ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…

“എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…” എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ… ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിയ്ക്ക് മുമ്പിൽ തല ഉയർത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാൻ ഏത് കാര്യവും അന്ധമായി വിമർശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം?

സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങൾ കൊയ്യുവാൻ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാൻ.

പതിമൂന്നാം വയസ്സ് മുതൽ നാല് കിലോമീറ്റർ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാൻ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങൾ കൊയ്തപ്പോഴും ചങ്കോടു ചേർത്തു നിർത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു… ആ ക്രിസ്തുവിനെ മാറ്റിനിർത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

വിജയങ്ങളും പരാജയങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളും, സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയിൽ ഒരു ദൈവീക സ്വപ്നം എൻ്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോൾ ലോകത്തിൻ്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുർബാനയും അനുദിനവും ജീവിതത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീർന്നപ്പോൾ ക്രിസ്തുവിനോടുള്ള എൻ്റെ സ്നേഹത്തിൻ്റെ ആഴവും വർദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യം ഉള്ളിൽ ഉദിച്ചു… ഉള്ളിൻ്റെയുള്ളിൽ എന്തോ ഒരു കുറവ്… ആ കുറവിനെ നികത്താൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്ന് എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവ് ആരംഭിച്ചു.

കായിക മികവിൻ്റെ പേരിൽ വച്ച് നീട്ടിപ്പെട്ട ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ ഏതാനും നിമിഷം എൻ്റെ പ്രിയപ്പെട്ടവർ നിശ്ചലരായി. “മോനീ, വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം…” (‘മോനി’ എന്നത് എൻ്റെ അമ്മയുടെ പേരാണ്) എന്ന ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകൾ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി. എങ്കിലും സർവ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു: “പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് ഞാൻ, എൻ്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എൻ്റെ സമ്മതമില്ലാതെ നിങ്ങൾ എന്നെ കെട്ടിച്ചുവിടാൻ പരിശ്രമിച്ചാൽ ഞാൻ പള്ളിയിൽ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും”.

ഞാൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാൽ എൻ്റെ കുടുംബം ഒരു മരണവീടിന് തുല്യമായി… അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകൾ… പപ്പായുടെ കഠിനമായ മൗനം… സഹോദരന്മാരുടെ പിണക്കമൂറുന്ന മുഖങ്ങൾ… ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺകോളുകൾ… തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല, ചിലർ പറയുന്നു ‘കയ്യും കാലും വെട്ടി വീട്ടിൽ ഇടാൻ’… പക്ഷേ ഈ പ്രതിസന്ധികൾക്കൊന്നും എൻ്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാൻ കഴിഞ്ഞില്ല.

അവസാനം പലരുടെയും ഉപദേശത്തിൻ്റെ ഫലമായി ഒരു വർഷത്തെ എക്സ്പീരിയൻസിനായി എൻ്റെ മാതാപിതാക്കളിൽ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്പോർട്സ്കാരി ആയതിനാൽ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു… പുതിയ രൂപതയായതിനാൽ രൂപതയ്ക്ക് പുറത്തു പോകുവാൻ മെത്രാന്റെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു.

മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാൽ അവരുടെ മുമ്പിൽ കൈകൾ നീട്ടാൻ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയിൽ ഉള്ള ഒരു സ്വർണക്കടയിൽ (കോട്ടയം കട) കയറി എൻ്റെ കഴുത്തിൽ കിടന്ന മൂന്ന് പവൻ്റെ സ്വർണ്ണമാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളിൽ ഏല്പിച്ചിട്ട് പറഞ്ഞു, പിന്നീട് ആവശ്യം വരുമ്പോൾ തന്നാൽ മതി എന്ന്.

2004 ജൂലൈ 5 – ന് ഇരുപത്തിനാലാം വയസ്സിൽ എന്നെ കോൺവെൻ്റിൽ കൊണ്ട് ആക്കുമ്പോഴും എൻ്റെ പ്രിയപ്പെട്ടവർ കരുതിയിരുന്നത് ഞാൻ വേഗം മടങ്ങിവരും എന്നുതന്നെയാണ്… ഒരു വർഷവും രണ്ടുവർഷവും വേഗം കടന്നുപോയി… പക്ഷേ എൻ്റെ തീരുമാനത്തിന് മാറ്റമില്ലാതായപ്പോൾ പ്രിയപ്പെട്ടവരിൽ ചിലർ എന്നെ പിന്തിരിപ്പിക്കുവാൻ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തിൽ അധികമൊന്നും പ്രാധാന്യം നൽകാതിരുന്ന എൻ്റെ പപ്പാ ബൈബിൾ ആദ്യം മുതൽ വായിക്കുവാൻ തുടങ്ങി… “തലതിരിഞ്ഞു” പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിൾ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാൻ വീട്ടിൽ വരുമ്പോൾ പലവിധ ചോദ്യങ്ങൾ ചോദിച്ച് എൻ്റെ പ്രിയപ്പെട്ടവർ എന്നെ നിരുത്സാഹപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു.

16 വർഷങ്ങൾക്ക് ശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവർ ‘സിസ്റ്റർ സോണിയ തെരേസ്’ എന്ന യാഥാർത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. എന്റെ വീട്ടുകാർക്ക് എന്നെ കെട്ടിച്ചു വിടാൻ കാശില്ലാഞ്ഞിട്ടോ, കല്ല്യാണ പ്രായം കഴിഞ്ഞിട്ടും ചെറുക്കനെ കിട്ടാഞ്ഞിട്ടോ, മറ്റാരെങ്കിലും നിർബന്ധിച്ചിട്ടോ, മോഹനവാഗ്ദാനങ്ങൾ നല്കി ആരെങ്കിലും വശീകരിച്ചിട്ടോ, അതുമല്ലെങ്കിൽ എന്തെങ്കിലും കുറവുകളോ പോരായ്മകളോ ഉണ്ടായിട്ടോ ഒന്നുമല്ല ഞാൻ മഠത്തിൽ പോയത്. മറിച്ച്, എൻ്റെ ജീവിത വഴിത്താരയിൽ വ്യക്തമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ആണ് ഞാൻ അനുഗമിക്കുന്നത്.

ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് ആര് നിങ്ങളെ വേർപെടുത്തുമെന്ന് റോമാക്കാർക്കുള്ള ലേഖനത്തിൽ എഴുതിയിരിക്കുന്നു. ക്രിസ്തുവിൻ്റെ സ്നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാർത്ഥ സന്ന്യാസിനി ഈ സമൂഹത്തിൽ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല.

നെഗറ്റീവ് കമൻ്റുകളാകുന്ന കല്ലുകൾ കൊണ്ടും നിന്ദനങ്ങൾ കൊണ്ടും അപകീർത്തിപ്പെടുത്തുന്ന എഴുത്തുകൾകൊണ്ടും വ്യാജവാർത്തകൾകൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടും അവർക്ക് നന്മകൾ ആശംസിച്ചു കൊണ്ടും…

സ്നേഹപൂർവ്വം…✍🏽

സി. സോണിയ തെരേസ് ഡി. എസ്. ജെ.

NB: മെഡലുകൾ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വർഷങ്ങൾ കൂടി വീട്ടിൽ ചെല്ലുമ്പോൾ പഴയ കാല ഓർമ്മകൾ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്.. രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാൻ പാടാണ്… പിന്നെ മെഡലുകൾ പിടിച്ച് നിൽക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങൾ എല്ലാം നശ്വരമാണെന്ന സാക്ഷ്യം…😄

Sr. Soniya
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s