നിധിയുടെ വില അറിയാത്തവർ

ഒരു വൃദ്ധനായ യാചകൻ മരിക്കാറായി കിടക്കുന്നു. ഭിക്ഷ യാചിക്കാൻ തനിക്ക് എപ്പോഴും കൂട്ട് വരാറുള്ള താഴെയുള്ള മകനെ അയാൾ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു,

“മോനെ, നിനക്ക് തരാനായി എന്റെ കയ്യിൽ ആകെയുള്ളത് അവിടെ ആ കീറിയ സഞ്ചിയിൽ ഇരിക്കുന്ന വെങ്കലപാത്രമാണ്. എന്റെ ചെറുപ്പത്തിൽ ഒരു ധനികയായ സ്ത്രീയുടെ മുറ്റത്ത് നിന്ന് ചപ്പും ചവറും പറക്കുമ്പോൾ കിട്ടിയതാണ് . അത് നീയെടുത്തോ “

അങ്ങനെ അയാൾ മരിച്ചു. താഴെയുള്ള ആ മകൻ അപ്പൻ കൊടുത്ത പാത്രത്തിൽ പിച്ച തെണ്ടി ജീവിക്കാൻ ആരംഭിച്ചു. ഒരു ദിവസം ഒരു സ്വർണ്ണവ്യാപാരി അവന്റെ പാത്രത്തിലേക്ക് ഒരു നാണയം ഇട്ടുകൊടുത്തു. അപ്പോഴുണ്ടായ ‘ക്ലിങ്‌ ‘ ശബ്ദം കേട്ടപ്പോൾ അയാൾക്കൊരു സംശയം തോന്നി തിരിച്ച് അവന്റെ അടുത്തേക്ക് വന്നു. ആ പാത്രം മേടിച്ചു പരിശോധിച്ചു. അമ്പരന്നുപോയ അയാൾക്ക് മനസ്സിലായി ശുദ്ധമായ സ്വർണ്ണം കൊണ്ടാണ് ആ പാത്രം ഉണ്ടാക്കിയിരിക്കുന്നതെന്ന്. ” പ്രിയ ചെറുപ്പക്കാരാ” അയാൾ പറഞ്ഞു. എന്തിനാണ് നിന്റെ സമയവും ജീവിതവും ഭിക്ഷ യാചിച്ചു പാഴാക്കുന്നത്? നിന്റെ കയ്യിലുള്ള പാത്രത്തിന് കുറഞ്ഞത് അൻപതിനായിരം ഡോളർ എങ്കിലും മൂല്യമുണ്ട്”!

നമ്മൾ ക്രൈസ്തവർ കൂടുതൽ പേരും വൃദ്ധനായ ആ യാചകനെയും മകനെയും പോലെ കയ്യിലുള്ള നിധിയുടെ വില അറിയാത്തവരാണ്. തൻറെ വരങ്ങളും ദാനങ്ങളും ഫലങ്ങളുമെല്ലാം നമ്മളിലേക്ക് പങ്കുവെച്ച് നമ്മളിൽ ജീവിക്കുന്ന പരിശുദ്ധാത്മാവിന്റെ അനന്തമായ മൂല്യം നമ്മൾ തിരിച്ചറിയുന്നുണ്ടോ?

നമ്മുടെ അനന്യത നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ ? നമ്മെ ഈ ഭൂമിയിലേക്ക് വിടുമ്പോൾ ഏൽപ്പിച്ചിട്ടുള്ള ദൗത്യം നമ്മൾ തന്നെയാണ് നിർവഹിക്കേണ്ടത്, അത് വേറെ ആർക്കും അതുപോലെ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് , മനസ്സ് പതറരുത്. നിങ്ങളുടെ ജീവിതം കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നോ ഒരു മാറ്റം വരുത്താൻ നിങ്ങളെക്കൊണ്ട് കഴിയില്ലെന്നോ നിങ്ങൾ വിചാരിക്കുകയാണെങ്കിൽ നിങ്ങളിലുള്ള പരിശുദ്ധാത്മാവിനെ നിങ്ങൾ നിസ്സാരമായി കാണുകയാണ്.

ദൈവം കുശവനും നമ്മൾ കളിമണ്ണും ആണെന്നാണ് ബൈബിളിൽ പറയുന്നത്. നമ്മെ നയിക്കുന്ന ദൈവത്തെ, ഉള്ളിലെ ചെറിയ സ്വരം കൊണ്ട് നമ്മുടെ ചുവടുകളെ നിയന്ത്രിക്കുന്ന പരിശുദ്ധാത്മാവിനെ ശ്രവിച്ചാൽ നമ്മുടെ ചെറിയ ജീവിതം കൊണ്ട് മഹത്തായ കാര്യങ്ങൾ അവന് ചെയ്യാൻ കഴിയും.

പരിശുദ്ധാത്മാവേ വരിക , നീ സൃഷ്ടിച്ച ഹൃദയങ്ങളെ വരപ്രസാദത്താൽ നിറക്കുക. നിന്റെ ദിവ്യസ്നേഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുക 🙏

> Jilsa Joy

Advertisements

Holy Spirit
Advertisements

Leave a comment