🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
🔵 ചൊവ്വ, 31/5/2022
The Visitation of the Blessed Virgin Mary – Feast
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 66:16
ദൈവത്തെ ഭയപ്പെടുന്ന എല്ലാവരും വന്നു കേള്‍ക്കുവിന്‍,
കര്‍ത്താവ് എന്റെ ആത്മാവിനുവേണ്ടി ചെയ്തതെല്ലാം
ഞാന്‍ വിവരിക്കാം, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്,
എലിസബത്തിനെ സന്ദര്‍ശിക്കാന്‍
പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ.
പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്,
പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നും
മഹത്ത്വപ്പെടുത്താന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സെഫാ 3:14-18
നിന്നെക്കുറിച്ച് കര്‍ത്താവ് അതിയായി ആഹ്ളാദിക്കും.
സീയോന്‍ പുത്രീ, ആനന്ദഗാനമാലപിക്കുക.
ഇസ്രായേലേ, ആര്‍പ്പുവിളിക്കുക.
ജറുസലെം പുത്രീ,
പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.
നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു.
നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.
ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്;
നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല.
അന്ന് ജറുസലെമിനോടു പറയും:
സീയോനേ, ഭയപ്പെടേണ്ടാ,
നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.
നിന്റെ ദൈവമായ കര്‍ത്താവ്,
വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്.
നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ളാദിക്കും.
തന്റെ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും.
ഉത്സവദിനത്തിലെന്നപോലെ
അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും.
ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും;
നിനക്കു നിന്ദനമേല്‍ക്കേണ്ടി വരുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഏശ 12:2-6 4
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
സുവിശേഷം
ലൂക്കാ 1:39-56
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു; എളിയവരെ ഉയര്‍ത്തി.
ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
മറിയം പറഞ്ഞു:
എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ഏകജാതന്റെ
എത്രയും പരിശുദ്ധ മാതാവിന്റെ സ്‌നേഹസമര്‍പ്പണം
അങ്ങേക്കു സ്വീകാര്യമായിത്തീര്‍ന്നപോലെ,
രക്ഷാകരമായ ഈ ബലിയും
അങ്ങേ മഹിമയ്ക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:48-49
സകല തലമുറകളും എന്നെ അനുഗൃഹീത എന്നു പ്രകീര്‍ത്തിക്കും.
എന്തെന്നാല്‍, ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
അവിടത്തെ നാമം പരിശുദ്ധമാണ്, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ വിശ്വാസികള്‍ക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്തതിന്
അങ്ങേ സഭ അങ്ങയെ മഹത്ത്വപ്പെടുത്തട്ടെ.
മാതാവിന്റെ ഉദരത്തില്‍ മറഞ്ഞിരുന്ന യേശുവിന്റെ സാന്നിധ്യം
യോഹന്നാന്‍ സന്തോഷത്തോടെ തിരിച്ചറിഞ്ഞുവല്ലോ.
അതേ യേശുവിനെ എന്നും ജീവിക്കുന്നവനായി
ഈ കൂദാശയില്‍ സന്തോഷത്തോടെ സഭ സ്വീകരിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵
