Saint of a Joyous Heart

Saint of a joyous heart

റോമിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഫിലിപ്പ് നേരി തൻറെ പാണ്ഡിത്യം കൊണ്ടെന്നതിനേക്കാൾ തൻറെ ലാളിത്യം കൊണ്ടും തമാശ കൊണ്ടും പ്രാർത്ഥന കൊണ്ടും വിശുദ്ധി കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന വിശുദ്ധനാണ്. തൻറെ കോപ്രായങ്ങളാൽ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യനായി, ‘ഒരു വിവരവുമില്ലാത്ത വട്ടൻ’ എന്ന് കേൾക്കാൻ ഇത്രമാത്രം ആഗ്രഹിച്ച വേറൊരു വിശുദ്ധൻ ഉണ്ടാവില്ല.

And he was so cheerful !

ഏത് സന്ദർശകർക്കും കുമ്പസാരിക്കേണ്ടവർക്കും എല്ലായ്പ്പോഴും തുറന്നിരുന്ന, റോമിൽ 40 കൊല്ലത്തോളം അദ്ദേഹം ഉപയോഗിച്ച മുറിയുടെ പേര് ‘ക്രിസ്തീയോല്ലാസത്തിന്റെ ഭവനം’ എന്നായിരുന്നു. പ്രൊട്ടസ്റ്റന്റ് ആയിരുന്ന ജർമ്മൻ കവി ഗോഥെ 200 കൊല്ലം കഴിഞ്ഞ് റോം സന്ദർശിച്ചപ്പോഴും ആളുകൾ വാ തോരാതെ ഈ ഉല്ലാസവാനായ വിശുദ്ധനെക്കുറിച്ചും ആളുടെ അസാധാരണ വഴികളെക്കുറിച്ചും സംസാരിച്ചിരുന്നതുകൊണ്ട് ഫിലിപ്പ് നേരിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം ഒരു ലേഖനം എഴുതി അതിന് ‘തമാശക്കാരനായ വിശുദ്ധൻ’ എന്ന് പേരിട്ടു.

“നിങ്ങൾ കളിക്കുക, സന്തോഷമായിരിക്കുക എന്നാൽ ഒരിക്കലും പാപം ചെയ്യരുത്” ഇതായിരുന്നു തനിക്ക് ചുറ്റും കൂടിയ യുവാക്കളോട് ഫിലിപ്പ് നേരിക്ക് പറയാൻ ഉണ്ടായിരുന്നത്. ‘സന്തോഷമുള്ള ആത്മാവ് പെട്ടെന്ന് പൂർണ്ണത കൈവരിക്കുന്നു’ എന്നവരെ ഓർമ്മിപ്പിച്ചു. അവർ കളിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുന്നത് ശല്യം ആകുന്നില്ലേ എന്ന് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞത്‌ , “അവർ പാപം ചെയ്യാതിരിക്കുന്നിടത്തോളം കാലം എന്റെ പുറത്തുവെച്ചു അവർ വിറകുവെട്ടിയാലും എനിക്ക് കുഴപ്പമില്ല” എന്നായിരുന്നു.

വിശുദ്ധ ഫിലിപ്പ് നേരി ജീവിതാദർശമായി സ്വീകരിച്ചത് “ക്രിസ്തുവിന്റെ സ്നേഹത്തിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരിക്കുക” എന്നതാണ്. ഭൗതികസ്ഥാനമാനങ്ങളോ പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ ഈശോയുടെ സ്നേഹം മാത്രം ആഗ്രഹിക്കുക. അവിടുത്തെ പ്രീതിപ്പെടുത്താൻ മാത്രം ശ്രദ്ധിക്കുക. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി..

“ക്രിസ്തുവിനെയല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നവൻ താൻ എന്താഗ്രഹിക്കുന്നു എന്നറിയുന്നില്ല, ക്രിസ്തുവിനെയല്ലാതെ മറ്റെന്തെങ്കിലും ആവശ്യപ്പെടുന്നവൻ താൻ എന്താവശ്യപ്പെടുന്നു എന്നറിയുന്നില്ല. ക്രിസ്തുവിനുവേണ്ടിയല്ലാതെ മറ്റെന്തിനെങ്കിലും വേണ്ടി അദ്ധ്വാനിക്കുന്നവൻ താനെന്തിനുവേണ്ടി അദ്ധ്വാനിക്കുന്നു എന്നറിയുന്നില്ല “

ലൗകികവസ്തുക്കൾക്ക് വേണ്ടി പ്രയത്നിക്കുന്നവൻ ഒരിക്കലും വിശുദ്ധനാകില്ല എന്നായിരുന്നു ഫിലിപ്പ് നേരി പറഞ്ഞിരുന്നത്. ഫ്രാൻസെസ്കോ നിയമശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു. കോടതിയിൽ ഉന്നതപദവിയിൽ എത്തണമെന്ന ആഗ്രഹത്തിൽ പ്രയത്‌നിച്ചു കൊണ്ടിരുന്നു. ഒരുദിവസം ഫിലിപ്പ് നേരി അവനോട് ഒരു സംഭാഷണം നടത്തി.

“നല്ല സന്തോഷത്തിലാണല്ലോ. ഇപ്പോൾ നീ പഠിക്കുവല്ലേ? അതുകഴിഞ്ഞ്?“

“ഞാൻ ബിരുദധാരിയാവും”

“അതുകഴിഞ്ഞ്?” “

“ഞാൻ പണം സമ്പാദിക്കാൻ തുടങ്ങും. കുടുംബത്തെ അഭിവൃദ്ധിപ്പെടുത്തും . ഉയർന്ന പദവിയിലെത്തും”

“അതുകഴിഞ്ഞ്?”

ആ ചോദ്യം ആ യുവാവിനെ സ്പർശിച്ചു. വീട്ടിലെത്തിയതിനു ശേഷം സ്വയം ചോദിച്ചു. ‘ഞാൻ പഠിക്കുന്നത് ഈ ലോകത്തിലെ പ്രശസ്തിക്ക് വേണ്ടിയാണ്. അതിനുശേഷം ?’ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ഹൃദയത്തിൽ നിന്ന് ആഗ്രഹങ്ങൾ മാറ്റിക്കളയാൻ കഴിയാതെ കഷ്ടപ്പെട്ടു. അവസാനം ദൈവത്തിങ്കലേക്കുതിരിഞ്ഞ് സന്യാസസഭയിൽ ചേർന്ന്‌ എല്ലാവർക്കും മാതൃകയായി ജീവിച്ചു.

വിശുദ്ധ ഫിലിപ്പ് നേരിയുടെ കുറച്ചു സുകൃതജപങ്ങൾ

എന്റെ ഈശോയെ , അവിടുന്നെന്നെ സഹായിക്കുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും ?

എന്റെ ഈശോയെ , അങ്ങേ തിരുവിഷ്ടം നടപ്പാക്കാൻ ഞാനെന്താണ് ചെയ്യേണ്ടത് ?

എന്റെ ഈശോയെ, ഭയത്താലല്ല, സ്നേഹത്താൽ അങ്ങയെ ശുശ്രൂഷിക്കാനുള്ള കൃപ തരണമേ.

എന്റെ ഈശോയെ , ഞാൻ എന്നെത്തന്നെ അവിശ്വസിക്കുന്നു. എന്നാൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു.

എന്റെ ഈശോയെ, അങ്ങയുടെ സഹായമില്ലാതെ എനിക്ക് ഒരു നന്മയും ചെയ്യാൻ നിവൃത്തിയില്ല.

എന്റെ ഈശോയെ , ഞാൻ അങ്ങയെ ഇതുവരെ സ്നേഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷത്തോടെ സ്നേഹിക്കും.

എന്റെ ഈശോയെ , ഇന്നെന്റെ മേൽ അങ്ങയുടെ കണ്ണുണ്ടായിരിക്കണേ അല്ലെങ്കിൽ ഞാൻ അങ്ങയെ വഞ്ചിച്ചെന്നുവരും.

ജിൽസ ജോയ് ✍️

Advertisements
St. Philip Neri
Advertisements

One thought on “Saint of a Joyous Heart

Leave a comment