Jilsa Joy

അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…

ഒരു ദിവസം ഫാദർ കൊവാൽസ്‌കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ഡാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാദർ കൊവാൽസ്‌കി കയ്യിൽ എന്തോ മുറുക്കിപിടിച്ചിരിക്കുന്നത് ഓഫീസർ ശ്രദ്ധിച്ചു ,”എന്താ നീ കയ്യിൽ പിടിച്ചിരിക്കുന്നത് ?” ചോദിക്കുന്നതിനൊപ്പം കയ്യിൽ ശക്തിയായി അടിച്ചു. ജപമാല നിലത്തേക്ക് വീണു. ” അതിൽ ചവിട്ടൂ ” കോപാകുലനായ ഓഫീസർ അലറി. ഫാദർ കൊവാൽസ്‌കി അനങ്ങിയില്ല . അദ്ദേഹത്തെ ആ ഗ്രൂപ്പിൽ നിന്ന് മാറ്റിനിർത്തി, ഔഷ്വിറ്റ്സിൽ തന്നെ തുടരാൻ ആജ്ഞ കൊടുത്തു. എല്ലാവർക്കും അറിയാമായിരുന്നു ആ ജപമാല കാരണം ക്രൂരപീഡനങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് .

വാഴ്ത്തപ്പെട്ട ജോസഫ് കൊവാൽസ്‌കിയുടെയും അഞ്ച് യുവാക്കളുടെയും രക്സ്തസാക്ഷിത്വവിവരണം നമ്മെ പലപ്പോഴും കണ്ണീരണിയിക്കും. വായിക്കാം .

1939നും 1945നും ഇടക്ക് ഡാഹാവിലെയും ഔഷ്വിറ്റ്‌സിലെയും ഭയാനകമായ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വെച്ചു മരണമടഞ്ഞവരിൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തപെടുന്ന, പോളിഷ് സഭയിലെ 108 രക്തസാക്ഷികളുടെ പേരുകൾ മെയ് 26 , 1999ൽ വത്തിക്കാനിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ കുടുംബത്തിലെ ആറുപേർ അതിലുൾപ്പെട്ടത് സലേഷ്യൻ സഭക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനമായിരുന്നു . ഈ 108 രക്തസാക്ഷികളെ 1999 ജൂൺ 13ന് വാർസോവിൽ വെച്ച് പോപ്പ് ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തി. സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോയുടെ റെക്ടർ ഫാദർ ജുവാൻ വെക്കി ആ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആ ആറുപേരിൽ, സലേഷ്യൻ പുരോഹിതനായ ഫാദർ ജോസഫ് കൊവാൽസ്‌കിയും പോസ്‌നനിലെ ഓററ്ററിയിൽ നിന്നുള്ള അഞ്ച് ചെറുപ്പക്കാരുമുണ്ടായിരുന്നു. ‘പ്രാർത്ഥിക്കാൻ’ എന്നർത്ഥമുള്ള ‘ഒറാരെ’ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഓററ്ററി എന്ന വാക്കുണ്ടായത്. പ്രാർത്ഥനയും ദൈവസ്നേഹവും പരസ്നേഹവുമൊക്കെ ശീലിക്കുന്നതിനൊപ്പം കുറെ ചെറുപ്പക്കാർ, പാടാനും കളിക്കാനുമൊക്കെ ഒന്നിച്ചുവസിക്കുന്ന സ്ഥലമായിരുന്നു ഓററ്ററി. വിശുദ്ധ ഡോൺബോസ്‌കോ നടത്തിയിരുന്ന ഓററ്ററിയെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലോ. പോസ്‌നനിലുള്ള സലേഷ്യൻ ഓററ്ററിയിലെ ഈ അഞ്ചുപേരും തീക്ഷ്ണതയുള്ള നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. 20 നും 23നും ഇടക്ക് പ്രായമുള്ളവർ.

തനിച്ചായാലും കൂട്ടത്തിൽ ആകുമ്പോഴും , ഓററ്ററിയിൽ വാർത്തെടുക്കപ്പെടുന്ന കുട്ടികളുടെ എല്ലാ ഗുണഗണങ്ങളുമുണ്ടായിരുന്നു ഈ അഞ്ച് യുവരക്തസാക്ഷികൾക്ക്.ദൈവത്തോടുള്ള അടുപ്പത്തിനും അവരുടെ പക്വതക്കും പ്രാർത്ഥനക്കും അപ്പസ്തോലികപ്രതിബദ്ധതക്കും എല്ലാം നാന്ദിയായതും അതെല്ലാം വളർത്തിയതും ഓററ്ററിയാണെന്ന് പറയാം. ‘ഗ്രൂപ്പ് ഓഫ് ഫൈവ് ‘ എന്നാണ് അവരവിടെ അറിയപ്പെട്ടത്. അവരിലോരോരുത്തരും മറ്റു നാലുപേരോടുള്ള കട്ടസൗഹൃദത്തിൽ ആയിരുന്നവരും ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ചു മുന്നേറാൻ കൊതിച്ചവരുമായ ഓററ്ററി ലീഡേഴ്‌സായിരുന്നു.

ഹിറ്റ്ലറിൻറെ നാസിഭീകരതയുടെ ഭാഗമായി സെപ്റ്റംബർ 1940ൽ അഞ്ചുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. കയ്യിലെ ജപമാലകൾ പോലും ചവറ്റുകൊട്ടയിലെറിയപ്പെട്ടു. എന്നാലും ആ നരാധമന്മാരുടെ ശ്രദ്ധ ഒന്ന് മാറിയപ്പോഴേക്ക് , തങ്ങളുടെ ഏറ്റവും വിഷമം പിടിച്ച അവസ്ഥകളിലും വേദനകളിലും ആശ്വാസമായ ആ കൊന്തമണികൾ അവർ ചാടിയെടുത്തു പോക്കറ്റിലിട്ടു.

ജയിലിൽ നിന്ന് ജയിലിലേക്ക് അവരെ മാറ്റിക്കൊണ്ടിരുന്നു. 1942 ഓഗസ്റ് ഒന്നിന് വിധിവാചകം വായിക്കപ്പെട്ടു : രാജ്യദോഹത്തിനും വഞ്ചനക്കും മരണശിക്ഷ ! അവിടെ ഉണ്ടായ നീണ്ട നിശബ്ദതയെ ഭേദിച്ച് അവരിലൊരാൾ പറഞ്ഞു, “അവിടുത്തെ ഇഷ്ടം നിറവേറട്ടെ’ . മൂന്നാഴ്ചകൾക്ക് ശേഷം , ലോകമെങ്ങുമുള്ള സലേഷ്യൻ സഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ( Mary, Help of Christians) അനുസ്മരണമാസമായി ആചരിക്കുന്ന വേളയിൽ, ദ്രേസ്ദയിലെ തടങ്കൽപാളയമുറ്റത്തേക്ക് അവരെ കൊണ്ടുവന്ന് അവരുടെ കഴുത്തുവെട്ടി കൊന്നുകളഞ്ഞു.

അവരിലൊരാളായ 22 വയസ്സുകാരൻ ചെസ്ലോവ് ജോസ്‌വിയാക്‌ അവന്റെ മാതാപിതാക്കൾക്ക് എഴുതിയ വരികൾ ഹൃദയസ്പർശിയാണ്,

“ഞാനീ ലോകം വിട്ടുപോകുകയാണ്, പക്ഷെ സ്വതന്ത്രനാവുന്നതിനേക്കാൾ അത്യധികമായ സന്തോഷത്തോടെയാണ് ഞാൻ എത്തിച്ചേരാൻ പോകുന്ന ലോകത്തേക്ക് പോകുന്നതെന്ന് നിങ്ങളറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. എനിക്കറിയാം , ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോട് ‘ ജീവിതകാലം മുഴുവൻ എനിക്കുണ്ടായ വണക്കം എനിക്ക് ഈശോയിൽ നിന്ന് പാപപ്പൊറുതി വാങ്ങിത്തരുമെന്ന്. വധശിക്ഷ നടത്തുന്നതിനു മുൻപ് ഒരു പുരോഹിതൻ എന്നെ ആശിർവ്വദിക്കും. മരിക്കുന്നതിന് മുൻപ് ഒരുമിച്ചാണ് ഞങ്ങളെല്ലാം ഉള്ളതെന്ന വലിയ സന്തോഷമുണ്ട്. ഞങ്ങൾ അഞ്ചുപേരും ഒരേ സെല്ലിലാണ്. ഇപ്പോൾ സമയം 7:45. 8.30ന് ഞാനീ ലോകം വിട്ടുപോകും. കരയരുതേയെന്ന് എന്ന് ഞാൻ നിങ്ങളോട് യാചിക്കുകയാണ്. നിരാശക്ക് വഴിപ്പെടരുത് ; വിഷമിക്കരുത്. ഇത് ദൈവഹിതമാണ്…”

അവരുടെ വീരോചിതമായ രക്തസാക്ഷിത്വം തെളിയിക്കുന്ന അനേകം ദൃക്‌സാക്ഷിവിവരണങ്ങളുണ്ട് : തങ്ങളുടെ വിശ്വാസപ്രഖ്യാപനമായി തങ്ങളുടെ ജീവൻ ത്യജിക്കുന്നു എന്ന ഉറച്ച ബോധ്യം, ദൈവഹിതം പിഞ്ചെല്ലുന്ന മക്കളാകാനുള്ള വർദ്ധിച്ച ആഗ്രഹം , അവരെ പീഡിപ്പിക്കുന്നവരോടും വധിക്കുന്നവരോടും ഒരുതരത്തിലുമുള്ള വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അഭാവം , പക്ഷെ പീഡിപ്പിച്ചവരോട് കാണിച്ച ക്രിസ്തീയ സ്നേഹം ഇതെല്ലാം …

ജോസഫ് കൊവാൽസ്‌കി

ക്രാക്കോവിനടുത്തുള്ള സീവോയിസ്‌ക ഗ്രാമത്തിൽ മാർച്ച് 13, 1911ന് ആണ് ക്രിസ്തീയവിശ്വാസം ജീവശ്വാസമായി കണ്ടിരുന്ന ഒരു കുടുംബത്തിൽ ജോസഫ് കൊവാൽസ്‌കി ജനിക്കുന്നത് . മാർച്ച് 19 ന് സെന്റ് ജോസെഫിന്റെ തിരുന്നാൾ ദിനത്തിൽ അവന് മാമോദീസ കൊടുത്തു. ജനിച്ച ഗ്രാമത്തിൽ അന്ന് പള്ളിയില്ലാതിരുന്നതുകൊണ്ട് ലുബേനിയയുടെ ഇടവകപ്പള്ളിയിലായിരുന്നു അത് നടന്നത്. ഇന്നാണെങ്കിൽ സെന്റ് ജോസഫിന് പ്രതിഷ്ഠിക്കപ്പെട്ട ആധുനികരീതിയിലുള്ള അവന്റെ ഗ്രാമത്തിലെ പള്ളിയിൽ, 17350 എന്ന നമ്പറുള്ള തടവുപുള്ളിയുടെ വേഷമണിഞ്ഞ ഫാദർ ജോസഫ് കൊവാൽസ്‌കിയുടെ വലിയ ചിത്രമുള്ള ശിലാഫലകമുണ്ട് .

പ്രാരംഭവിദ്യാഭ്യാസത്തിന് ശേഷം ഔഷ്വിറ്റ്സിലെ ഡോൺബോസ്‌കോ കോളേജിൽ അവൻ ചേർന്നു. അഞ്ചുകൊല്ലങ്ങൾക്ക് ശേഷം 1927ൽ സലേഷ്യൻ സഭയുടെ നോവീഷ്യെറ്റിൽ ചേർന്നു. 1938ൽ പട്ടം കിട്ടി . പ്രൊവിൻഷ്യാളച്ചൻ പെട്ടെന്ന് തന്നെ അവനെ സെക്രട്ടറിയാക്കി നിയമിച്ചു. മൂന്നുവര്ഷത്തിനു ശേഷം അവന്റെ അറസ്റ്റ് വരെ അങ്ങനെ തുടർന്നു. നല്ല ചുമതലബോധമുള്ളവനും കഠിനാദ്ധ്വാനിയുമായിരുന്നു ജോസഫ്.

പ്രൊവിൻഷ്യൽ സെക്രട്ടറി ആണെന്നത് കൊണ്ട് അജപാലനപരമായ കാര്യങ്ങളിൽ ഫാദർ കൊവാൽസ്‌കി ഒട്ടും വീഴ്ച വരുത്തിയില്ല. പ്രസംഗിക്കാനും സമ്മേളനങ്ങളിൽ പങ്കെടുക്കാനും യുവാക്കളുടെ ഇടയിൽ പ്രവർത്തിക്കാനും കുമ്പസാരിപ്പിക്കാനും എപ്പോഴും റെഡിയായിരുന്നു. പാടാൻ നല്ല കഴിവുണ്ടായിരുന്ന , സംഗീതത്തിൽ തല്പരനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ കൊയർ ഗ്രൂപ്പുമുണ്ടാക്കി.

ഈ പൗരോഹിത്യതീക്ഷ്ണതയും യുവാക്കളുടെ ഇടയിലെ പ്രവർത്തനവുമാണ് നാസികളുടെ ശ്രദ്ധയിൽപെട്ടതും മെയ് 23, 1941ന് കൂടെയുണ്ടായിരുന്ന 11 സലേഷ്യൻസിനൊപ്പം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതും. ആദ്യം ക്രാക്കോവിൽ തടവിലാക്കിയ ഫാദർ കോവാൽസ്‌കിയെ പിന്നീട് ഔഷ്വിറ്റ്സിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നാല് സഹപ്രവർത്തകർ അവിടെ വെച്ചു കൊല്ലപ്പെടുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു . അദ്ദേഹത്തിന്റെ റെക്ടറും കുമ്പസാരക്കാരനുമെല്ലാം അതിലുൾപെട്ടിരുന്നു. 17350 നമ്പറുള്ള ജയിൽ യൂണിഫോമിട്ട് ഒരു കൊല്ലത്തോളം നിർബന്ധിതവേലയെടുക്കലും ഭീകരപീഡനവും ഫാദറിന് സഹിക്കേണ്ടി വന്നു. അതുപോലെ ‘കഠിനവേലക്കായുള്ള ഗാങ്ങ്’ ൽ ഉൾപ്പെട്ടവർ മിക്കവരും അതിനെ അതിജീവിച്ചിട്ടില്ല. ഒരു പുരോഹിതൻ ആണെന്ന് അറിഞ്ഞിരുന്നത് കൊണ്ട് കൂടുതൽ കർക്കശ്യത്തോടെയാണ് അദ്ദേഹത്തോടവർ പെരുമാറിയത് .

അദ്ദേഹത്തിൻറെ ചെറുനോട്ടുബുക്കിൽ കുത്തികുറിച്ചിരുന്നത് വായിച്ചാൽ ദുരിതങ്ങൾക്കിടയിലും വിശുദ്ധിയിലും നന്മയിലും നിലനിൽക്കാൻ അദ്ദേഹം എത്ര പ്രയത്നിച്ചിരുന്നെന്ന് മനസ്സിലാവും.

“ഒരു ചെറിയ പാപം കൊണ്ടെങ്കിലും അങ്ങയെ വേദനിപ്പിക്കുന്നതിനുമുൻപ് ഞാൻ മരിക്കട്ടെ “

” ഓ എന്റെ നല്ലീശോയെ , ഞാൻ എനിക്കായി നിശ്ചയിച്ചിട്ടുള്ളത്ര വിശുദ്ധി പ്രാപിക്കാനായി സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാനുള്ള ഉറച്ച , അചഞ്ചലമായ ആഗ്രഹം എനിക്ക് തരണമേ , വിശുദ്ധിയുള്ളവനാകണം എനിക്ക് , എനിക്കതിന് കഴിയും “.

” ഈശോയെ , അങ്ങയോട് വിശ്വസ്തതയുള്ളവനായിരിക്കാനും അചഞ്ചലനായി അങ്ങയെ സേവിക്കാനും ഞാനാഗ്രഹിക്കുന്നു.. ഞാനെന്നെ പൂർണ്ണമായി അങ്ങേക്ക് തരുന്നു … മരണം വരെ അങ്ങയോട് വിശ്വസ്തതയുള്ളവനായിരിക്കാൻ കൃപ ചൊരിയണമേ “.

“അങ്ങേക്ക് വേണ്ടി സഹിക്കാനും എല്ലാവരാലും വെറുക്കപ്പെടാനും , കർത്താവേ.. ഉറച്ച മനസ്സോടെയും എന്ത് പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനുമുള്ള സന്നദ്ധതയോടെയും ക്രിസ്തുവിന്റെ വിളിയാകുന്ന കുരിശിനെ ഞാൻ ആലിംഗനം ചെയ്യുന്നു, അവസാനം വരേയ്ക്കും അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും”.

തടങ്കൽ പാളയം ഫാദർ ജോസഫ് കൊവാൽസ്‌കിയുടെ അപ്പസ്തോലികദൗത്യത്തിനുള്ള വേദിയായി മാറി. ഒരു പുരോഹിതന് ചെയ്യാവുന്ന കാര്യങ്ങളൊന്നും തൻറെ സഹതടവുകാർക്ക് അദ്ദേഹം നിഷേധിച്ചിട്ടില്ല. അനേകം ദൃക്‌സാക്ഷികളാണ് ഇത് ഏറ്റുപറഞ്ഞിട്ടുള്ളത്.

“കർശനമായി നിരോധിച്ചിട്ടുള്ളതാണെന്നറിഞ്ഞിട്ടും അദ്ദേഹം മരിക്കുന്നവരെ ആശിർവ്വദിച്ചു, നിരാശക്ക് അടിമപ്പെട്ടവരെ ശക്തിപ്പെടുത്തി, മരണശിക്ഷക്ക് വിധിക്കപ്പെട്ട ഹതഭാഗ്യരെ പ്രത്യാശയിലേക്ക് നയിച്ചു, രഹസ്യമായി വിശുദ്ധ കുർബ്ബാന നൽകി, ചെറിയ കൂരകളിൽ കുർബ്ബാന ചൊല്ലി , പ്രാർത്ഥനയോഗങ്ങൾ നടത്തി, മറ്റുള്ളവരെ കഴിയും വിധം സഹായിച്ചു”.

“പട്ടാളക്കാരുടെ വാക്കുകളിൽ , ദൈവമില്ലാത്ത ആ മരണത്തിന്റെ പാളയത്തിൽ , സഹതടവുകാർക്കിടയിലേക്ക് അദ്ദേഹം ദൈവത്തെ കൊണ്ടുവന്നു”.

“പുലർച്ചെ 4.30ന് , ഇരുട്ട് വിട്ടുമാറാത്തപ്പോൾ ഞങ്ങൾ പ്രാർത്ഥനക്കായി കൂട്ടം ചേർന്നു , ഫാദർ ജോസഫ് പറയുന്ന പ്രാർത്ഥനകൾ ഞങ്ങൾ ഏറ്റുചൊല്ലി. ആ കൂട്ടം വലുതായി വലുതായി വന്നു , അത് വലിയ അപകടസാധ്യത ആയിരുന്നെങ്കിലും “.

ജപമാല ചവിട്ടാൻ പറഞ്ഞ സംഭവത്തിനു ശേഷം , 1942 ലെ ഒരു ജൂലൈ 3, . ഗാർഡുകൾ തടവുകാരെ കൊല്ലുന്നതിലും ക്രൂരവിനോദങ്ങളാൽ ആനന്ദിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നു. “എവിടെയാണ് ആ കത്തോലിക്കപുരോഹിതൻ ? നിത്യശാന്തിക്ക് വേണ്ടിയുള്ള ഇവരുടെ യാത്രയെ അവൻ ആശിർവ്വദിക്കട്ടെ”. ഫാദർ കൊവാൽസ്‌കിയെ ഒരു അഴുക്കുവെള്ളകുഴിയിൽ നിന്ന് വലിച്ചു കൊണ്ട് വന്നു. തലതൊട്ടു അടിവരെ ചെളിയും അഴുക്കും നിറഞ്ഞവനായി , കീറിയ ഒരു ട്രൗസർ മാത്രം ധരിച്ച് അദ്ദേഹം നിന്നു. ഒരു വീപ്പമേൽ മുട്ടുകുത്തി നിന്ന് സ്വർഗ്ഗസ്ഥനായ പിതാവേ , നന്മ നിറഞ്ഞ മറിയമേ , പരിശുദ്ധ രാജ്ഞി തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലാനും ആശീർവ്വദിക്കാനും തുടങ്ങി. മറ്റു തടവുകാരുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച രംഗം ആയിരുന്നു അത്.

പ്രൊഫെസ്സർ സിജിസ്മോണ്ട് കൊലാങ്കോവ്സ്കി ഓർത്തെടുക്കുന്നു , ” ഞങ്ങളുടെ പണികൾ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ഫാദർ കൊവാൽസ്‌കിയെ ബ്ലോക്കിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഗാർഡുകൾ അദ്ദേഹത്തെ വല്ലാതെ ഉപദ്രവിച്ചിരുന്നു. ചീഫ് അവിടെ വന്ന് അലറി ,”കൊവാൽസ്‌കി എവിടെ ? പുറത്തു വാ “. എന്റെ അടുത്തുകൂടെ പോകുമ്പോൾ ഫാദർ കൊവാൽസ്‌കി കയ്യിലുണ്ടായിരുന്ന ഒരു കഷണം ബ്രഡ് എനിക്ക് തന്നിട്ട് പറഞ്ഞു,” വെച്ചോളൂ സിജിസ്മോണ്ട് , എനിക്കിനി ഇതിന്റെ ആവശ്യം വരില്ല”. പിന്നീട് അവിടെ കൂടി നിന്ന മറ്റു തടവുകാരോട് ഉറക്കെ പറഞ്ഞു, “എനിക്ക് വേണ്ടിയും നമ്മെ പീഡിപ്പിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണേ ” ഞാൻ പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല , ശവശരീരം പോലും. മതിയാവോളം പീഡിപ്പിച്ചു കഴിഞ്ഞ് ജീവനുള്ളപ്പോൾ തന്നെ അഴുക്കുവെള്ളമുള്ള ടാങ്കിലേക്ക് എറിഞ്ഞ് അദ്ദേഹത്തെ മുക്കിക്കൊന്നു”. 1942 ജൂലൈ 4 പുലർച്ചെ ആയിരുന്നു ഇത് നടന്നത് . ഫാദർ ജോസഫ് കൊവാൽസ്‌കിക്ക് അപ്പോൾ 31 വയസ്സായിരുന്നു.

ക്രൂരപീഡനങ്ങൾക്കു പോലും തകർക്കാൻ കഴിയാത്ത ആ വിശ്വാസദൃഢത…രക്തസാക്ഷികളായ ഫാദർ ജോസഫ് കൊവാൽസ്‌കിയെയും മറ്റു അഞ്ചു യുവാക്കളെയും സഭ ഇന്നനുസ്മരിക്കുന്നു , കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജീവൻ വെടിഞ്ഞ മറ്റനേകം പേർക്കൊപ്പം….

ജിൽസ ജോയ് ✍️

Advertisements
Blessed Joseph Kowalski
Advertisements

Categories: Jilsa Joy, Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s