വിശുദ്ധ ബെനഡിക്ട്: പ്രാർത്ഥിക്കുക, അധ്വാനിക്കുക

ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 24 മാർപാപ്പമാരും 4600 ബിഷപ്പുമാരും അയ്യായിരത്തോളം വിശുദ്ധന്മാരും ആവിർഭവിച്ച ബെനഡിക്റ്റൈൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ബെനഡിക്റ്റ് പ്രത്യക്ഷപെട്ടത്. 1964ൽ പോൾ ആറാമൻ അദ്ദേഹത്തെ യൂറോപ്പിന്റെ പ്രധാന മധ്യസ്ഥനായി പ്രഖ്യാപിച്ചു.

ക്രിസ്തുവർഷം 480 ന് അടുത്താണ് ഇറ്റലിയിലെ നർസിയായിൽ ഒരു കുലീനകുടുംബത്തിൽ വിശുദ്ധ ബെനഡിക്റ്റ് ജനിക്കുന്നത്. സഹോദരിയായ സ്ക്കോളാസ്റ്റിക്ക ചെറുപ്പം തൊട്ടേ ദൈവത്തിനായി അവളുടെ ജീവിതം അർപ്പിച്ചവളായിരുന്നു. രണ്ട് വിശുദ്ധാത്മാക്കളാണ് ആ കുടുംബത്തിൽ നിന്ന് ലോകത്തിന് മാതൃകയായത്.

മൂന്നുകൊല്ലം ഗുഹയിൽ പ്രാർത്ഥനയിലും ദൈവവചനധ്യാനത്തിലും ആശാനിഗ്രഹത്തിലുമുള്ള ഏകാന്തവാസത്തിലൂടെ ബെനഡിക്റ്റ് ദൈവം തന്നെ ഏല്പിച്ചിരിക്കുന്ന മഹാവേലക്കൊരുങ്ങി. സുബിയാക്കോയിൽ ആദ്യമായി 12 പേര് വീതം അടങ്ങിയ 12 ആശ്രമങ്ങൾ സ്ഥാപിച്ചു.

പാശ്ചാത്യസന്ന്യാസത്തിന്റെ പാത്രിയർക്കീസ് എന്നാണ് വിശുദ്ധ ബെനഡിക്റ്റിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കാലം വരെയും ആശ്രമജീവിതം എന്നാൽ സന്യാസശ്രേഷ്ഠന് ചുറ്റും സമ്മേളിക്കുന്ന സന്യാസാർത്ഥികളുടെ ഒരു സമൂഹം മാത്രമായിരുന്നു. വ്യക്തമായ നിയമവലിയോ സഭയുടെ മേൽനോട്ടമോ ഒന്നുമുണ്ടായില്ല. നവസന്ന്യാസിമാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായില്ല.ആശ്രമസംവിധാനങ്ങൾ പരിഷ്കരിക്കാൻ ബെനഡിക്റ്റ് തീരുമാനിച്ചു.

പ്രഥമലക്‌ഷ്യം ദൈവരാധനയായിരുന്നു. ദിവസം എഴുപ്രാവശ്യം അവരൊന്നു ചേർന്ന് ദൈവത്തെ സ്തുതിച്ചു. പ്രാർത്ഥന കഴിഞ്ഞാൽ അധ്വാനത്തിനായി കൂടുതൽ സമയം ചിലവഴിച്ചു. അധ്വാനിക്കുമ്പോഴും നിരന്തരം പ്രാർത്ഥിക്കുക എന്ന ചിന്തയിലേക്ക് ആശ്രമവാസികളെ നയിച്ച ബെനഡിക്റ്റ്, തുറവിയുള്ള സ്നേഹിതനായിരുന്നു. അവരുടെ ജീവിതവിശുദ്ധിയും ആരാധനാജീവിതവും അനേകരെ ആകർഷിച്ചു. ദൈവഹിതം നിറവേറ്റിയും ദൈവഹിതത്തിന് വിട്ടുകൊടുത്തും അവർ വിശുദ്ധമായ ജീവിതം നയിച്ചു. ബെനഡിക്റ്റൈൻ സഭയിൽ നിന്ന് അനേകം വിശുദ്ധരുണ്ടാകാൻ കാരണം ഇതാണ്.

529നോട്‌ അടുത്ത് ബെനഡിക്റ്റ് മോന്തേകസ്സീനൊയിലേക്ക് പോയി 40 ദിവസത്തെ ഉപവാസത്തോട് കൂടി തന്റെ മിനിസ്ട്രിക്ക് തുടക്കമിട്ടു.ബെനഡിക്റ്റിന്റെ കാഴ്ചപ്പാടുകൾ അന്നുണ്ടായവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആബട്ട് സന്യാസിമാരുടെ അധികാരി ആയിരുന്നാലും അദ്ദേഹം മറ്റുള്ളവരുമായി സുഹൃത്തിനെപ്പോലെ ആയിരിക്കണം, അദ്ദേഹം വിശുദ്ധനായിരിക്കണം, ശിഷ്യരെ വിശുദ്ധിയിലേക്ക് നയിക്കാൻ കെൽപ്പുള്ളവനായിരിക്കണം തുടങ്ങിയവ അദ്ദേഹത്തിന്റെ വീക്ഷണത്തിൽ പെട്ടതിൽ ചിലതാണ്.

റോമാക്കാർ ജോലിയെ അവജ്ഞയോടെ വീക്ഷിച്ചിരുന്നവരും എല്ലാ ജോലികളും അടിമകളെ ഏല്പിച്ചിരുന്നവരുമായിരുന്നു.’ പ്രാർത്ഥിക്കുക, അധ്വാനിക്കുക’ എന്നതായിരുന്നു പക്ഷെ വിശുദ്ധ ബെനഡിക്റ്റിന്റെ മുദ്രവാക്യം.

ആശ്രമനവീകരണത്തിന് ഏറ്റവും നല്ല മാർഗ്ഗം വ്യക്തമായ ഒരു നിയമാവലി എഴുതുകയാണെന്ന് അദ്ദേഹത്തിന് തോന്നി. മോന്തേ കസ്സിനോ സമൂഹത്തിനു വേണ്ടിയാണ് എഴുതിയതെങ്കിലും മുഴുവൻ പാശ്ചാത്യ സാമ്രാജ്യത്തിലെ ആശ്രമങ്ങൾക്കും നൂറ്റാണ്ടുകളോളം അതായിരുന്നു പ്രമാണം. “സമ്പൂർണ്ണതയിലും ലാളിത്യത്തിലും അനുരൂപപ്പെടലിലും തുല്യതയുള്ള, നിയമനിർമ്മാണകലയുടെ ഒരു ലിഖിതരൂപം” എന്നാണ് അതറിയപ്പെടുന്നത്.

“തന്റെ ഇഷ്ടങ്ങളെ ബലി കഴിച്ചുകൊണ്ട് ( സ്വാർത്ഥതയെ പരിത്യജിച്ചുകൊണ്ട് ),നമ്മുടെ യഥാർത്ഥ രാജാവായ ക്രിസ്തുനാഥന് വേണ്ടി യുദ്ധം ചെയ്യാനായി ശക്തവും ഉൽകൃഷ്ടവുമായ കവചമാകുന്ന അനുസരണത്തെ സ്വീകരിക്കാൻ” സന്നദ്ധരായ ആർക്കും വേണ്ടിയാണത്. ആരാധനാക്രമങ്ങളിലുള്ള പ്രാർത്ഥനക്കും പഠനത്തിനും വേലക്കും അതിൽ സമയമുണ്ട്.

‘പ്രാരംഭകർക്കുള്ള ചെറിയ ചട്ടം’ എന്നും ‘മാനസാന്തരത്തിന്റ ആരംഭം’ എന്നുമൊക്കെ വിനയത്തോടെ അദ്ദേഹം തന്റെ നിയമത്തെ വിശേഷിപ്പിച്ചു.

“സഹോദരന്മാർ ദൈവത്തെ ഭയപ്പെടുകയും ആബട്ടിനെ സ്നേഹിക്കുകയും വേണം. ഈ സ്നേഹം വിനയവും സത്യസന്ധതയുമുള്ളതായിരിക്കണം, ക്രിസ്തുവല്ലാതെ മറ്റൊന്നിനും അവർ പ്രാധാന്യം നൽകാതിരിക്കട്ടെ” …”സഹോദരന്മാർ മറ്റുള്ളവരുടേ ശാരീരിക ബലഹീനതയും വ്യക്തിപരമായ കുറവുകളും സഹിഷ്ണുതയോടെ ക്ഷമിക്കണം”… ” ഓരോ വ്യക്തിയും തനിക്ക് ഗുണമാകുന്നത് ചെയ്യുന്നതിനുപകരം മറ്റുള്ളവർക്ക് നന്മയായി ഭവിക്കുന്ന കാര്യങ്ങൾ ചെയ്യണം”.. ” രോഗികളെ ക്രിസ്തുവിനെ എന്നതുപോലെ ശുശ്രൂഷിക്കുക, രോഗീശുശ്രൂഷ മറ്റെല്ലാത്തിലും പ്രാധാന്യമർഹിക്കുന്നതാണ്” ഇതൊക്കെ അതിലെ ചില പരാമർശങ്ങളാണ്.

ബെനഡിക്റ്റൻ സന്യാസത്തിന്റെ അടിത്തറകളിലൊന്നാണ് അനുസരണം. അതിനായി ഒരു അധ്യായം തന്നെ ഉണ്ടായിരുന്നു. “ഒരു സന്യാസി നിയമങ്ങൾ അനുസരിക്കുന്നതിലൂടെ തന്റെ ജീവിതം ദൈവശുശ്രൂഷക്കായി മാറ്റുന്നു. അധികാരികളിലൂടെയാണ് അവർ ദൈവഹിതം മനസ്സിലാക്കേണ്ടത് ” ഈ നിയമങ്ങളെല്ലാം എന്നും പ്രസക്തിയുള്ളതാണ്.

തന്റെ അന്ത്യം മുൻപേ കൂട്ടി അറിഞ്ഞിരുന്ന വിശുദ്ധൻ ആറ് ദിവസം മുൻപേ തനിക്കുവേണ്ടി ശിഷ്യന്മാരെക്കൊണ്ട് കല്ലറ ഉണ്ടാക്കിച്ചു. ഒരു പനി ബാധിച്ചു മരണത്തോടടുത്ത അദ്ദേഹം വിശുദ്ധ കുർബ്ബാന സ്വീകരിച്ച് ഇരുകൈകളും സ്വർഗ്ഗത്തിലേക്കുയർത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ തന്റെ ആത്മാവിനെ സ്വർഗ്ഗീയ പിതാവിന് സമർപ്പിച്ചു.

മോന്തേ കസ്സീനൊയിൽ വിശുദ്ധ ബെനഡിക്റ്റിന്റെയും അദ്ദേഹത്തിന്റെ സഹോദരി വിശുദ്ധ സ്ക്കോളാസ്റ്റിക്കയുടെയും ശരീരം ഒരേ സ്ഥലത്താണുള്ളത്.

ബെനഡിക്റ്റൻ സഭ ലോകം മുഴുവൻ വ്യാപിച്ചു.യൂറോപ്പിനെ മുഴുവൻ ക്രിസ്തുമതത്തിന് നേടിക്കൊടുക്കുന്നതിൽ അത് വലിയ പങ്കാണ് വഹിച്ചത്. ഇരുണ്ട യുഗങ്ങളിൽ ബെനഡിക്റ്റൻ ആശ്രമങ്ങൾ സമാധാനത്തിന്റെ മരുപ്പച്ചയായി. അവരുടെ ചുവരുകൾക്കുള്ളിൽ കഴിഞ്ഞകാലത്തെ മഹത്തായ ലേഖനങ്ങൾ വരും തലമുറക്കായി പകർത്തിയെഴുതപ്പെട്ടു.

ജിൽസ ജോയ് ✍️

Advertisements
St. Benedict
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s