാരണമായി. അദ്ദേഹത്തിന് നിത്യസൗഭാഗ്യം ഉറപ്പാക്കാൻ പ്രയശ്ചിത്ത- പരിഹാരപ്രവൃത്തികളും പ്രാർത്ഥനയുമായി കഴിഞ്ഞ അവൾക്ക് , ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് അവളുടെ ഭർത്താവിന്റെ ആത്മാവ് ദൈവസന്നിധിയിലാണെന്നറിയിച്ചു. അതവൾക്ക് ആശ്വാസമായി .

പക്ഷെ പ്രായപൂർത്തിയായ മക്കൾ പിതാവിന്റെ ഘാതകരെ കൊല്ലാൻ പദ്ധതികളിടുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. ഞെട്ടിപ്പോയ അവൾ, കുരിശിലേക്കു നോക്കി ക്ഷമയുടെ പാഠങ്ങൾ പഠിക്കാൻ മക്കളോട് പറഞ്ഞെങ്കിലും അവർക്കതൊന്നും സ്വീകാര്യമായിരുന്നില്ല.അവരുടെ പിതാവിന്റെ ഘാതകരുടെ രക്തക്കറ അവരുടെ ആത്മാവിൽ പുരളുന്നതിലും ഭേദം അവരെ ദൈവസന്നിധിയിലേക്ക് തിരിച്ചു വിളിക്കുന്നതാണെന്നു പറഞ്ഞ് ആ അമ്മ പ്രാർത്ഥിച്ചു.

താൻ തനിച്ചാകുമെന്നോ ആരുടേയും തുണയില്ലാതാകുമെന്നോ ഒന്നും അവളോർത്തില്ല. ദൈവം തന്നെ ഭരമേല്പിച്ചവർ സ്വർഗ്ഗത്തിലെത്തണമെന്ന് മാത്രമായിരുന്നു അവളുടെ ആഗ്രഹം. ഈലോകജീവിതത്തെക്കാൾ നിത്യജീവന് പ്രാധാന്യം കൊടുക്കുന്നവർക്ക് അങ്ങനെയല്ലേ ചിന്തിക്കാൻ പറ്റൂ? എന്തായാലും ദൈവം അവളുടെ അപേക്ഷയെ കൈക്കൊണ്ടു. ആദ്യം മൂത്തമകനും പിന്നീട് ഇളയമകനും അസുഖങ്ങളുടെ പിന്നാലെ ദൈവസന്നിധിയിലേക്ക്‌ യാത്രയായി.വളരെ

സങ്കടപ്പെട്ടെങ്കിലും മക്കളുടെ ആത്മാവ്‌ നിത്യനാശമടഞ്ഞില്ലല്ലോ എന്നവൾ സമാധാനിച്ചു.

കൂടുതൽ സ്നേഹിക്കുന്നവരെ ദൈവം ഒറ്റപ്പെടുത്തും. കൂടുതൽ ആഴത്തിൽ സ്നേഹിക്കുവാനും ദൈവത്തിന്റെ സ്നേഹം മാത്രം ഉള്ളിൽ നിറക്കുവാനും വേണ്ടിയാണത്. സഹനങ്ങൾ റീത്തയെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത് .

ചെറുപ്പത്തിൽ വളരെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആഗ്രഹം വീണ്ടും അവളുടെ ഉള്ളിൽ സ്ഥാനം പിടിച്ചു. സന്യാസസഭയിൽ ചേരുക എന്നത്.നീണ്ട പ്രാർത്ഥനകൾക്കും ഒരുക്കങ്ങൾക്കും ശേഷം കാസിയായിലെ മറിയം മഗ്‌ദലേന സന്യാസഭവനത്തിൽ ചെന്ന് തൻറെ കഥ പറഞ്ഞ് ആഗ്രഹം അറിയിച്ചു.പക്ഷെ ഇതുവരെ വിധവകളെ തങ്ങളുടെ സഭയിൽ ചേർത്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. വീണ്ടും വീണ്ടും അപേക്ഷകൾ നൽകിയെങ്കിലും എല്ലാം പുറംതള്ളപ്പെട്ടു.

ഒരു ദിവസം പ്രാർത്ഥനയിൽ ലയിച്ചിരിക്കുകയായിരുന്ന റീത്ത ഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടു, “വേഗം എഴുന്നേറ്റ് യാത്രയാവുക , നിന്റെ പ്രാർത്ഥനക്ക് ദൈവം ഉത്തരം നൽകിയിരിക്കുന്നു”.പുറത്തിറങ്ങിയ റീത്ത കണ്ടത്‌ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രമണിഞ്ഞ, അരയിൽ തോൽവാറു ധരിച്ച, കയ്യിൽ വടിപിടിച്ച രൂപത്തിനെയാണ്. തനിക്ക് മുന്നോടിയായി വന്ന സ്നാപകയോഹന്നാനെ ക്രിസ്തുനാഥൻ റീത്തക്കായി അയച്ചിരിക്കുന്നു. പുറത്തിറങ്ങിയ റീത്ത വിശുദ്ധ അഗസ്റ്റിനെക്കണ്ടു. താൻ സ്ഥാപിച്ച സന്യാസഭവനത്തിലേക്ക് അവളെ കടത്തിവിടാൻ വന്ന വിശുദ്ധ അഗസ്റ്റിന്റെ കൂടെ വിശുദ്ധ നിക്കോളാസും ഉണ്ടായിരുന്നു.

മൂവരുടെയും അകമ്പടിയോടെ റീത്ത മഠത്തിലേക്ക് യാത്രയായി. ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന സന്യാസഭവനത്തിന്റെ ആവൃതിക്കുള്ളിലേക്ക് അവർ അവളെ നയിച്ചു. അതിനു ശേഷം അപ്രത്യക്ഷമായി. പിറ്റേ ദിവസം സന്യാസിനികള്‍ നോക്കുമ്പോൾ ഒരു അല്മായസ്ത്രീ മഠത്തിന് ഉള്ളിലിരിക്കുന്നു. അമ്പരന്ന അവരോട് റീത്ത നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ട അവർ ഏകസ്വരത്തിൽ അവളെ അവിടത്തെ സഹോദരിയായി സ്വീകരിച്ചു.അങ്ങനെ റീത്തയും സന്യാസിനികളിലൊരുവളായി. അവളുടെ പ്രായച്ഛിത്തപ്രവൃത്തികളും ഉപവാസവുമൊക്കെ അധികാരികളിൽ വലിയ മതിപ്പുളവാക്കി.

നൊവിഷ്യേറ്റ് കഴിഞ്ഞ് വ്രതവാഗ്ദാനം നടത്തി, 1413ൽ സഭാവസ്ത്രം സ്വീകരിച്ചു.

നാളിതുവരേക്കും മകളായും ഭാര്യയെയുമൊക്കെ തുടർന്നുപോന്ന അനുസരണം സന്യാസിനിയായിരിക്കെയും അവൾ പിന്തുടർന്നു. അവളെ ഒന്ന് പരീക്ഷിക്കാനുറച്ച മദർ പൂന്തോട്ടത്തിലെ ഉണങ്ങിയ മുന്തിരിക്കമ്പിനു വെള്ളമൊഴിക്കാൻ അവളോട് പറഞ്ഞു. തർക്കിക്കാൻ പോകാതെ, അനുസരണത്തെ പ്രതി അവളെന്നും വെള്ളമൊഴിച്ചു. ഒരു വർഷത്തിനടുത്തായപ്പോൾ മുന്തിരി പൂവിട്ട് ഫലം പുറപ്പെടുവിച്ചു. 600 കൊല്ലങ്ങൾക്കിപ്പുറം ഇന്നും ആ മുന്തിരിച്ചെടി നശിച്ചുപോകാതെ സന്ദർശകർക്ക് അത്ഭുതമായി നിലകൊള്ളുന്നു.

ദിവസം ഒരു നേരം മാത്രമാണ് റീത്ത ഭക്ഷണം കഴിച്ചിരുന്നത്. ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഉറങ്ങി . ബാക്കി സമയം പ്രാർത്ഥനയിൽ മുഴുകി. മഠത്തിൽ പ്രവേശിച്ചപ്പോൾ തന്നെ സ്വത്തുമുഴുവൻ ദാനം ചെയ്തിരുന്നു. മരണം വരേയ്ക്കും ഒരേയൊരു സന്യാസവസ്ത്രം മാത്രമാണ് ഉപയോഗിച്ചിരുന്നത്. കഷ്ടിച്ച് മുട്ടുകുത്താൻ പറ്റുന്ന ഇടുങ്ങിയ മുറിയിൽ തടികൊണ്ട് നിർമ്മിച്ച ഒരു ബെഞ്ചും തല ചായ്ക്കാനായി ഒരു പാറക്കഷണവും ആണ് സ്വത്തായി ഉണ്ടായിരുന്നത് .

” ചോദിക്കുന്നതെല്ലാം കൊടുത്ത് നാം നമ്മുടെ ശരീരത്തെ തൃപ്തിപ്പെടുത്തരുത് . അത് പിന്നീട് ആത്മാവിന്റെ പ്രചോദനങ്ങളോട് മറുതലിക്കും.പ്രതിസന്ധികളിൽ അതിന് പിടിച്ചുനിൽക്കാനാകില്ല” റീത്ത പറഞ്ഞു .

റീത്തയെക്കുറിച്ചുള്ള വാർത്തകൾ കോൺവെന്റിന്റെ ചുവരുകൾ കടന്ന് നാനാഭാഗത്തേക്കും വ്യാപിച്ചു. രോഗസൗഖ്യത്തിനും പ്രാർത്ഥനക്കും ഉപദേശത്തിനുമായി സമീപിച്ചവരെയൊന്നും റീത്ത നിരാശരാക്കിയില്ല. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ മനസ്സും ആത്മാവുമെല്ലാം സ്വർഗ്ഗീയ ആനന്ദത്തിൽ ലയിക്കുമായിരുന്നു. വളരെ അത്യാവശ്യമായതു മാത്രമാണ് സംസാരിച്ചിരുന്നത്.

ഒരിക്കൽ പ്രശസ്ത വചനപ്രഘോഷകനായിരുന്ന വാഴ്ത്തപ്പെട്ട ജെയിംസ്‌ ഓഫ് ദ മാർചെസ് കാസിയായിലെത്തി. റീത്തയും മറ്റു സന്യാസിനികളും പ്രസംഗം കേൾക്കാൻ ദൈവാലയത്തിൽ പോയി . യേശുവിന്റെ അതികഠോര പീഡാസഹനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.അത് ശ്രവിച്ച റീത്ത കരഞ്ഞുപോയി. അവളെ കൂടുതലും സ്പർശിച്ചത് യേശുവിന്റെ തിരുശിരസ്സിൽ ആഴ്ന്നിറങ്ങിയ മുള്ളുകളുണ്ടാക്കിയ മുറിവുകളെക്കുറിച്ചുള്ള ധ്യാനമായിരുന്നു.

അന്ന് രാത്രി റീത്ത ഇങ്ങനെ പ്രാർത്ഥിച്ചു, “യേശുവേ, അങ്ങ് കാൽവരിക്കുന്നിൽ വെച്ചു അനുഭവിച്ച വേദനയുടെ ഒരു പങ്ക് എനിക്ക് തരണമേ ” ആ പ്രാർത്ഥനയെ തുടർന്ന് അവൾ ദിവ്യമായ ഒരനുഭൂതിയിൽ മുഴുകി. അവൾ പ്രാർത്ഥിച്ചതുപോലെ ഈശോയുടെ മുൾമുടിയിലെ 72 മുള്ളുകളിലൊരെണ്ണം അവളുടെ നെറ്റിയിൽ തറഞ്ഞുകയറി മുറിവുണ്ടാക്കി. അസഹ്യമായ വേദനയാൽ അവൾ ബോധംകെട്ടുവീണു. പിറ്റേന്ന് രാവിലെ മറ്റുള്ളവർ അവളുടെ നെറ്റിയിലെ മുറിവ് കണ്ടു. മദർ ചികിത്സക്ക് ഏർപ്പാട് ചെയ്തു . പക്ഷെ മുറിവുണങ്ങിയില്ലെന്നു മാത്രമല്ല പഴുത്തൊലിക്കാനും ദുർഗന്ധം പരത്താനും തുടങ്ങി.

പിന്നീടുള്ള വർഷങ്ങൾ അസഹ്യമായ വേദനയും കുറ്റപ്പെടുത്തലും ഒറ്റപ്പെടലും നിറഞ്ഞതായിരുന്നു. മുറിവിൽ നിന്ന് പുറപ്പെട്ട ദുർഗന്ധം മറ്റുള്ളവരെ അവളിൽ നിന്നകറ്റി. എല്ലാം അവൾ ക്ഷമയോടെ സഹിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു സഹനത്തിന്റെ തടവറയിലായ അവൾക്ക് പ്രത്യാശ പകരാനായി ഈശോ അവളുടെ അടുക്കൽ കൂടെക്കൂടെ എത്തി. അടുത്ത 15 കൊല്ലങ്ങൾ, മരിക്കുന്നതു വരെ ആ മുറിവ് അവളുടെ നെറ്റിയിലുണ്ടായിരുന്നു , കുറച്ചു ദിവസങ്ങളിലൊഴിച്ച്. 1450കളിൽ സഭ വിശുദ്ധ വർഷമായി ആചരിക്കുന്ന സമയം , റോമിൽ പോയി പ്രാർത്ഥിക്കുന്നവർക്ക് നിക്കോളാസ് അഞ്ചാമൻ പാപ്പ പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചു. മറ്റു സന്യാസിനിമാരോടൊപ്പം റോമിലേക്ക് പോകാൻ റീത്തയും ആഗ്രഹിച്ചെങ്കിലും വികൃതമായ , ദുർഗന്ധം വമിക്കുന്ന മുറിവുള്ളതിനാൽ മദർ അത് സമ്മതിച്ചില്ല.

റോമിൽ പോയി തിരിച്ചുവരുന്നത് വരെ മുറിവ് നെറ്റിയിൽ നിന്ന് ഒന്ന് മാറ്റിത്തരാനും എന്നാൽ വേദന അവിടെത്തന്നെ ഉണ്ടാകാനും വേണ്ടി അവൾ കണ്ണീരോടെ പ്രാര്ത്ഥിച്ചു. അതുപോലെ തന്നെ അവൾ റോമിൽ പോയി വരുന്നതുവരെ മുറിവ് അപ്രത്യക്ഷമായി. തിരിച്ചുവന്നു കഴിഞ്ഞ് അവളുടെ അപേക്ഷ പോലെ വീണ്ടും അത് നെറ്റിയെ വികൃതമാക്കി. അതിൽനിന്നു പുറത്തുവരുന്ന പുഴുക്കളെ പോലും അവൾ സ്നേഹിച്ചു. കുഞ്ഞു ഉപകാരികൾ എന്നാണ് അവൾ അവരെ വിളിച്ചത്.

റീത്ത മരണത്തോടടുത്തപ്പോൾ അതിനു എതാനും മാസങ്ങൾക്കു മുൻപ് അവളുടെ ഒരു ബന്ധു , അവളുടെ പഴയ വീട്ടിൽ നിന്ന് എന്തെങ്കിലും കൊണ്ടുവരണമോ എന്ന് ചോദിച്ചപ്പോൾ പൂന്തോട്ടത്തിൽ നിന്ന് ഒരു റോസപ്പൂ കൊണ്ടുവരാനാണ് അവൾ പറഞ്ഞത് . മഞ്ഞുകാലം കഴിഞ്ഞിട്ടില്ലാത്തതിനാൽ അത് അസാധ്യമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പൂക്കൾ ഉണ്ടാകുന്ന കാലമായിരുന്നില്ല അത് , ജനുവരിയായിരുന്നു . എങ്കിലും ആ കസിൻ റോക്കോ പെറോനയിൽ റീത്തയുടെ തോട്ടത്തിൽ പോയി നോക്കിയപ്പോൾ സന്തോഷം കൊണ്ട് മതിമറന്നു . മഞ്ഞുമൂടിയ പൂന്തോട്ടത്തിൽ ഒരു റോസാപ്പൂ മാത്രം അത്ഭുതമെന്നോണം വിടർന്നു നിന്നിരുന്നു. അതുവേഗം ഇറുത്ത് റീത്തക്കു കൊണ്ടുകൊടുത്തു. ആ വാർത്ത എല്ലായിടത്തും പരന്നു. ‘റോസാപ്പൂക്കളുടെ റീത്ത’ എന്നവൾക്ക് പേരുവീണു. അത്ഭുതമുന്തിരിച്ചെടി പോലെ മഠത്തിലെ തോട്ടത്തിൽ എടുത്തു നട്ട ആ റോസാച്ചെടിയും നൂറ്റാണ്ടുകൾ കഴിഞ്ഞും വാടാതെ നിന്നു.അവളുടെ തിരുന്നാൾ ദിനമായ മെയ് 22ന് പള്ളികളിൽ റോസാപ്പൂ വെഞ്ചരിച്ചു നൽകാറുണ്ട്.

റീത്ത മരണത്തോടടുത്തു. ഒരു ദിവസം ഈശോയും പരിശുദ്ധ അമ്മയും കൂടെ പ്രത്യക്ഷപ്പെട്ടു ആ സന്തോഷവാർത്ത അവളെ അറിയിച്ചു. ദൈവപിതാവിന്റെ മുഖദർശനത്തിന് ഇനി വളരെ കുറച്ചു സമയം മാത്രം. മേലധികാരികളോടും സഹോദരിമാരോടും അവൾ മാപ്പു ചോദിച്ചു. “സ്നേഹിക്കേണ്ടതുപോലെ നിങ്ങളെ സ്നേഹിക്കാൻ എനിക്ക് സാധിച്ചില്ല. അനുസരിക്കേണ്ടതുപോലെ നമ്മുടെ സഭാനിയമം അനുസരിക്കാനും എനിക്ക് സാധിച്ചിട്ടില്ല. എന്റെ നെറ്റിയിലെ മുറിവ് നിങ്ങളെ ഏറെ വേദനിപ്പിച്ചു. എന്നോട് ക്ഷമിക്കണം, എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. കരുണ തോന്നി എന്റെ പാപങ്ങൾ ക്ഷമിച്ച് നല്ല ദൈവം എന്നെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കട്ടെ” അവരെല്ലാം പൊട്ടിക്കരഞ്ഞു.

അവൾ പറഞ്ഞു ,” മരണം എന്താണെന്ന് എനിക്കറിയാം . അത് ലോകത്തിന് മുൻപിൽ കണ്ണുകളടച്ച് ദൈവത്തിന് മുൻപിൽ അത് തുറക്കുന്നതാണ്” അവൾ അന്ത്യകൂദാശകൾ സ്വീകരിച്ചു. സന്യാസിനിമാർ പുറത്തെവിടെയെങ്കിലും യാത്ര പോകുമ്പോൾ ചെയ്യുന്നതുപോലെ മഠാധികാരിയുടെ ആശിർവാദം അവൾ ചോദിച്ചു. അവളെ സംബന്ധിച്ചിടത്തോളം ഇതൊരു യാത്ര മാത്രമായിരുന്നു.

1457 മെയ് 22ന് ആണ് റീത്ത മരിക്കുന്നത് . “യേശുവിനോടുള്ള വിശുദ്ധസ്നേഹത്തിൽ നിലനിൽക്കുക ,പരിശുദ്ധ സഭയോടുള്ള അനുസരണത്തിൽ നിലനിൽക്കുക , സമാധാനത്തിലും സഹോദരങ്ങളോടുള്ള നന്മയിലും നിലനിക്കുക ” ഇതായിരുന്നു അവളുടെ അവസാന വാക്കുകൾ.

കുറെ വർഷങ്ങളോളം ഒരു പരാതിയില്ലാതെ അവൾ വഹിച്ച നെറ്റിയിലെ മുറിവ് മരണസമയത്ത് നേർത്ത് , ഒരു സുന്ദരമായ പാട് മാത്രമായി. ശക്തിയുള്ള സുഗന്ധം അവിടെ നിന്ന് പുറപ്പെട്ടു. അവൾക്ക് ശവമഞ്ചം ഉണ്ടാക്കാൻ സഹോദരിമാർ ആശാരിയെ സമീപിച്ചപ്പോൾ തനിക്ക് സ്ട്രോക്ക് വന്നു കിടപ്പിലാണെന്നും അല്ലെങ്കിൽ ഉണ്ടാക്കാമായിരുന്നെന്നും അയാൾ പറഞ്ഞ നിമിഷത്തിൽ അയാൾക്ക് സുഖമായി. പക്ഷെ ആ മരത്തിന്റെ പെട്ടിയിൽ അവളെ കിടത്തേണ്ടി വന്നില്ല. എല്ലാവർക്കും അവളെ കണ്ട് യാത്രയയക്കാൻ പാകത്തിൽ ഒരു ചില്ലുപേടകത്തിലാണ് അവളെ വെച്ചത് . അഴുകാൻ തുടങ്ങുമ്പോൾ മാറ്റിവെക്കാമെന്നു കരുതി .പക്ഷെ എത്ര നാൾ കഴിഞ്ഞിട്ടും അവളുടെ ശരീരം അപ്പോൾ മരിച്ച പോലെയാണ് കാണപ്പെട്ടത്. അഞ്ഞൂറിൽപരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അത് കാര്യമായ കേടുപാടുകൾ കൂടാതെയിരിക്കുന്നു . അതുപോലെ നീണ്ട 46 വർഷങ്ങൾ അവൾ ഉപയോഗിച്ച ഒരേയൊരു സഭാവസ്ത്രവും. കൈ തളർന്നിരുന്ന അവളുടെ ഒരു ബന്ധുവിന്റെ കൈ അവളുടെ ഭൗതികശരീരത്തിൽ തൊട്ടതും സുഖമായി.

1900 മെയ് 24ന് ലെയോ പതിമൂന്നാമൻ പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ച് ‘ഉംബ്രിയയുടെ വിലപ്പെട്ട മുത്ത്’ എന്ന് വിളിച്ചു. മാർഗ്ഗരീത്ത എന്ന അവളുടെ പേര് പോലെ തന്നെ ശരിക്കും അവൾ മുത്തായിരുന്നു. ക്രൂശിതനായ യേശുവിനെ പ്രതി, ജീവിതത്തിലെ സഹനത്തെ മുഴുവൻ എങ്ങനെ നേരിടണം എന്നറിയാമായിരുന്ന അവൾ ആശ്ചര്യപ്പെടുത്തുന്ന ഒരു വിശുദ്ധയാണ്. ലെയോ പതിമൂന്നാമൻ പാപ്പയുടെ അഭിപ്രായത്തിൽ “യേശുവിനെ അത്രയധികം അവൾ പ്രീതിപ്പെടുത്തിയതുകൊണ്ട് തൻറെ സ്നേഹവും പീഡാനുഭവവും അവളിൽ മുദ്രണം ചെയ്യാൻ അവൻ തിരുമനസ്സായി”.

നൂറു വർഷങ്ങൾക്ക് ശേഷം രണ്ടായിരാമാണ്ടിൽ ജൂബിലി വർഷത്തിൽ അവളുടെ അഴുകാത്ത ശരീരം റോമിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കൊണ്ടുവന്നപ്പോൾ ജോൺപോൾ രണ്ടാമൻ പാപ്പ അവിടെ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തോട് ഇങ്ങനെ പറഞ്ഞു, “ നമ്മൾ ഇന്നിവിടെ വണങ്ങുന്ന വിശുദ്ധ റീത്തയുടെ ഭൗതികാവശിഷ്ടങ്ങൾ , ഈശോ തൻറെ സ്‌നേഹത്തോട് തുറവി കാണിക്കുന്ന, എളിമയുള്ള ഹൃദയങ്ങളോട് ചരിത്രത്തിൽ എങ്ങനെ വർത്തിച്ചു എന്നതിന്റെ വ്യക്തമായ അടയാളമാണ്. ശോഷിച്ച ശരീരത്തോട് കൂടിയ പക്ഷെ വിശുദ്ധിയിൽ മഹത്വമാർജ്ജിച്ച , എളിമയിൽ ജീവിച്ച ഒരു സ്ത്രീ ഇന്ന് ഭാര്യ, അമ്മ , വിധവ , സന്യാസിനി എന്നീ നിലകളിലുള്ള വീരോചിതമായ ക്രിസ്തീയ ജീവിതത്തിന്റെ പേരിൽ ലോകമെങ്ങും അറിയപ്പെടുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ആഴപ്പെട്ടുകൊണ്ട് , റീത്ത എല്ലാ സാഹചര്യങ്ങളിലും സമാധാനത്തിന്റെ സ്ത്രീ ആകുന്നതിനുള്ള അചഞ്ചലമായ ശക്തി തൻറെ വിശ്വാസത്തിൽ കണ്ടെത്തി”.

എല്ലാവർക്കും വിശുദ്ധ റീത്തയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Saint Rita
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s