വിശുദ്ധ മരിയ ഗൊരേത്തി

മനുഷ്യജീവിതത്തിൽ ഗ്രഹിക്കേണ്ട ഒരു സത്യമുണ്ട്: ഒരു തെരഞ്ഞെടുപ്പ് മാത്രമേ ശാശ്വതമായിട്ടുള്ളു, സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽ നിന്നകന്നു നരകത്തിലായിരിക്കുക. അനുദിനജീവിതത്തിലെ ഓരോ ചുവടുവെയ്പ്പും നമ്മുടെ ഈ തിരഞ്ഞെടുപ്പിലേക്കാണ് നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷി ആയില്ലെങ്കിൽ പോലും അവൾ വിശുദ്ധ ആകുമായിരുന്നു.

1902 July 6 ന് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ രക്തസാക്ഷി, 11 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ജീവൻ തന്നെ കൊടുത്തുകൊണ്ട് അവളുടെ ശരീരവിശുദ്ധി കാത്തു പാലിച്ചു. അവൾ മാതാവിന്റെ പടത്തിനു മുൻപിൽ എന്നും വെച്ചിരുന്ന ലില്ലിപ്പൂവ് പോലെ നിഷ്കളങ്കയും സുന്ദരിയും ആയിരുന്നു. എഴുത്തും വായനയും വശമില്ലെങ്കിലും ദൈവികജ്ഞാനം വേണ്ടുവോളമുണ്ടായിരുന്നു. ജപമാല കയ്യിൽ കെട്ടിയിട്ട്, ധാരാളം ചൊല്ലിയിരുന്ന അവൾ അമ്മ വയലിലെ ജോലി ചെയ്യുമ്പോൾ വീട്ടുജോലികളും സഹോദരങ്ങളെ നോക്കലും എല്ലാം സന്തോഷത്തോടെ ചെയ്തുപോന്നു . 11 വയസ്സായതിനു ശേഷമായിരുന്നു പ്രഥമദിവ്യകാരുണ്യ സ്വീകരണം. നന്നായി പ്രാർത്ഥിച്ചൊരുങ്ങി അന്നേ ദിവസം ഉപവസിച്ച് അവൾ ഒരുപാട് സന്തോഷത്തോടെ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു.

മാസങ്ങൾക്കു ശേഷം അലെസ്സാൻഡ്രോ സെറനെല്ലിയുടെ കഠാരയാൽ 14 കുത്തുകൾ ഏറ്റുവാങ്ങുമ്പോൾ അവളുടെ പ്രായം വെറും 11 വയസ്സും 9 മാസവും 20ദിവസവും . താഴത്തെ നിലയിൽ താമസിച്ചിരുന്ന 20 വയസ്സുള്ള അലെസ്സാൻഡ്രോ അതിനു മുൻപും അവളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ഒഴിഞ്ഞുമാറുമ്പോൾ അവൾ പാപം ചെയ്യരുതെന്ന് അവനെ ഓർമ്മിപ്പിച്ചു.

ഇപ്രാവശ്യം അലെസ്സാൻഡ്രോ രണ്ടും കല്പിച്ചു തന്നെയായിരുന്നു. കഠാര ഒരുക്കിവെച്ചിരുന്ന അവൻ കോണിപ്പടിയിൽ ഷർട്ട് തുന്നിക്കൊണ്ടിരുന്ന അവളെ കടന്നു പിടിച്ചു. ഇത് പാപമാണെന്നും ദൈവത്തിനിഷ്ടമല്ലെന്നും പറഞ്ഞു അവൾ എതിർത്തു. ആദ്യം ശ്വാസം മുട്ടിക്കാൻ ശ്രമിച്ച അവനോട് അവൾ പറഞ്ഞു പാപത്തിനെക്കാൾ മരിക്കാൻ ആണ് അവൾ ഇഷ്ടപെടുന്നതെന്ന്. കോപാക്രാന്തനായ അവൻ കഠാര വലിച്ചൂരി അവളെ 11 പ്രാവശ്യം കുത്തിക്കീറി. കഠാര നെഞ്ചിൽ അമർന്നിരിക്കുമ്പോഴും അവൾക്കു തൻറെ ജീവനെക്കുറിച്ചല്ല അലെസ്സാൻഡ്രോ പാപം ചെയ്തു നരകത്തിൽ പോകുന്നതിനെ കുറിച്ചായിരുന്നു ചിന്തയും വിഷമവും.

കുത്തേൽക്കുമ്പോൾ അവൾ പറഞ്ഞുകൊണ്ടിരുന്നു, ‘ഇത് പാപമാണ്.ചെയ്യരുത് ‘. അലെസ്സാൻഡ്രോ ആഞ്ഞുകുത്തികൊണ്ടിരുന്നു. വേദനകൊണ്ടു പുളഞ്ഞു മരണത്തോട് മല്ലടിക്കുമ്പോൾ പോലും അവൾ ഒരു കൈ കൊണ്ട് വസ്ത്രം ശരീരത്തോട് ചേർത്ത് പിടിച്ചു കാൽമുട്ടിന് താഴെ എത്തിച്ചു കൊണ്ടിരുന്നു. വിശുദ്ധിയെക്കുറിച്ചുള്ള ബോധ്യം എത്ര വലുതായിരുന്നു. വാതിലിനടുത്തേക്കു ഇഴഞ്ഞു നീങ്ങിയ അവളെ വീണ്ടും 3 കുത്തു കൂടെ അവൻ കുത്തി. ആകെ 14 കുത്തുകൾ.

ആശുപത്രിയിൽ എത്തിച്ച ശേഷം മരണത്തിനു മുൻപ് ഉണ്ടായ 24 മണിക്കൂർ വീരോചിതമായ സഹനവും ക്ഷമയും ആയിരുന്നു മരിയയിൽ കണ്ടത്. നില വളരെ മോശമായതിനാൽ അനസ്തേഷ്യ കൊടുക്കാതെ തന്നെ സർജറി നടത്തി മുറിവുകളെല്ലാം തുന്നിക്കെട്ടെണ്ടതായി വന്നു. ഇത്രയും മുറിവുകളുണ്ടായിട്ടും മരിയ ജീവനൊടെ ഇരിക്കുന്നതു ഡോക്ടർമാര്ക്ക് അല്‍ഭുതമായിരുന്നു. അവരിലൊരാൾ മരിയയോട് പറഞ്ഞു, ‘സ്വർഗ്ഗത്തിലായിരിക്കുമ്പോൾ എന്നെയും ഓർക്കണേ’. മരിയ പറഞ്ഞു, “നമ്മളിൽ ആരാണ് ആദ്യം അവിടേക്ക് പോവുന്നതെന്ന് ആർക്കറിയാം”. അവളുടെ അവസ്ഥയെ പറ്റി അവൾക്കു തന്നെ അത്ര നിശ്ചയമില്ലായിരുന്നു. “നീ തന്നെ മരിയാ”. “ഞാൻ ആണ് പോവുന്നതെങ്കിൽ ഞാൻ സന്തോഷത്തോടെ ഓർക്കാം, കേട്ടോ”. അവളുടെ മറുപടി അങ്ങനെയായിരുന്നു.

കുമ്പസാരിപ്പിക്കാനും ദിവ്യകാരുണ്യം നൽകാനായി വൈദികനെ വിളിപ്പിച്ചിരുന്നു. കഠിനമായ ദാഹം ഉണ്ടായിട്ടും വെള്ളം കുടിക്കാതെ ത്യാഗപ്രവൃത്തി ചെയ്യാനുള്ള വൈദികന്റെ ഉപദേശം അവൾ അനുസരിച്ചു . അലെസ്സാൻഡ്രോയോട് ക്ഷമിക്കുമോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി, “ഉവ്വ് , ഞാൻ അവനോട് ക്ഷമിക്കുന്നു,മാത്രമല്ല ഒരിക്കൽ അവൻ എന്നോടൊപ്പം സ്വർഗ്ഗത്തിൽ ആയിരിക്കുമെന്നും ആശിക്കുന്നു”. അമ്മയെ അവൾ ആശ്വസിപ്പിച്ചു. അങ്ങനെ ജൂലൈ 6നു ആ വിശുദ്ധാത്മാവ് സ്വർഗ്ഗത്തേക്കു പറന്നുയർന്നു.

മരിയ പൊലീസിന് കൊടുത്ത മൊഴിപ്രകാരം പിടിക്കപ്പെട്ട അലെസ്സാൻഡ്രോ 30 വർഷത്തിന് ശിക്ഷിക്കപ്പെട്ടു.

ആദ്യമൊന്നും ചെയ്ത തെറ്റിൽ പശ്ചാത്താപം തോന്നാതിരുന്ന അലെസ്സാൻഡ്രോക്ക് ഒരു ദിവസം താൻ ഒരു പൂന്തോട്ടത്തിൽ നിൽക്കുന്നതായി സ്വപ്നമുണ്ടായി. മരിയ 14 ലില്ലിപുഷ്പങ്ങൾ അവനു സമ്മാനിക്കുന്നതായി കണ്ടു. പക്ഷെ അവൻ തൊട്ട മാത്രയിൽ എല്ലാം കരിഞ്ഞുപോയി. ഉറക്കമെഴുന്നേറ്റ അവൻ പുതിയൊരു മനുഷ്യനായിരുന്നു. അതുകഴിഞ്ഞ പാടേ അലെസ്സാൻഡ്രോ ഒരു വൈദികനെ വിളിച്ചു കുമ്പസാരിക്കാൻ വേണ്ടി. വൈദികന് എഴുതുവാൻ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ എഴുതി, ” രക്തസാക്ഷിയായ മരിയ ഗൊരേത്തിക്കും ശുദ്ധതക്കുമെതിരായി ഞാൻ ചെയ്ത പ്രവൃത്തിയിൽ ലോകത്തിനോട് ഞാൻ മാപ്പുചോദിക്കുന്നു. അധാർമ്മികമായ കാഴ്ചകളിൽ നിന്നൊഴിഞ്ഞു നിൽക്കാനും പാപത്തിലേക്കു നയിക്കുന്ന അപകടകരമായ സാഹചര്യങ്ങളിൽ നിന്നൊഴിഞ്ഞു നീക്കാനും ഞാൻ എല്ലാവരെയും ഉല്ബോധിപ്പിക്കുന്നു”. ഇന്നത്തെ യുവത്വത്തിന്, നവയുഗ മാധ്യമങ്ങളിലൂടെ അശുദ്ധി നിറഞ്ഞ കാര്യങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നവർക്കു അലെസ്സാൻഡ്രോ ഈ സന്ദേശം നൽകുന്നു.

ബാക്കി ഉള്ള 27 വർഷങ്ങൾ പശ്ചാത്താപവിവശനായി നല്ല രീതിയിൽ ജീവിച്ചു. പുറത്തിറങ്ങിയപ്പോൾ ആദ്യം പോയത് മരിയയുടെ അമ്മ അസൂന്തയുടെ അടുത്ത് മാപ്പുചോദിക്കാനായിരുന്നു. “എന്റെ മകൾക്ക് അവനു മാപ്പുകൊടുക്കാൻ കഴിയുമെങ്കിൽ പിന്നെ ഞാനായിട്ട് എന്തിനത്‌ പിടിച്ചു വെക്കണം”എന്നായിരുന്നു അസ്സൂന്തയുടെ പ്രതികരണം. ആ അമ്മ മകളുടെ ഘാതകനോട് ഹൃദയപൂർവം ക്ഷമിച്ചു.

അലെസ്സാൻഡ്രോ സെറനെല്ലി ജീവിതത്തിന്റെ ശിഷ്ടഭാഗം ഫ്രാൻസിസ്കൻ സന്യാസസഭയിൽ ചേർന്നു മുന്നാം സഭാംഗമായി ജീവിച്ചു. ഒരു എളിയ സഹോദരനായും അനുതപിച്ചും പ്രായശ്ചിത്തം ചെയ്തും മരണം വരെ നല്ല ജീവിതം കഴിച്ചു.

1947 ല്‍ മരിയാ ഗൊരേത്തിയെ അനുഗൃഹീത എന്ന് വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്തയും രണ്ടു സഹോദരിമാരും ഒരു സഹോദരനും വി. പത്രോസിന്‍റെ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു. മരിയ ഗൊരേറ്റിയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഏറെ വിനീത ഹൃദയനായി അലസാന്ദ്രോ സെരിനേലിയും 1950 ജൂണ്‍ 24-ന് വത്തിക്കാനിൽ എത്തിയിരുന്നു. വൻ ജനാവലിയെ (രണ്ടര ലക്ഷത്തിലധികം) സാക്ഷിനിറുത്തി ഇറ്റലിയുടെ ബാലികയായ രക്തസാക്ഷിയെ പിയൂസ്

12-Ɔമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അള്‍ത്താരവേദിയുടെ പാര്‍ശ്വത്തില്‍ ജനക്കൂട്ടത്തിനിടയില്‍ അനുതാപത്തിന്‍റെ കണ്ണീരണിഞ്ഞ് നമ്രശിരസ്കനായി അലെസ്സാൻഡ്രോ നിന്നു.

സ്ത്രീകളുടെ അന്തസ്സും സമഗ്രതയും വേണ്ടുവോളം വിലമതിക്കാത്തൊരു ലോകത്തിന് ചാരിത്ര്യത്തെപ്രതിയുള്ള ഈ ഗ്രാമീണ ബാലികയുടെ രക്തസാക്ഷിത്വം ഇന്നും വെല്ലുവിളിയായി നില്ക്കുന്നു. സ്ത്രീകളെ വസ്തുക്കളെപ്പോലെ ഉപയോഗിക്കയും, കുട്ടികളെപ്പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് വിശുദ്ധയുടെ ജീവിതമാതൃക ഏറെ പ്രസക്തമാണ്.ശുദ്ധത എന്ന പുണ്യം ധാരാളമായി നമുക്കും ഇന്നുള്ള യുവത്വത്തിനും ഉണ്ടാകാൻ വിശുദ്ധയോടു പ്രാർത്ഥിക്കാം.

തങ്ങളുടെ നിസ്സഹായാവസ്ഥയിൽ കന്യാത്വം അല്ലെങ്കിൽ വിശുദ്ധി നഷ്ടപ്പെട്ടവർ …നിരാശരാകാതെ ദൈവത്തിൽ ആശ്രയിക്കാം . സകലത്തെയും പുതുതാക്കുന്ന, നവീകരിക്കുന്ന ദൈവസന്നിധിയിൽ കൃപ കണ്ടെത്താതിരിക്കാൻ മാത്രം വലിപ്പമുള്ള അശുദ്ധിയോ പാപമോ ഇല്ല. ആ സ്നേഹസന്നിധിയിൽ എല്ലാവർക്കും കയറിച്ചെല്ലാം, പാപം ചെയ്തിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം പശ്ചാത്തപിച്ച് പാപം വെടിയണമെന്നു മാത്രം.

എല്ലാവർക്കും വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുന്നാൾ ആശംസകൾ

✍️ Jilsa Joy

Advertisements
വി. മരിയ ഗൊരേത്തി
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s