Saint James, Apostle – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

25 Jul 2022

Saint James, Apostle – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശുദ്ധ യാക്കോബിന്റെ രക്തത്താല്‍
അങ്ങേ അപ്പോസ്തലന്മാരുടെ
ആദ്യഫലങ്ങള്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ.
അദ്ദേഹത്തിന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ
അങ്ങേ സഭ ശക്തിപ്പെടാനും
അദ്ദേഹത്തിന്റെ മധ്യസ്ഥസഹായത്താല്‍
നിരന്തരം പരിപോഷിപ്പിക്കപ്പെടാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 4:7-15
യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു.

സഹോദരരേ, പരമമായ ശക്തി ദൈവത്തിന്റെതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്. ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്‍പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.
ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസചൈതന്യം തന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു. ഇതെല്ലാം നിങ്ങള്‍ക്കു വേണ്ടിയാണ്. അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്ധമാകുന്നതുവഴി ദൈവമഹത്വത്തിനു കൂടുതല്‍ കൃതജ്ഞത അര്‍പ്പിക്കപ്പെടുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 126:1bc-2ab,2cd-3,4-5,6

കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യുന്നു.

കര്‍ത്താവു പ്രവാസികളെ
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍
അത് ഒരു സ്വപ്‌നമായിത്തോന്നി.
അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.

കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യുന്നു.

കര്‍ത്താവ് അവരുടെയിടയില്‍
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന്
ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യുന്നു.

നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ
കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!

കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവര്‍
ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
വിത്തു ചുമന്നുകൊണ്ടു
വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍
കറ്റ ചുമന്നുകൊണ്ട്
ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.

കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 20:20-28
എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും.

സെബദീ പുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടു കൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു. അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. അവന്‍ അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി. എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ പീഡാസഹനത്തിന്റെ
രക്ഷാകരമായ ജ്ഞാനസ്‌നാനത്താല്‍ ഞങ്ങളെ ശുദ്ധീകരിക്കണമേ.
അങ്ങനെ, അപ്പോസ്തലന്മാരുടെ ഇടയില്‍നിന്ന്
ആദ്യമായി അവിടത്തെ പാനപാത്രത്തില്‍ പങ്കുചേരാന്‍
അങ്ങു തിരുവുള്ളമായ വിശുദ്ധ യാക്കോബിന്റെ തിരുനാളില്‍,
അങ്ങേക്കു പ്രീതികരമായ ബലി ഞങ്ങള്‍ അര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

അവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയും
ദൈവത്തിന്റെ സ്‌നേഹിതന്മാരായി തീരുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ യാക്കോബിന്റെ തിരുനാളില്‍
അങ്ങേ ദിവ്യദാനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച ഞങ്ങളെ,
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ അങ്ങു സഹായിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
St. James
Advertisements

Leave a comment