The Ascension of the Lord – Mass of the Day 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 ഞായർ, 29/5/2022

The Ascension of the Lord – Mass of the Day 
(see also Vigil Mass)

Liturgical Colour: White.

These readings are for the day of the feast itself:

പ്രവേശകപ്രഭണിതം

അപ്പോ. പ്രവ. 1:11

ഗലീലിയരേ, നിങ്ങള്‍ വിസ്മയഭരിതരായി
ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്?
സ്വര്‍ഗത്തിലേക്ക് അവിടന്ന്
ആരോഹണം ചെയ്തതു കണ്ടപോലെതന്നെ
അവിടന്ന് തിരിച്ചുവരും, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ ആനന്ദത്താല്‍ ആര്‍ത്തുല്ലസിക്കാനും
കൃപകളുടെ ഭക്താനുഷ്ഠാനത്താല്‍ സന്തോഷിക്കാനും
ഞങ്ങള്‍ക്ക് അങ്ങ് ഇടയാക്കണമേ.
എന്തെന്നാല്‍, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ആരോഹണം
ഞങ്ങളുടെ സന്തോഷമാകുന്നു.
ശിരസ്സിന്റെ മഹത്ത്വം എത്തിയേടത്ത്
ശരീരത്തിന്റെ പ്രത്യാശയും നിറവേറുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
സര്‍വശക്തനായ ദൈവമേ,
ഈ ദിനം അങ്ങേ ഏകജാതനായ ഞങ്ങളുടെ രക്ഷകന്‍
സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തുവെന്നു
വിശ്വസിക്കുന്ന ഞങ്ങള്‍,
അതേ മാനസത്താല്‍ സ്വര്‍ഗീയമായവയില്‍
വസിക്കാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 1:1-11
അപ്പോസ്തലന്മാര്‍ നോക്കിനില്‍ക്കേ, യേശു ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു.

അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പോസ്തലന്മാര്‍ക്ക് പരിശുദ്ധാത്മാവു വഴി കല്‍പന നല്‍കിയതിനു ശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസം വരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. കല്പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസം വരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. പീഡാനുഭവത്തിനു ശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു. അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍ നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും.
ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കിനില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചുവരും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 47:1-2,5-6,7–8

ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.
or
അല്ലേലൂയ!

ജനതകളേ, കരഘോഷം മുഴക്കുവിന്‍.
ദൈവത്തിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്;
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.

ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.
or
അല്ലേലൂയ!

ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ
ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍;
സ്‌തോത്രങ്ങളാലപിക്കുവിന്‍;
നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;
കീര്‍ത്തനങ്ങളാലപിക്കുവിന്‍.

ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.
or
അല്ലേലൂയ!

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്;
സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
ദൈവം ജനതകളുടെമേല്‍ വാഴുന്നു,
അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു.

ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.
or
അല്ലേലൂയ!

രണ്ടാം വായന

എഫേ 1:17-23
ദൈവം ക്രിസ്തുവിനെ സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തി.

സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനു അനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്.

കർത്താവിന്റെ വചനം.

സുവിശേഷം

ലൂക്കാ 24:46-53
കൈകള്‍ ഉയര്‍ത്തി അനുഗ്രഹിച്ചുകൊണ്ടിരിക്കേ യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.

യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം; പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍ നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍ നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ
ധന്യമായ സ്വര്‍ഗാരോഹണത്തിനു വേണ്ടി
പ്രാര്‍ഥനാനിരതരായി ഞങ്ങളിപ്പോള്‍ ബലിയര്‍പ്പിക്കുന്നു.
ഈ പരമപരിശുദ്ധ വിനിമയത്താല്‍
സ്വര്‍ഗത്തിലേക്ക് ഞങ്ങള്‍ ഉയര്‍ത്തപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 28:20

ഇതാ, യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഇഹത്തില്‍ സ്വര്‍ഗീയരഹസ്യങ്ങള്‍ ആഘോഷിക്കാന്‍
നിയുക്തരായവരെ അങ്ങ് അനുവദിക്കുന്നുവല്ലോ.
ഞങ്ങളുടെ പ്രകൃതി അങ്ങയോടൊപ്പം ആയിരിക്കുന്നേടത്തേക്ക്,
ക്രിസ്തീയഭക്തിയുടെ ചൈതന്യം ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment