ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ ‘Peace of Soul’ എന്ന പുസ്തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനത്തിന്റെ തുടർച്ച…
3, നമുക്ക് രക്ഷ നേടണം, പക്ഷേ നമ്മുടേതായ വഴിയിലൂടെ മാത്രം, ദൈവത്തിന്റെയല്ല…
ദൈവത്തെ ആരാധിക്കാൻ എല്ലാവരെയും അവരുടെ വഴിക്ക് വിടണമെന്ന് പറയുന്നത് നമ്മൾ കേൾക്കാറുണ്ട്, ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ടെന്നും. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തെയും, ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന പ്രത്യേക പ്രകാശത്തിനനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ചിടത്തോളം, അത് ശരിയുമാണ്. എന്നാൽ, നമ്മൾ ദൈവത്തെ ആരാധിക്കുന്നത് അവന്റെ വഴിയിലൂടെയല്ല, നമുക്കിഷ്ടമുള്ള പോലെയാണ് എന്നാവുമ്പോൾ അത് വലിയ തെറ്റുമാകും.
ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ, ഓരോ വ്യക്തിക്കും അവർക്ക് തോന്നുന്ന രീതിയിൽ വാഹനമോടിക്കാൻ അവകാശമുണ്ടെന്നും ട്രാഫിക് നിയമങ്ങൾ നോക്കേണ്ട കാര്യമില്ലെന്നും വന്നാൽ ഗതാഗതം എത്ര കുഴഞ്ഞുമറിഞ്ഞ, പരിതാപകരമായ അവസ്ഥയിലായിരിക്കും? രോഗികൾ ഡോക്ടറോട് “എനിക്കിഷ്ടമുള്ള രീതിയിൽ മാത്രം എന്നെ ചികിൽസിച്ചാൽ മതി, ഡോക്ടറിന് തോന്നുന്ന പോലെ വേണ്ട” എന്നോ, പൗരന്മാർ ഗവണ്മെന്റിനോട് “ഞാൻ ടാക്സ് അടച്ചോളാം പക്ഷേ നിങ്ങൾ പറയുന്ന പോലെയല്ല, എനിക്കിഷ്ടമുള്ള പോലെ” എന്നോ പറയാൻ തുടങ്ങിയാൽ ദുരന്തമായിരിക്കും ഫലം.
അതുപോലെതന്നെ ‘എന്റെ സങ്കല്പത്തിലെ മതം’, ‘എന്റെ സങ്കല്പത്തിലെ ദൈവം’ എന്നൊക്കെയുള്ള തലക്കെട്ടിൽ ഇറങ്ങുന്ന ജനസമ്മതിയുള്ള ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും വലിയ അഹന്തയും കൃത്രിമത്വവുമാണ് അടങ്ങിയിരിക്കുന്നത്. വൈയക്തികമതം എന്നുപറയുന്നത് വ്യക്തിഗത ജ്യോതിശാസ്ത്രം, വ്യക്തിഗത ഗണിതം എന്നൊക്കെ പറയും പോലെ തെറ്റിദ്ധരിപ്പിക്കുന്നതും അബദ്ധജടിലവുമാണ്.
ആളുകൾ പറയാറുണ്ട്, ‘ ഞാൻ എനിക്കിഷ്ടമുള്ള പോലെ ദൈവത്തെ സേവിച്ചോളും ( ആരാധിച്ചോളും ) നീ നിനക്കിഷ്ടമുള്ള പോലെ ചെയ്തോളു ‘. ദൈവം ആഗ്രഹിക്കുന്ന പോലെ ചെയ്യുന്നതായിരിക്കില്ലേ കൂടുതൽ ഹിതകരം എന്നവരോട് ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ശരിക്കും പറഞ്ഞാൽ സ്ഥിരതയുള്ള, സാർവ്വത്രികമായ, നിർവ്യാജമായ മതവീക്ഷണമാണ് ആധുനിക മനുഷ്യനെ പേടിപ്പിക്കുന്നത്. കാരണം അവന്റെ മനസ്സാക്ഷി അസ്വസ്ഥമാണെങ്കിൽ, നരകത്തെ ഒഴിവാക്കുന്ന ഒരു മതമായിരിക്കും അവനാഗ്രഹം. ക്രിസ്തുവിന്റെ നിയമം അനുസരിക്കാതെ അവൻ വീണ്ടും വിവാഹിതനായിട്ടുണ്ടെങ്കിൽ വിവാഹമോചനത്തെ തള്ളിപ്പറയാത്ത ഒരു മതമായിരിക്കും അവൻ ആഗ്രഹിക്കുന്നത്.
അങ്ങനെയുള്ള വൈമനസ്യങ്ങളുടെ അർത്ഥം : ഈ വ്യക്തികൾക്ക് രക്ഷ നേടണം , പക്ഷേ ദൈവത്തിന്റെ വഴിയിൽകൂടെ അല്ലെന്ന് മാത്രം, അവരുടെ വഴിയിൽക്കൂടി. വ്യർത്ഥമായ അഭിലാഷങ്ങളുടെ തൂവലുകൾ പൊഴിച്ചുകളയാൻ തയ്യാറാവാത്തതുകൊണ്ട്, “എല്ലാ വിധ സൗന്ദര്യത്തെയും വേദനയാക്കുന്ന സ്നേഹം” അവർക്ക് നഷ്ടപ്പെടുത്തുന്നത് പറക്കുന്ന സന്തോഷം തന്നെയാണ്.
Translated by : ജിൽസ ജോയ്
