🔥 🔥 🔥 🔥 🔥 🔥 🔥
24 Jun 2022
The Most Sacred Heart of Jesus – Solemnity
Liturgical Colour: White.
പ്രവേശകപ്രഭണിതം
സങ്കീ 33:11,19
അവിടത്തെ ഹൃദയത്തിന്റെ പദ്ധതികള്‍
തലമുറകളോളം നിലനില്ക്കുന്നു,
അങ്ങനെ, അവിടന്ന് അവരുടെ മാനസങ്ങളെ
മരണത്തില്‍ നിന്നു രക്ഷിക്കുകയും
ക്ഷാമത്തില്‍ അവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങേ പ്രിയപുത്രന്റെ ഹൃദയത്തില്‍ അഭിമാനിച്ചുകൊണ്ട്
അവിടത്തെ സ്‌നേഹത്തിന്റെ വിസ്മയനീയമായ അനുഗ്രഹങ്ങള്‍
അനുസ്മരിക്കുന്ന ഞങ്ങള്‍,
ആ സ്വര്‍ഗീയ നീരുറവയില്‍ നിന്ന് നിറഞ്ഞു കവിയുന്ന
കൃപ സ്വീകരിക്കാന്‍ അര്‍ഹരാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, ഞങ്ങളുടെ പാപങ്ങളാല്‍
മുറിവേല്പിക്കപ്പെട്ട അങ്ങേ പുത്രന്റെ
ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ അനന്തനിധി
ഞങ്ങള്‍ക്ക് കാരുണ്യപൂര്‍വം പ്രദാനംചെയ്യാന്‍ തിരുവുള്ളമാകണമേ.
അങ്ങനെ, ഞങ്ങളുടെ ഭക്തിയുടെ സ്‌നേഹാദരങ്ങള്‍
അവിടത്തേക്കു നല്കി,
അനുയുക്തമായ പാപപരിഹാരത്തിന്റെ ശുശ്രൂഷ
ഞങ്ങള്‍ പ്രകടമാക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 34:11-16
ഇടയന്‍ തന്റെ ആടുകളെ ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും. ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്ക്കും.
നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
രണ്ടാം വായന
റോമാ 5:5b-11
നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽ നിന്നു പഠിക്കുകയും ചെയ്യുവിൻ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 15:3-7
നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു.
യേശു ഫരിസേയരോടും നിയമജ്ഞരോടും ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ പ്രിയപുത്രന്റെ
ഹൃദയത്തിലെ അവാച്യമായ സ്‌നേഹം കടാക്ഷിക്കണമേ.
ഞങ്ങള്‍ സമര്‍പ്പിക്കുന്നത് അങ്ങേക്ക് സ്വീകാര്യമായ കാഴ്ചയും
ഞങ്ങളുടെ പാപങ്ങളുടെ പരിഹാരവും ആയിത്തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 7:37-38
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വരട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്‍ പാനം ചെയ്യുകയും ചെയ്യട്ടെ.
അവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
Or:
യോഹ 19:34
പടയാളികളില്‍ ഒരുവന്‍
അവന്റെ വിലാവില്‍ കുന്തംകൊണ്ട് കുത്തി;
ഉടനേ അതില്‍നിന്ന് രക്തവും ജലവും പുറപ്പെട്ടു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്‌നേഹത്തിന്റെ ഈ കൂദാശ
ഞങ്ങളെ ദിവ്യസ്‌നേഹത്താല്‍ തീക്ഷ്ണത ഉള്ളവരാക്കട്ടെ.
അതുവഴി, അങ്ങേ പുത്രനിലേക്ക് നിരന്തരം ആകര്‍ഷിക്കപ്പെട്ട്,
സഹോദരങ്ങളില്‍ അവിടത്തെ ദര്‍ശിക്കാന്‍ വേണ്ട അറിവ്
ഞങ്ങള്‍ സമ്പാദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Daily Readings, Readings